മതിലുകളിലെ നാരായണിയില്‍നിന്നും  കപ്പേളയിലെ ജെസിയിലേക്കുള്ള ദൂരം

മതിലുകള്‍, ലഞ്ച്‌ബോക്‌സ്,കപ്പേള, ജാപ്പനീസ് വൈഫ്.  പരസ്പരം കാണാതെ പ്രണയിക്കുന്നവരുടെ കഥ പറയുന്ന നാലു സിനിമകളുടെ വിശകലനം.  വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ 'മതിലുകളി'ലെ നാരായണിയെ പിന്‍തുടര്‍ന്ന് നടത്തുന്ന അന്വേഷണം. മായ ജ്യോതിസ് എഴുതുന്നു. കവര്‍ ഫോട്ടോ: ജ്യോതിസ്

watching mathilukal japanese wife lunch box and kappela by maya jyothis

അവര്‍ ഒരുമിച്ചുള്ള ഒരു സീന്‍ പോലും ചിത്രത്തിലില്ല. സ്വപ്നം കാണുന്നതായി പോലും അങ്ങനെയൊരു രംഗമില്ല. കണ്ണിലേക്ക് നോക്കിയിരിക്കാന്‍ ഭാവനയുടെ ഇത്തിരിയിടം പോലും അവര്‍ക്കുണ്ടായില്ല. എന്നിട്ടും, തീവ്രപ്രണയം ആ സിനിമയിലെ ചാരുതയാര്‍ന്ന എല്ലാകാഴ്ചകള്‍ക്കുമപ്പുറം പ്രേക്ഷക ഹൃദയത്തില്‍ ഇടം തേടുന്നു. മറ്റൊരു ബഷീറും നാരായണിയുമായി, വിധിയെന്നോ മരണമെന്നോ വിളിക്കാവുന്ന അദൃശ്യമതിലിനു ചുറ്റും കഴിഞ്ഞുപോവുന്നു. 

 

 

മതിലുകളിലെ നാരായണിയെ ഈയിടെ വീണ്ടും ഓര്‍ത്തു. ബഷീറിന്റെ ഓര്‍മ്മദിനമായിരുന്നു അത്. അന്ന് -'നാരായണിയെ തേടി' എന്ന ഡോക്യുമെന്ററി കണ്ടു. ഒപ്പം, മതിലുകളിലെ ചില ദൃശ്യങ്ങളും. വീണ്ടുമതിനെ കുറിച്ചു വായിച്ചു. 

ചലച്ചിത്രമാക്കിയപ്പോള്‍ കെ. പി എ സി  ലളിതയെപ്പോലെ പരിചിതയല്ലാത്ത ഒരു സ്ത്രീശബ്ദമായിരുന്നു നാരായണിക്ക് നല്‍കിയിരുന്നതെങ്കില്‍ എന്ന ആലോചന പണ്ടേ ഉണ്ട്. അതിനിടയ്ക്കാണ്, ഞാനത് മലയാളി പ്രേക്ഷകര്‍ക്ക് വേണ്ടി മാത്രം ചെയ്ത സിനിമയല്ല എന്ന അടൂരിന്റെ മറുപടി കണ്ടത്. ലോകമാകെ ആസ്വാദകരുള്ള അടൂരിന്റെ, വിദേശ പ്രേക്ഷകര്‍ കെ. പി എസി ലളിതയുടെ ശബ്ദമറിയാതെ തന്നെ അത് കണ്ടുകാണണം. എങ്കിലും, കെ. പി എസി ലളിതയുടെ ശബ്ദം ഓര്‍മ്മയില്‍ പതിഞ്ഞുപോയ ഞാനടക്കമുള്ള മലയാളി പ്രേക്ഷകരുടെ കാഴ്ചാനുഭവം അങ്ങനെതന്നെ ബാക്കിയാവുമല്ലോ എന്നും ഓര്‍ത്തു. ലളിതയുടെ പരിചിത സ്വരമായിരുന്നില്ല അതെങ്കില്‍, ആസ്വാദകഭാവനയില്‍ അനേകായിരം രൂപങ്ങള്‍ നാരായണിക്കായ് ഉയിരെടുത്തേനെ!

