കേരളത്തിലെ അടിമത്തം: അക്കാദമിക് മിഥ്യാധാരണകളെ  പൊളിച്ചെഴുതിയ ചരിത്രാന്വേഷക

കേരളത്തിലും അടിമത്തം  ഉണ്ടായിരുന്നുവെന്ന് തെളിയിച്ച ഗവേഷക.  എം ജി രാധാകൃഷ്ണന്‍ എഴുതുന്നു

MG Radhakrishnan on Dr K Saradamoni

പാശ്ചാത്യ ലോകത്തെ പോലെ വീട്ടടിമകള്‍ (domestic slaves) ഇവിടെ ഇല്ലായിരുന്നു എന്നതിനാല്‍ അടിമ സമ്പ്രദായമേ ഉണ്ടായിരുന്നില്ല എന്നൊക്കെ വാദിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍ കേരളത്തില്‍ വീട്ടടിമകളല്ല, കൃഷിപ്പണിക്ക് നിയോഗിക്കപ്പെട്ടിരുന്ന അടിമകള്‍ (agrestic slaves) ആയിരുന്നു മൃഗങ്ങളെക്കാള്‍ മോശമായ ജീവിതത്തിന് ഇരയായത് എന്ന് 1973-74 കാലത്ത് ശാരദാമണി നടത്തിയ പഠനങ്ങളില്‍ വിശദീകരിച്ചു. 

 

MG Radhakrishnan on Dr K Saradamoni

ഡോ. കെ. ശാരദാമണി

 

ആധുനിക ഇന്ത്യയിലെ സ്ത്രീ പഠന മേഖലയിലെ ഏറ്റവും തലമുതിര്‍ന്ന പണ്ഡിതയാണ് കാലയവനികക്ക് പിന്നിലേക്ക് മറഞ്ഞ ഡോ. കെ. ശാരദാമണി. ഈ രംഗത്തെ മലയാളികളിലെ ആദ്യ പഥിക. സ്ത്രീ പഠനം മാത്രമല്ല കേരളത്തിലെ ദലിതര്‍ നൂറ്റാണ്ടുകളോളം അനുഭവിച്ച അടിമത്തത്തെപ്പറ്റി ഏറ്റവും സമഗ്രമായി പഠനം നടത്തിയ ആദ്യത്തെ വ്യക്തികളില്‍ ഒരാളും ശാരദാമണിയാണ്. 

പഠനം നടത്തിയെന്ന് മാത്രമല്ല കേരളത്തിലെ അടിമ സമ്പ്രദായത്തെ കുറിച്ചും സ്ത്രീപദവിയെ കുറിച്ചും നിലവിലുണ്ടായിരുന്ന പല മിഥ്യാ ധാരണകളെയും  ശാരദാമണി പൊളിച്ചെഴുതി. കേരളത്തില്‍ രൂക്ഷമായ അയിത്തം നിലനിന്നെങ്കിലും ദലിതരെ ആടുമാടുകളെ എന്നോണം വില്ക്കുകയും വാങ്ങുകയും തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഭീകരമായ അടിമ വ്യവസ്ഥ പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതി വരെ തുടര്‍ന്നിരുന്നു എന്നത് പല പണ്ഡിതരും വിശ്വസിച്ചിരുന്നില്ല. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെയും ക്രിസ്ത്യന്‍ മിഷണറിമാരുടെയും രചനകളില്‍ മാത്രമേ ഇന്ത്യയില്‍ മറ്റെവിടെയും ഇല്ലാതിരുന്ന ഈ പ്രാകൃതമായ വ്യവസ്ഥയെപ്പറ്റി പ്രതിപാദിച്ചിരുന്നുള്ളൂ. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കണ്ടു കൂടായ്മയും ഒക്കെ രൂക്ഷമായതിനാല്‍ സവര്‍ണ വീടുകളില്‍ ദലിതര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു. 


