ഇരട്ടവോട്ട് തടയാന്‍ കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി; ചെന്നിത്തലയുടെ ഹർജി ഹൈക്കോടതി തീർപ്പാക്കി
ഇരട്ട വോട്ട് ഉള്ളവർ ബൂത്തിൽ എത്തിയാൽ സത്യവാങ്മൂലം എഴുതി വാങ്ങണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സുഗമമായി വോട്ടെടുപ്പ് നടത്താൻ ആവശ്യമെങ്കിൽ കേന്ദ്രസേനയെ നിയോഗിക്കുമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
കൊച്ചി: ഇരട്ടവോട്ടുകൾ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ഇരട്ടവോട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഇരട്ടവോട്ട് ഉള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണം എന്ന് കോടതി നിര്‍ദ്ദേശിച്ചു.
ഇരട്ട വോട്ട് ഉള്ളവർ ബൂത്തിൽ എത്തിയാൽ സത്യവാങ്മൂലം എഴുതി വാങ്ങണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സുഗമമായി വോട്ടെടുപ്പ് നടത്താൻ ആവശ്യമെങ്കിൽ കേന്ദ്രസേനയെ നിയോഗിക്കുമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഇരട്ട വോട്ടുള്ളവരുടെ ഫോട്ടോ എടുക്കണമെന്നും കൈയ്യിലെ മഷി മായ്ക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
തപാൽ വോട്ടുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാനും ഹൈക്കോടതി ഇടപെട്ടു. പോസ്റ്റൽ വോട്ടുകൾ വിവിപാറ്റ് മെഷീനുകൾക്കൊപ്പം സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കണം എന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സ്ഥാനാർത്ഥികളുടെയോ ഏജന്റ്മാരുടെയോ സാന്നിധ്യത്തിൽ ആയിരിക്കണം പോസ്റ്റൽ ബാലറ്റ് ബോക്സുകൾ സീൽ ചെയ്യേണ്ടത്. ഈ നടപടികൾ പൂർണമായും വീഡിയോയിൽ ചിത്രീകരിക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.
സംസ്ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിലധികം ഇരട്ടവോട്ട് ഉണ്ടെന്നും കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ പ്രോസിക്യൂഷൻ നടപടിയ്ക്ക് നിർദ്ദേശം നൽകണമെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ഹർജിയിലെ ആവശ്യം. കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. വോട്ടർ പട്ടിക അബദ്ധ പഞ്ചാംഗം ആണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. പരാതിയിൽ ഉറച്ചു നിൽക്കുന്നു. സത്യവാങ്മൂലം നൽകണം എന്നത് ശരിയല്ല. കള്ളവോട്ട് ചെയ്യാൻ പോകുന്നവർ സത്യവാങ്മൂലം നൽകില്ല. ഒരു വോട്ട് മാത്രമേ ഉള്ളൂ എന്ന് ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞത് നന്നായി എന്നും ചെന്നിത്തല പ്രതികരിച്ചു.