സിനിമയുടെ ഒടുക്കം ഉയര്‍ന്നുതാഴുന്ന ആ ഉണക്കക്കമ്പിനെ ഓര്‍ക്കെ, ചിന്തകള്‍ അവളിലേക്ക്, ബഷീര്‍ ഒരിക്കലും കാണാത്ത 22 വയസ്സെന്ന മനോഹര പ്രായമുള്ള ആ നാരായണിയിലേക്ക് ഊര്‍ന്നിറങ്ങി. സ്വാതന്ത്ര്യത്തെ ശപിച്ചിറങ്ങിപ്പോയ ബഷീറിന്റെ ഓര്‍മ്മകളുമായി എത്ര വര്‍ഷമാവും നാരായണി പിന്നെയും ജയിലില്‍ കഴിഞ്ഞിട്ടുണ്ടാവുക?  ബഷീര്‍ സമ്മാനിച്ച പനിനീര്‍ച്ചെടിയില്‍ വിടര്‍ന്ന ഓരോ പൂവും പിന്നീടുള്ള നാളുകളില്‍ അവളുടെ മനം കുളിര്‍പ്പിച്ചിട്ടുണ്ടാകുമോ? അതോ മുള്ളുകള്‍ പോലെ ആഴ്ന്നിറങ്ങി അവളുടെ ഓര്‍മ്മകളില്‍ നിന്നും രക്തംകിനിഞ്ഞിട്ടുണ്ടാകുമോ? ശിക്ഷ കഴിഞ്ഞ് അവളും ബഷീറിനെ തേടി അലഞ്ഞുകാണുമോ? അതോ ഒരിക്കലും പരസ്പരം കാണില്ല എന്നുറപ്പിച്ച് ഹൃദയത്തില്‍ സൂക്ഷിച്ചുകാണുമോ? ദു:ഖം അടക്കാന്‍ ബഷീറിന്റെ കൈയില്‍ വാക്കുകളുണ്ട്, കഥകളുണ്ട്, സിനിമയുടെ പോലും സാദ്ധ്യതയുണ്ട്. പാവം നാരായണിക്കോ? 

 

 

ജാപ്പനീസ് വൈഫിന്റെ ജയില്‍ 

ആ ചിന്തയിലേക്കാണ് 2010 -ല്‍ അപര്‍ണ സെന്‍ സംവിധാനംചെയ്ത 'ജാപ്പനീസ് വൈഫ്' എന്ന ചിത്രത്തിലെ മിയാഗിയെത്തിത്. ഒരര്‍ഥത്തില്‍ മറ്റൊരു നാരായണിയാണ് മിയാഗിയും. ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത ഭര്‍ത്താവിന്റെ വീട്ടില്‍ അദ്ദേഹത്തിന്റെ വിധവയായി കഴിയുന്ന മിയാഗി. 

