ഇക്കുറി ഇടുക്കി പിടിക്കാൻ ഫ്രാൻസിസ് ജോർജ്ജ്; യുഡിഎഫ് കോട്ട തുണയ്ക്കുമെന്ന് പ്രതീക്ഷ
കഴിഞ്ഞ തവണ ഇടുക്കിയിൽ തോറ്റ ഫ്രാൻസിസ് ജോർജ് ഇത്തവണ മണ്ഡലം പിടിക്കാൻ ഉറച്ചാണ്. എൽഡിഎഫിന്റെ ഭാഗമായ ജനാധിപത്യ കേരള കോൺഗ്രസ് ടിക്കറ്റിലായിരുന്നു കഴിഞ്ഞ തവണ മത്സരമെങ്കിൽ ഇത്തവണ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വേണ്ടിയാണിറങ്ങുക.
ഇടുക്കി: യുഡിഎഫിൽ അന്തിമ സീറ്റ് ധാരണയാകും മുമ്പെ ഇടുക്കിയിൽ സജീവമായി ഫ്രാൻസിസ് ജോർജ്. മണ്ഡലത്തിലെ പ്രമുഖരെ കണ്ടു തുടങ്ങി. കോണ്ഗ്രസുമായി മൂവാറ്റുപുഴ അടക്കമുള്ള സീറ്റുകളുടെ വച്ചുമാറ്റം സാധ്യമാകില്ലെന്ന് വ്യക്തമായതു കൊണ്ടു കൂടിയാണ് ഫ്രാൻസിസ് ജോർജ് വീണ്ടും ഇടുക്കിയിൽ സജീവമായതെന്നാണ് സൂചന.
കഴിഞ്ഞ തവണ ഇടുക്കിയിൽ തോറ്റ ഫ്രാൻസിസ് ജോർജ് ഇത്തവണ മണ്ഡലം പിടിക്കാൻ ഉറച്ചാണ്. എൽഡിഎഫിന്റെ ഭാഗമായ ജനാധിപത്യ കേരള കോൺഗ്രസ് ടിക്കറ്റിലായിരുന്നു കഴിഞ്ഞ തവണ മത്സരമെങ്കിൽ ഇത്തവണ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് വേണ്ടിയാണിറങ്ങുക. ഫ്രാൻസിസ് ജോർജിനായി കേരള കോൺഗ്രസ് മൂവാറ്റുപുഴ സീറ്റിന് ശ്രമിച്ചിരുന്നു. ഇടുക്കി,ചങ്ങനാശ്ശേരി സീറ്റുകളുമായുള്ള വച്ചുമാറ്റ ചർച്ച പക്ഷെ ഫലവത്തായില്ല. ഇതോടെയാണ് ഫ്രാൻസിസ് ജോർജ് വീണ്ടും ഹൈറേഞ്ചിലേക്ക് കയറുന്നത്.
ഇടുക്കിയിൽ നിന്ന് രണ്ട് തവണ ലോക്സഭയിലെത്തിയ ആളാണ് ഫ്രാൻസിസ് ജോർജ്. യുഡിഎഫ് കോട്ടയായ ഇടുക്കി മണ്ഡലത്തിൽ നിന്ന് ഇത്തവണ നിയമസഭയിലുമെത്താമെന്ന് കണക്കുകൂട്ടുന്നു. റോഷി അഗസ്റ്റിനുമായി കഴിഞ്ഞ തവണത്തെ മത്സരത്തിന്റെ തനിയാവർത്തനം കൂടിയാകും ഫ്രാൻസിസ് ജോർജിന് ഇത്തവണത്തേത്.