സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിൽ പ്രതിഷേധം തുടരുന്നു; കെ ബാബുവിന് വേണ്ടി തൃപ്പൂണിത്തുറയിൽ കൂട്ടരാജി
രണ്ട് ഡിസിസി സെക്രട്ടറിമാരും നിയോജകം മണ്ഡലം യുഡിഎഫ് ചെയർമാനും ആറ് മണ്ഡലം പ്രസിഡൻ്റുമാരും 120 ബൂത്ത് പ്രസിഡന്റുമാരും രാജിനൽകി. രാജിക്കത്ത് ഡിസിസിക്കും കെപിസിസിക്കും അയക്കുമെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞു.
കൊച്ചി: തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസിൽ കൂട്ടരാജി. രണ്ട് ഡിസിസി സെക്രട്ടറിമാരും നിയോജകം മണ്ഡലം യുഡിഎഫ് ചെയർമാനും ആറ് മണ്ഡലം പ്രസിഡൻ്റുമാരും 120 ബൂത്ത് പ്രസിഡന്റുമാരും രാജിനൽകി. രാജിക്കത്ത് ഡിസിസിക്കും കെപിസിസിക്കും അയക്കുമെന്ന് പ്രാദേശിക നേതാക്കൾ പറഞ്ഞു.
സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി പാലക്കാട് ഒറ്റപ്പാലത്തും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഡോ സരിനു വേണ്ടിയാണ് പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഡിസിസി പ്രസിഡന്റിന്റെ പേയ്മെന്റ് സീറ്റാണ് ഒറ്റപ്പാലമെന്ന് പ്രവർത്തകർ ആരോപിച്ചു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ കൊല്ലം ഡിസിസിയിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയെ കൊല്ലം സീറ്റിൽ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ഡിസിസി ഭാരവാഹികൾ കൂട്ടത്തോടെ രാജിവച്ചു. ഇതിനിടെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നിൽ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞ് രംഗം കൂടുതൽ നാടകീയമാക്കി. കൊല്ലം ഡിസിസി ഓഫീസിലാണ് ഇന്ന് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കൊല്ലത്തെ സ്ഥാനാര്‍ത്ഥിയായി ബിന്ദു കൃഷ്ണയെയാണ് പിന്തുണയ്ക്കുന്നതെന്ന് ഭൂരിഭാഗം ബ്ലോക്ക് മണ്ഡലം പ്രസിഡൻ്റുമാരും യോഗത്തിൽ പറഞ്ഞു. ബിന്ദുവിന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡൻറുമാരും മുഴുവൻ മണ്ഡലം പ്രസിഡൻറുമാരും ഇന്ന് രാജിവച്ചിരിക്കുകയാണ്.