ജപ്പാനില്‍ ജീവിക്കുന്ന 19 വയസുകാരി മിയാഗിയും ബംഗാളി യുവാവായ സ്‌നെഹമോയും കത്തുകളിലൂടെയാണ് പരിചയപ്പെട്ടത്. അവരവരുടെ ലോകങ്ങള്‍ പങ്കുവെച്ചതും പ്രണയിച്ചതും വിവാഹം കഴിച്ചതും എല്ലാം കത്തുകളിലൂടെ തന്നെ. ബഷീറിനും നാരായണിക്കുമിടയില്‍ വേലിയായത് ജയിലും മതിലും പാരതന്ത്ര്യവുമായിരുന്നു. മിയാഗിയ്ക്ക് അത് വിധിയുടെ, മരണത്തിന്റെ അദൃശ്യസാന്നിധ്യമായിരുന്നു. ബഷീറിന്റെ കാത്തിരിപ്പിനെ നെടുകെ പിളര്‍ന്നുകൊണ്ട് നാരായണി  എറിയുന്ന ഉണക്കകമ്പുകള്‍ പോലെ ഇവിടെ കത്തുകള്‍ അവരുടെ കാത്തിരിപ്പുകള്‍ക്ക് തുടക്കവും ഒടുക്കവും തീര്‍ത്തു. കത്തുകളിലൂടെ, സമ്മാനങ്ങളിലൂടെ, ചിത്രങ്ങളിലൂടെ പകരുകയും പകുത്തെടുക്കുകയും ചെയ്ത ദാമ്പത്യത്തിന്റെ പതിനേഴ് വര്‍ഷങ്ങള്‍. ഒടുവില്‍, മിയാഗിക്ക് അയാളു െട വിധവയായി കഴിയേണ്ടി വന്നു. അതും പിന്നീടുള്ള കാലമത്രയും. 

മിയാഗി എങ്ങനെയാവും ആ ജീവിതം ജീവിച്ചിട്ടുണ്ടാവുക?  ഒരിക്കലെങ്കിലും ഒന്ന് കാണാനായേക്കുമെന്ന പ്രതീക്ഷ പോലുമില്ലാതെ, ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരാളുമായി കഴിഞ്ഞുപോയൊരു ബന്ധത്തിന്റെ അടയാളമായി ഒരു സാധാരണ ബംഗാളി വിധവയുടെ വെള്ള സാരിയില്‍ ഉടല്‍ പൊതിഞ്ഞ് ജീവിതാവസാനംവരെ എങ്ങനെയാവും മിയാഗി കഴിഞ്ഞിട്ടുണ്ടാവുക? ഭാവനയിലൂടെ മാത്രം കണ്ടിട്ടുള്ള മനോഹരമായ ആ ഗ്രാമത്തെ, അയാള്‍ക്ക് പ്രിയപ്പെട്ട മത്‌ല നദിയെ, കാറ്റിനെ എല്ലാം അവള്‍ സ്‌നേഹമൊയുടെ സ്പര്‍ശവും സാമീപ്യവുമായി ആനന്ദിച്ചിട്ടുണ്ടാകുമോ? അതോ അക്ഷരങ്ങളിലൂടെ മാത്രം അനുഭവിച്ച ലോകം അയാളുടെ അഭാവത്തില്‍ അവള്‍ക്ക് അസഹനീയമായി തോന്നിയിട്ടുണ്ടാകുമോ? 

അവര്‍ ഒരുമിച്ചുള്ള ഒരു സീന്‍ പോലും ചിത്രത്തിലില്ല. സ്വപ്നം കാണുന്നതായി പോലും അങ്ങനെയൊരു രംഗമില്ല. കണ്ണിലേക്ക് നോക്കിയിരിക്കാന്‍ ഭാവനയുടെ ഇത്തിരിയിടം പോലും അവര്‍ക്കുണ്ടായില്ല. എന്നിട്ടും, തീവ്രപ്രണയം ആ സിനിമയിലെ ചാരുതയാര്‍ന്ന എല്ലാകാഴ്ചകള്‍ക്കുമപ്പുറം പ്രേക്ഷക ഹൃദയത്തില്‍ ഇടം തേടുന്നു. മറ്റൊരു ബഷീറും നാരായണിയുമായി അവര്‍ അതിര്‍ത്തികള്‍ തീര്‍ത്ത മതിലിനു ചുറ്റും കഴിഞ്ഞുപോവുന്നു. 