വീട്ടടിമകള്‍ അല്ല കാര്‍ഷിക അടിമകള്‍ 
അത് കൊണ്ട് പാശ്ചാത്യ ലോകത്തെ പോലെ വീട്ടടിമകള്‍ (domestic slaves) ഇവിടെ ഇല്ലായിരുന്നു എന്നതിനാല്‍ അടിമ സമ്പ്രദായമേ ഉണ്ടായിരുന്നില്ല എന്നൊക്കെ വാദിക്കുന്നവര്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍ കേരളത്തില്‍ വീട്ടടിമകളല്ല, കൃഷിപ്പണിക്ക് നിയോഗിക്കപ്പെട്ടിരുന്ന അടിമകള്‍ (agrestic slaves) ആയിരുന്നു മൃഗങ്ങളെക്കാള്‍ മോശമായ ജീവിതത്തിന് ഇരയായത് എന്ന് 1973-74 കാലത്ത് ശാരദാമണി നടത്തിയ പഠനങ്ങളില്‍ വിശദീകരിച്ചു. 

പല ചരിത്രകാരും അവകാശപ്പെട്ടതുപോലെ തിരുവിതാംകൂറിലെയും കൊച്ചിയിലെയും രാജകീയ സര്‍ക്കാരുകള്‍ കനിഞ്ഞ് അരുളിയ ഔദാര്യമൊന്നും ആയിരുന്നില്ല അടിമ സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ടുള്ള നിയമ നിര്‍മാണം എന്നും ശാരദാമണി ചൂണ്ടിക്കാട്ടി. അവസാനം വരെ അവ ഒഴിവാക്കാനും അവയില്‍ വെള്ളം ചേര്‍ക്കാനും സവര്‍ണരും രാജകീയ സര്‍ക്കാരുകളും ശ്രമിച്ചതും ബിട്ടീഷ് അധികാരികളെ ഭയന്ന് മാത്രം നിയമം കൊണ്ടുവന്നതും അവര്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. മാത്രമല്ല,  ബ്രിട്ടീഷ് അധികാരികള്‍ പോലും നിയമത്തിലെ ചില വെള്ളം ചേര്‍ക്കലിന് കൂട്ടുനില്ക്കുകയും ചെയ്തു. കേരള സമൂഹത്തില്‍ ഇന്നും ദലിതര്‍ നേരിടുന്ന പിന്നാക്കാവസ്ഥയുടെ വേരുകള്‍ അവരുടെ നൂറ്റാണ്ടുകള്‍ നീണ്ട അടിമത്ത കാലത്തിലാണ്. 

 

MG Radhakrishnan on Dr K Saradamoni
ഭര്‍ത്താവ് ജനയുഗം ഗോപിക്കും മക്കള്‍ക്കുമൊപ്പം പ്രൊഫ. കെ ശാരദാമണി

 

ഇടതുപക്ഷ വിമര്‍ശനം
വിദ്യാര്‍ത്ഥി കാലം മുതല്‍ അവസാനം വരെ അടിയുറച്ച കമ്യൂണിസ്റ്റ് ആയിരുന്നിട്ടും ശാരദാമണി പരമ്പരാഗത ഇടതു പക്ഷം സമ്മതിക്കാന്‍ തയ്യാറാകാത്ത കേരള മാതൃകാ വികസനത്തിലെ പല പോരായ്മകളും ശക്തമായി ഉന്നയിച്ചു. കേരള വികസനത്തില്‍ അര്‍ഹമായ പരിഗണന കിട്ടാതെ പോയ ആദിവാസി, ദലിത്, സ്ത്രീ വിഭാഗങ്ങളുടെ കാര്യമാണതില്‍ മുഖ്യം. പരമ്പരാഗത സ്ത്രീ ശാക്തീകരണ സൂചികകളിലൊക്കെ മുന്നിലായിട്ടും കേരളത്തിലെ സ്ത്രീകള്‍ നേരിടുന്ന പലതരത്തിലുളള വിവേചനങ്ങളെക്കുറിച്ച് ആദ്യം എഴുതിയവരില്‍ ശാരദാമണി ഉണ്ട്. മാതൃദായക്രമത്തിന്റെ സങ്കീര്‍ണതകളും അവര്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.  

കൊല്ലം സ്വദേശിനി ആയ ശാരദാമണി തിരുവനന്തപുരത്ത് കോളെജ് വിദ്യാഭ്യാസ കാലത്ത് തന്നെ കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തക ആയിരുന്നു.  ജനയുഗം പത്രാധിപര്‍ ആയിരുന്ന എന്‍. ഗോപിനാഥന്‍ നായരെ (ജനയുഗം ഗോപി) ആണ് വിവാഹം ചെയ്തത്. 

Latest Videos
Follow Us:
Download App:
  • android
  • ios