വീഡിയോ ഓൺലൈനിൽ വൈറലായി, ചൈനയിൽ റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ
സാമൂഹികമായ ധാർമ്മികതയുടെയും സാംസ്കാരിക പാരമ്പര്യങ്ങളുടെയും ലംഘനമായി കണക്കാക്കിയാണ് അധികൃതർ റെസ്റ്റോറന്റ് അടച്ചുപൂട്ടിച്ചത്.
ചൈനയിൽ വളരെയേറെ വിവാദം സൃഷ്ടിച്ച ഒരു റെസ്റ്റോറന്റ് അടച്ചു പൂട്ടി. വെയിറ്റർമാർ തീർത്തും പ്രകോപനപരമായ വസ്ത്രം ധരിക്കുകയും പെരുമാറുകയും ചെയ്യുന്നതിനെ തുടർന്ന് വിവാദമായതാണ് റെസ്റ്റോറന്റ്. യുനാൻ പ്രവിശ്യയിലെ സിഷുവാങ്ബന്ന ദായ് സ്വയംഭരണ പ്രദേശത്തെ പ്രശസ്തമായ ടൂറിസ്റ്റ് ഏരിയയിലായിരുന്നു ഈ 'മാച്ചോ റെസ്റ്റോറന്റ്'.
ഇവിടെ പുരുഷന്മാരായ ജീവനക്കാർ ശരീരം കാണിക്കുന്ന ടാങ്ക് ടോപ്പുകൾ ധരിച്ചും ഷർട്ട് ധരിക്കാതെയും ഒക്കെയാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. സ്ത്രീകളെ ആകർഷിക്കുക, അതിനായി നൃത്തസമാനമായ ചുവടുകൾ വയ്ക്കുക എന്നിവയൊക്കെയും ഈ വെയിറ്റർമാർ ചെയ്തിരുന്നു. ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായതോടെയാണ് അധികൃതർ റെസ്റ്റോറന്റ് അടച്ചു പൂട്ടിയത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അതുപോലെ പോൾ ഡാൻസിന് സമാനമായി നൃത്തം ചെയ്യുക, ഭക്ഷണം കഴിക്കാനെത്തുന്ന സ്ത്രീകൾക്ക് വായിൽ നിന്നും വായിലേക്ക് ഭക്ഷണം വച്ച് കൊടുക്കുക, ഷോൾഡർ മസാജ് ചെയ്ത് കൊടുക്കുക തുടങ്ങിയ കാര്യങ്ങളും ഇവർ ചെയ്യുന്നു. ഇത്തരം വീഡിയോകളാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതും അധികൃതരെ നടപടിയെടുക്കാൻ പ്രേരിപ്പിച്ചതും.
'ബിസിനസ് വളരെ മോശം അവസ്ഥയിലായിരുന്നു. അതിനെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നന്നായി പെർഫോം ചെയ്യുന്ന ആളുകളെ റെസ്റ്റോറന്റ് ജോലിക്കെടുത്തത്. അതിനാൽ തന്നെ റെസ്റ്റോറന്റിന്റെ അകത്ത് നിന്നുള്ള വീഡിയോകളും മറ്റും ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നത് ബിസിനസ് വർധിപ്പിക്കാനുള്ള മാർഗമായിട്ടാണ് റെസ്റ്റോറന്റ് ഉടമ കണ്ടിരുന്നത്' എന്നാണ് ഒരു ജീവനക്കാരൻ ബെയ്ജിംഗ് യൂത്ത് ഡെയ്‍ലിയോട് പറഞ്ഞത്.
സാമൂഹികമായ ധാർമ്മികതയുടെയും സാംസ്കാരിക പാരമ്പര്യങ്ങളുടെയും ലംഘനമായി കണക്കാക്കിയാണ് അധികൃതർ റെസ്റ്റോറന്റ് അടച്ചുപൂട്ടിച്ചത്. റെസ്റ്റോറന്റ് പറയുന്നത് അധികൃതർ അവരിൽ നിന്നും അനധികൃതമായി നേടിയ തുക പിടിച്ചെടുത്തു, അതുപോലെ പിഴയായി ഈ തുകയുടെ പത്തിരട്ടി ചുമത്തുകയും ചെയ്തു എന്നാണ്.
അതേസമയം സോഷ്യൽ മീഡിയയിൽ റെസ്റ്റോറന്റ് അടച്ചുപൂട്ടിയ സംഭവത്തിൽ ആളുകൾ സമ്മിശ്ര പ്രതികരണമാണ് നടത്തുന്നത്. ഒരു വിഭാഗം റെസ്റ്റോറന്റ് അടച്ചു പൂട്ടേണ്ടതായിരുന്നു എന്ന് പ്രതികരിച്ചു. എന്നാൽ, മറ്റൊരു വിഭാഗം റെസ്റ്റോറന്റിൽ കാണാൻ സാധിച്ചത് കഴിവുള്ള ആളുകളുടെ പ്രകടനം മാത്രമാണ്. അതിന് റെസ്റ്റോറന്റ് അടച്ചുപൂട്ടേണ്ട കാര്യമില്ലായിരുന്നു എന്നാണ് പ്രതികരിച്ചത്.