 

 

ലഞ്ച് ബോക്‌സ് എന്ന മതില്‍ 

2013-ല്‍ റിതേഷ് ബത്ര ഒരുക്കിയ ലഞ്ച് ബോക്‌സ് എന്ന ചിത്രത്തിലുമുണ്ട് ഒരു നാരായണിയും ബഷീറും. ഉണക്കകമ്പിനുപകരം അവരുടെ സന്ദേശങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നത് ലഞ്ച് ബോക്‌സിലൂടെയാണ്. അകലങ്ങളാണ് അവരുടെ മുന്നിലുള്ള മതില്‍. 

ഭര്‍ത്താവിന് തന്നോടുള്ള ഇഷ്ടക്കുറവ് മാറ്റുന്നതിനായി ഇള കണ്ടെത്തിയ മാര്‍ഗമാണ് രുചികരമായ വിഭവങ്ങള്‍ തയ്യാറാക്കി ലഞ്ച് ബോക്‌സ് നിറച്ചയക്കുക എന്നത്. മുംബൈയില്‍ ടിഫിന്‍വാലകള്‍ അതിസാധാരണമായ യാഥാര്‍ത്ഥ്യമാണ്. അണുവിട തെറ്റാതെ, കൃത്യം ലക്ഷ്യത്തിലെത്തിച്ചേരുന്ന അനേകം ടിഫിന്‍കാരിയറുകളാണ് മുംബൈയിലെ ഒരുപാട് ജീവിതങ്ങളെ നിലനിര്‍ത്തുന്നത്. എന്നിട്ടും ഇള അയക്കുന്ന ലഞ്ച് ബോക്‌സ് ലക്ഷ്യം തെറ്റി മധ്യവയസ്‌കനും വിഭാര്യനുമായ സാജന്റെ അടുത്തേക്ക് എത്തുന്നു. വിരസമായ ഹോട്ടല്‍ ഭക്ഷണത്തില്‍ മനംമടുത്തിരുന്ന സാജന് ഈ പുതുരുചി സ്വപ്‌നംപോലെ വിശേഷപ്പെട്ടതാവുന്നു. രണ്ടിടങ്ങളില്‍ രണ്ടവസ്ഥകളിലുള്ള മനുഷ്യര്‍ ഒരു ലഞ്ച് ബോക്‌സിലൂടെ പരസ്പരമറിയുന്ന മായാജാലം. ജീവിതം പലപ്പോഴും  ഇത്തരം അപ്രതീക്ഷിതമായ തിരിവുകളിലൂടെയാണ് നമ്മെ കൊണ്ടുപോവുക. 

ഇതിനിടയില്‍, താനയക്കുന്ന ലഞ്ച് ബോക്‌സ് മറ്റാര്‍ക്കോ എത്തുന്നതായി മനസിലാക്കുന്നുണ്ട് ഇള.  ഭര്‍ത്താവിന്റെ പെരുമാറ്റമാണ് അതിന്‍െ സൂചകം. അപ്പോള്‍, ലഞ്ച് ബോക്‌സിനൊപ്പം ഭക്ഷണത്തില്‍ ചെറിയ കുറിപ്പു കൂടിവെക്കുകയാണ് ഇള. കെട്ടിക്കിടക്കുന്ന ജലാശയം പോലെ, അനക്കമറ്റ അവളുടെ അതിസാധാരണമായ ജീവിതത്തിലേക്ക് അയാളുടെ മറുകുറിയും എത്തുന്നു. പതിയെ,  ലഞ്ച് ബോക്‌സിനൊപ്പം കൈമാറുന്ന കുറിപ്പുകളിലൂടെ അവര്‍ അടുക്കുന്നു. പരസ്പരം ആശ്വാസമാകുന്നു. ചുറ്റുപാടും നിറയുന്ന അസ്വസ്ഥതകള്‍ക്ക് പകരം പുതിയ കാഴ്ചപ്പാടുകള്‍, ചിന്തകള്‍ എല്ലാം പങ്കുവെക്കപ്പെടുന്നു. മനോഹരമായ ഒരു സൗഹൃദത്തിലേക്ക് ലഞ്ച് ബോക്‌സ് അവരെ പകര്‍ന്നൊഴിക്കുന്നു. 

