വളഞ്ഞ് അണികൾ, 'പുതുപ്പള്ളി വിടില്ല', പ്രവർത്തർക്ക് ഉറപ്പ് നൽകി ഉമ്മൻചാണ്ടി

നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉമ്മൻചാണ്ടി മറുപടി പറയുന്നില്ല. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല. പുതുപ്പള്ളി വിടില്ലെന്ന് മാത്രം ചിരിച്ചുകൊണ്ട് ഉമ്മൻചാണ്ടിയുടെ മറുപടി. 

kerala assembly election 2021 will not leave puthuppally says oommen chandy

കോട്ടയം: അണികൾ വളഞ്ഞുവച്ച് പ്രതിഷേധിച്ചതോടെ, പുതുപ്പള്ളി വിടില്ലെന്ന് പ്രവർത്തകർക്ക് ഉറപ്പുനൽകി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. എന്നാൽ, നേമത്ത് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഉമ്മൻചാണ്ടി മറുപടി പറയുന്നില്ല. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല. പുതുപ്പള്ളി വിടില്ലെന്ന് മാത്രം ചിരിച്ചുകൊണ്ട് ഉമ്മൻചാണ്ടിയുടെ മറുപടി.  

നേമത്ത് പല പേരുകളും വരുന്നുണ്ടെന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. എന്നാൽ നിലവിലെ പട്ടികയിൽ തന്‍റെ പേര് പുതുപ്പള്ളിയിലാണ്. നേമത്ത് ആര് മത്സരിക്കണമെന്ന കാര്യത്തിൽ ദേശീയ, സംസ്ഥാനനേതൃത്വങ്ങൾ ഇടപെടില്ല. തന്‍റെ പേര് ആരും നേമത്ത് നിർദേശിച്ചിട്ടില്ല. പുതുപ്പള്ളിയിൽ തന്‍റെ പേര് നിലവിലെ പട്ടികയിൽ അംഗീകരിച്ചുകഴിഞ്ഞെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കുന്നു. 

ദില്ലിയിൽ നിന്ന് ഇന്ന് രാവിലെയാണ് ഉമ്മൻചാണ്ടി കൊച്ചിയിലെത്തിയത്. അവിടെ നിന്ന് പുതുപ്പള്ളിയിലെത്തിയ ഉമ്മൻചാണ്ടി, ആദ്യം പോയത് പള്ളിയിലേക്കാണ്. സാധാരണ ഞായറാഴ്ചകളിലാണ് ഉമ്മൻചാണ്ടി മണ്ഡലത്തിൽ വരാറ്. ഇത്തവണ തിരുവനന്തപുരത്തേക്ക് പോകാതെ, ശനിയാഴ്ച തന്നെ അദ്ദേഹം മണ്ഡലത്തിലെത്തി. പള്ളിയിൽ നിന്ന് തിരികെ വീട്ടിലേക്ക് എത്തിയ ഉമ്മൻചാണ്ടിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്. 

ഇതിന് പിന്നാലെ ഉമ്മൻചാണ്ടിയെ ഒരു കാരണവശാലും നേമത്തേക്കോ മറ്റൊരു മണ്ഡലത്തിലേക്കോ വിട്ടുകൊടുക്കില്ലെന്ന് വ്യക്തമാക്കി പ്രവർത്തകർ പുതുപ്പള്ളിയിലെ വീട്ടിന് മുന്നിൽ പ്രതിഷേധം തുടങ്ങി. സ്ത്രീകൾ ഉൾപ്പടെയുള്ള പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. ''‍ഞങ്ങടെ കുഞ്ഞൂഞ്ഞാ, ഞങ്ങടെ ഓമനനേതാവ്, വിട്ടുതരില്ലാ വിട്ടുതരില്ലാ'', എന്നിങ്ങനെ മുദ്രാവാക്യവും, ഉമ്മൻചാണ്ടിയുടെ വലിയ ഫ്ലക്സുമായി പ്രതിഷേധം തുടരുമ്പോൾ പ്രവർത്തകരിൽ ഒരാൾ ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ കയറി പ്രതിഷേധിച്ചു. ഇതിനിടെ മുതിർന്ന നേതാക്കളായ കെ സി ജോസഫ് അടക്കമുള്ളവർ ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി.

ഇതിനിടെ യൂത്ത് കോൺഗ്രസ് നേതാവായ സ്റ്റീഫൻ എന്നയാൾ ഉമ്മൻചാണ്ടിയുടെ വീടിന് മുകളിൽ കയറി പതാക വീശി പ്രതിഷേധിച്ചു. പല തവണ താഴേയ്ക്ക് ഇറങ്ങി വരാൻ ഉമ്മൻചാണ്ടി സ്റ്റീഫനോട് പറഞ്ഞെങ്കിലും പുതുപ്പള്ളി വിടില്ലെന്ന് ഉമ്മൻചാണ്ടി പറയാതെ ഇറങ്ങിവരില്ലെന്ന് സ്റ്റീഫൻ നിർബന്ധം പിടിച്ചു. 

വീട്ടിൽ നിന്ന് ഉമ്മൻചാണ്ടി പുറത്തേക്ക് പോകാനൊരുങ്ങിയപ്പോൾ വലിയ പ്രതിഷേധവും നാടകീയസംഭവങ്ങളുമാണ് അരങ്ങേറിയത്. പ്രവർത്തകർ ഉമ്മൻചാണ്ടിയുടെ കാർ ത‍ടഞ്ഞു. അരമണിക്കൂറോളം കാർ തടഞ്ഞ് ചുറ്റും നിന്ന് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ, ഉമ്മൻചാണ്ടി പതുക്കെ പുറത്തേയ്ക്ക് ഇറങ്ങി. തിരികെ വീട്ടിലേക്ക് കയറി. 

മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് ഇതിനിടെ ഉമ്മൻചാണ്ടിയുടെ വീട്ടിലെത്തി. അദ്ദേഹവുമായി സംസാരിച്ചു. ലതികയ്ക്ക് ഇത്തവണ സീറ്റില്ലെന്നാണ് സൂചന. ഇതിനിടെ, ഉമ്മൻചാണ്ടിയെ പുതുപ്പള്ളിയിൽ നിന്ന് മാറ്റുന്നത് മധ്യതിരുവിതാംകൂറിലെ കോൺഗ്രസിന്‍റെ ജയസാധ്യതകൾ കുറയ്ക്കുമെന്ന് കാട്ടി എഐസിസിക്ക് വിഷയം ധരിപ്പിച്ച് ഡിസിസി കത്ത് നൽകി. 

ഇതിന് ശേഷമാണ് ഉമ്മൻചാണ്ടി, താൻ ഒരു കാരണവശാലും മണ്ഡലം വിടില്ലെന്ന് വ്യക്തമാക്കി പ്രവർത്തകരെ കണ്ടത്. അതോടെ പ്രതിഷേധങ്ങൾക്ക് അൽപം ശമനം. 

Latest Videos
Follow Us:
Download App:
  • android
  • ios