'ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു, സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല തരംഗം', രാഷ്ട്രീയം പറഞ്ഞ് ജഗദീഷ്
പിണറായി വിജയനൊത്ത എതിരാളി യുഡിഎഫിൽ ആരാണ് എന്ന ചോദ്യത്തിന് ഒരാളെന്നല്ല, ഒരുപാട് നേതാക്കളുണ്ടല്ലോ കോൺഗ്രസിൽ എന്ന് ജഗദീഷ്. അനൂപ് ബാലചന്ദ്രൻ നടത്തിയ തെരഞ്ഞെടുപ്പ് അഭിമുഖത്തിലേക്ക്...
തിരുവനന്തപുരം: സഥാനാർത്ഥിയല്ലെങ്കിലും ഇത്തവണയും യുഡിഎഫിന്റെ താര പ്രചാരകനാണ് നടൻ ജഗദീഷ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ തെരഞ്ഞെടുപ്പ് യുഡിഎഫിന് അനുകൂലമെന്ന വിലയിരുത്തലിലാണ് അദ്ദേഹം. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. യുഡിഎഫിന് അനുകൂല തരംഗമെന്നും ജഗദീഷ് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധിയുമായി നടത്തിയ അഭുമുഖത്തിൽ പറഞ്ഞു.
2016 ൽ നടന്ന തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായിരുന്ന ജഗദീഷ്. ഈ ഘട്ടത്തിലെവിടെയും പ്രചരണത്തിനായി പണപ്പിരിവ് നടത്തിയിട്ടില്ല.താൻ ചെലവഴിച്ചത് സ്വന്തം പണമാണെന്നും ജഗദീഷ് പറഞ്ഞു. എന്നാൽ മറ്റ് താരങ്ങൾക്ക് സ്പോൺസർമാർ ഉണ്ടായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിണറായി വിജയനുമായി വ്യക്തിപരമായി നല്ല സൗഹൃമുണ്ട് എന്നാൽ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ എതിർപ്പുണ്ട്. തന്റെ എല്ലാ പ്രവർത്തിയെയും ന്യായീകരിക്കാൻ കഴിവുള്ളയാളാണ് പിണറായിയെന്നും ജഗദീഷ് നിരീക്ഷിച്ചു. പിണറായി വിജയനൊത്ത എതിരാളി യുഡിഎഫിൽ ആരാണ് എന്ന ചോദ്യത്തിന് ഒരാളെന്നല്ല, ഒരുപാട് നേതാക്കളുണ്ടല്ലോ കോൺഗ്രസിൽ എന്ന് ജഗദീഷ് മറുപടി നൽകി. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവെന്ന നിലയിൽ മികച്ച പ്രകടനമാണ കാഴ്ച വച്ചത്. മുല്ലപ്പള്ളി മികച്ച നേതാവാണെന്നും ജഗദീഷ് പറഞ്ഞു.
2021 ലും തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ താത്പര്യമുണ്ടോ എന്ന് യുഡിഎഫ് ചോദിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ കുടുംബ പരമായ കാര്യങ്ങളാൽ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. നേമം, കൊല്ലം, കോന്നി, തൃപ്പൂണിത്തറ, ബാലുശ്ശേരി മണ്ഡലങ്ങളിൽ ശക്തമായ മത്സരം നടക്കുമെന്നും ജഗദീഷ് വിലയിരുത്തി.
കൊല്ലത്ത് ബിന്ദു കൃഷ്ണ ജയിക്കണം. കഷ്ടപ്പാടനുഭവിച്ച് രാഷ്ട്രീയത്തിലേക്ക് വരുന്ന വനിതകൾ ജയിക്കണം. മുകേഷ് പരാജയപ്പെട്ടാലും അദ്ദേഹത്തിന് സിനിമ ഉണ്ട്. തോറ്റാലും മുകേഷ് ഹാപ്പി ആകും. മോഹൻലാലുമായി പിണക്കമില്ലെന്നും ഇപ്പോഴും നല്ല സൌഹൃദത്തിലാണെന്നും ജഗദീഷ് പറഞ്ഞു.
2016 ലെ തെരഞ്ഞെടുപ്പിൽ പത്തനാപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥിയായ ഗണേഷ് കുമാറിന് വേണ്ടി മോഹൻലാൽ പ്രചരണത്തിന് ഇറങ്ങിയിരുന്നു. അന്ന് തനിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാത്തതിനെതിരെ ജഗദീഷ് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ തങ്ങൾ തമ്മിൽ പിണക്കമില്ലെന്ന് മാത്രമല്ല, മത്സരത്തിന് മോഹൻലാൽ പണം തന്നിരുന്നുവെന്നും ജഗദീഷ് പറഞ്ഞു.