തന്റെ ഭര്‍ത്താവിന് മറ്റൊരു ബന്ധമുണ്ടെന്നറിയുന്ന ഇള കുഞ്ഞിനേയും കൂട്ടി മറ്റൊരു രാജ്യത്തേക്ക് പോകുവാന്‍ തീരുമാനിക്കുകയും അതിനുമുമ്പ് സാജനെ കാണണമെന്ന് അറിയിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇളയെ കാണുന്ന സാജന്‍ ആ കൂടിക്കാഴ്ചക്ക് അവസരം നല്‍കുന്നില്ല. സുന്ദരിയും യുവതിയുമായ ഇളക്ക് താന്‍ ചേരില്ലെന്ന് സ്വയം കരുതുന്ന സാജന്‍ അവള്‍ക്ക് മുഖംനല്‍കാതെ മടങ്ങുന്നു. പ്രണയത്തിന്റെ എല്ലാ ആനന്ദങ്ങളിലേക്കും തുറക്കാവുന്ന ആദ്യസമാഗമ വാതില്‍ വലിച്ചടച്ച്  സാജന്‍ തന്റെ അപകര്‍ഷതാ ബോധത്തിന് കീഴടങ്ങുന്നു. 

ഒരു പക്ഷേ ആദ്യമേ നേരില്‍ കണ്ടിരുന്നെങ്കില്‍, അവര്‍ക്കിടയില്‍ അത്തരമൊരു ബന്ധത്തിന് സാധ്യത ഉണ്ടാവണമെന്നില്ല.  രൂപമോ സൗന്ദര്യമോ പ്രായമോ ഒട്ടും പ്രസക്തമല്ലാത്ത വാക്കുകളിലൂടെ കണ്ടതിനാലാവണം അവര്‍ക്ക് 'ചേര്‍ച്ച' എന്ന തോന്നലേ ഇല്ലാത്തത്.  ശരീരത്തെ മറന്നു പോയ മനസിന്റെ മാന്ത്രികസ്പര്‍ശമായിരുന്നു അവര്‍ക്ക് ആ കുറിപ്പുകള്‍. 

ഇവിടെ മതിലാവുന്നത് സൗന്ദര്യത്തെയും പ്രായത്തെയും സ്‌നേഹത്തെയുമെല്ലാം കുറിച്ചുള്ള മനുഷ്യരുടെ കാഴ്ചപ്പാടുകളാണ്. സാമ്പ്രദായികമായ നാട്ടുനടപ്പുകളാണ്. സാജനും ഇളയ്ക്കുമിടയിലെ മതിലിന് എന്തു സംഭവിക്കുന്ന് എന്നു പക്ഷേ, പ്രേക്ഷകര്‍ അറിയുന്നേയില്ല.  അതിനാല്‍, അവസാനഭാഗം പ്രേക്ഷകന്റെ ഭാവനക്ക് വിട്ടു നല്‍കിയാണ് ചിത്രം അവസാനിക്കുന്നത്. ഒരു പക്ഷേ മനസ്സ് മാറി സാജന്‍, ഇളയെ ചേര്‍ത്തുപിടിച്ചിരിക്കാം എന്ന് കരുതാനാണ് എനിക്കിഷ്ടം. കാരണം ആ ബന്ധത്തിലന്നോളം അവര്‍ പുലര്‍ത്തിയ സത്യസന്ധത, ആത്മാര്‍ത്ഥത എല്ലാം കൊണ്ടും അവര്‍ അതര്‍ഹിക്കുന്നുണ്ട്. 

 

 

കപ്പേളയിലെ ചതിക്കുഴി

പരസ്പരം കാണാത്ത കമിതാക്കളെ സൃഷ്ടിക്കുന്നതില്‍ അനുദിനം പുരോഗതി കൈവരിക്കുന്ന സോഷ്യല്‍ മീഡിയയുടെ ചതിക്കുഴികള്‍ മനോഹരമായി അവതരിപ്പിച്ച 'കപ്പേള'യിലെ നായിക ജെസിയിലേക്ക്, തികച്ചും അപ്രതീക്ഷിതമായാണ്   മനസ്സ് ചെന്ന് നിന്നത്.  മതിലുകളും ജാപ്പനീസ് വൈഫും ലഞ്ച്‌ബോക്‌സും പോലൊന്നുമല്ല കപ്പേളയിലെ പ്രണയം. അതൊരു ചതിക്കുഴിയുടെ സാദ്ധ്യതയിലേക്കാണ് തുറന്നിടുന്നത്. 

തന്റെ മൊബൈലിലേക്ക് നമ്പര്‍ മാറി വന്ന ഒരു കോളിലൂടെയാണ് വിഷ്ണുവിനെ ജസി പരിചയപ്പെടുന്നത്. വിഷ്ണു വാക്കുകള്‍ കൊണ്ട് മുട്ടിമുട്ടി ജെസിയുടെ ഹൃദയം തുറക്കുകയായിരുന്നു. പറഞ്ഞുപറഞ്ഞ് പരസ്പരം കാണാതെ അവര്‍ അത്രമേല്‍ പ്രണയിച്ചു. കാതോരം ഓതിയുണര്‍ത്തിയ ഒരു പ്രണയമര്‍മ്മരം മാത്രമായിരുന്നു അവള്‍ക്ക് വിഷ്ണു. മറ്റൊരു വിവാഹത്തിന് വീട്ടുകാര്‍ തയ്യാറെടുക്കുമ്പോഴാണ് വിഷ്ണുവിനെ നേരില്‍ കാണാനായി ജെസി വീടുവിട്ടിറങ്ങുന്നത്. ഒരുപാട് സ്വപ്നങ്ങളുമായി, കടല്‍ കാണാനുള്ള കൊതിയുമായി ചുരമിറങ്ങുന്ന ജെസിയെ കാത്തിരുന്നത് ജെസി ഒരിക്കലും സങ്കല്‍പ്പിക്കാന്‍പോലുമിടയില്ലാത്ത ഒരു പെണ്‍വാണിഭസംഘത്തിലെ കണ്ണിയായ വിഷ്ണുവായിരുന്നു. 

പരസ്പരം കാണാത്തവരായിരുന്നു വിഷ്ണുവും ജെസിയും. ജീവിതം വലിച്ചുകെട്ടിയ മതിലിന് ഇരുപുറം നില്‍ക്കുന്നവര്‍. അവരുടെ വിരസതകളിലേക്ക് പൊങ്ങിനിവര്‍ന്ന ചുള്ളിക്കമ്പായിരുന്നു ആ ഫോണ്‍കോള്‍. അത്പക്ഷേ, ഒട്ടും സ്വാഭാവികമായിരുന്നില്ല. ബഷീറും നാരായണിയും സ്വാഭാവികമായി എത്തിപ്പെട്ടതായിരുന്നു പ്രണയം. ജാപ്പനീസ് വൈഫിലും ലഞ്ച് ബോക്‌സിലുമുള്ള പ്രണയവുമതെ. നിസ്സഹായതയില്‍നിന്നും നിര്‍വികാരതയില്‍നിന്നും രണ്ട് പേര്‍ ചെന്നുപെട്ട ഇടം. എന്നാല്‍, ഇവിടെ, സോഷ്യല്‍ മീഡിയയാണ് ജയിലും മതിലും പ്രണയവും. ജെസിയെ തേടി വന്ന കോള്‍, യാദൃശ്ചികമായിരുന്നില്ല, അതൊരു ചൂണ്ടക്കൊളുത്തായിരുന്നു. മെസേജ് ബോക്‌സുകളില്‍ ഉയര്‍ന്ന് താഴുന്ന ചുള്ളിക്കമ്പുകള്‍ക്ക് പലപ്പോഴും നാരായണിയുടെ അല്ലെങ്കില്‍ ബഷീറിന്റെ വിരസതയുടെ ഭാവം മാത്രമല്ല ഉണ്ടാവുക എന്ന് കപ്പേള പറയുന്നു.  സെക്‌സ് റാക്കറ്റ് കേസില്‍ പ്രതിയായി ബഷീറും നാട്ടിലേക്ക് കൊണ്ടുവന്ന് ചുവന്നതെരുവില്‍ വില്‍ക്കാന്‍ സ്‌നെഹമയും ആളെ കറക്കാന്‍ ലഞ്ച് ബോക്‌സ് പോലും ഉപയോഗിക്കുന്ന കുടിലതയായി സാജനും വരാത്തിടത്താണ്, ഇരയെ കെണിവെച്ചുപിടിക്കാനുള്ള ചുള്ളിക്കമ്പുമായി വിഷ്ണു വരുന്നത്. 

സാമൂഹികമാധ്യമങ്ങളൊരുക്കുന്ന സ്വകാര്യതകളില്‍ ഏകാന്തതയുടെയും വിരസതയുടെയും തടവറകളില്‍ സ്വയം നഷ്ടപ്പെട്ടിരിക്കുന്നവര്‍ അവരവരുടെ ലോകങ്ങളിലിരുന്ന് നാരായണിയും ബഷീറുമായി സ്വപ്നങ്ങളിലേക്കുള്ള തീര്‍ഥാടനം നടത്തുന്നുണ്ടാവാം. ഒരുപക്ഷേ, തീര്‍ഥാടനം പോലൊരു വിശുദ്ധമായ അനുഭവമാവും അവര്‍ക്കത്. പ്രണയത്തിന്റെ ഊന്നുവടിയില്‍ പരസ്പരം താങ്ങി ജീവിതത്തിന്റെ മുള്‍പാതകള്‍ താണ്ടുന്നുണ്ടാകാം, അവര്‍. ഒരിക്കലെങ്കിലും നേരില്‍ കാണുക എന്നത് അവരുടെ പരമപ്രധാനമായ ലക്ഷ്യമാവില്ലായിരിക്കും. എങ്കിലും, അപൂര്‍വ്വമായി മാത്രം കാണാവുന്ന സാധ്യതയാണിത്.

ബഷീറിനെ ഇന്നത്തെ കാലം വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് തോന്നാറുണ്ട്. പുതിയകാലത്തെ, അതിന്റെ വേഗത്തെ ബഷീര്‍ കഥകള്‍ എങ്ങനെയാവും അടയാളപ്പെടുത്തുക? ആനപ്പൂടയും പ്രേമലേഖനവും മെനഞ്ഞെടുത്ത കാലത്തില്‍ നിന്നും ലോകമേറെ മാറിയിരിക്കുന്നു, ബഷീര്‍. ബുദ്ദൂസുകളായ മനുഷ്യര്‍ ഭൂമിയെ തീറെഴുതി വാങ്ങാനായുമ്പോള്‍ വരട്ടുചൊറിയെ മരുന്നായി എഴുതുന്ന ഒരു ഭിഷഗ്വരനെ കാലം വല്ലാതെ ആവശ്യപ്പെടുന്നുണ്ട്.  

നാരായണി പറഞ്ഞത് പോലെയല്ലാതെ എനിക്കും പറയാന്‍ തോന്നുന്നു, ബഷീര്‍, 'എന്റെ ദൈവമേ എനിക്കു കരച്ചില്‍ വരുന്നു'

Latest Videos
Follow Us:
Download App:
  • android
  • ios