സങ്കടത്തിന്റെ കൊറോണക്കാലത്ത് ശാന്തിയുടെയും സമാധാനത്തിന്റെയും മഞ്ഞണിഞ്ഞ ക്രിസ്മസ്
ക്രിസ്മസ് ട്രീ ഇല്ലാതെ സ്വീഡിഷ് ക്രിസ്മസ് സങ്കല്പിക്കാനാവില്ല. നമ്മുടെ ട്രീകൾ പ്ലാസ്റ്റിക്കിനു വഴി മാറിയപ്പോൾ സുസ്ഥിരതയിൽ വിശ്വസിക്കുന്ന നല്ലൊരു വിഭാഗം സ്വീഡിഷ് ജനത ഇന്നും മരങ്ങൾകൊണ്ടുള്ള ചെറിയ ക്രിസ്മസ് ട്രീകൾ വീടുകളിൽ അലങ്കരിക്കുന്നു.
കഴിഞ്ഞ ഒരു മാസത്തോളം ഇരുൾമൂടിയ നാളുകൾ ആയിരുന്നു. സൂര്യൻ നവംബർ 22 -ന് അപ്രത്യക്ഷമായതാണ്. ഡിസംബർ പകുതിയോളം സൂര്യൻ ഇല്ലാതെ കടന്നുപോയി. കാലാവസ്ഥ നമ്മൾ പ്രതീക്ഷിക്കുന്ന പോലെയല്ല. മഞ്ഞു പെയ്യാത്ത ഡിസംബർ മാസം സ്വീഡിഷ് ജീവിതത്തിൽ സങ്കൽപ്പിക്കാൻ ആവാത്ത ഒന്നാണ്. എന്നാൽ, ഇത്തരം കഠിനമായ കാലാവസ്ഥയെയും വളരെ പോസിറ്റീവ് ആയി കാണുന്ന ഒരു ജനതയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. മഞ്ഞും തണുപ്പും മഴയും വെയിലും ഇരുട്ടും എല്ലാം ഇവർ ആഘോഷമാക്കി മാറ്റുകയാണ്.
ഏറ്റവും ഇരുണ്ട നാളുകൾ ആണ് പൊതുവെ നവംബർ, ഡിസംബർ മാസങ്ങൾ. മതങ്ങൾ ഇല്ലാത്ത നാട്ടിലെ ഏറ്റവും വലിയ ഉത്സവം ക്രിസ്മസ്. ക്രിസ്മസിന്റെ ഒരുക്കങ്ങൾ ഡിസംബർ ആദ്യ ഞായറാഴ്ചയോടു കൂടി ആരംഭിക്കുന്നു. ആഡ്വെന്റ് ഞായർ തുടങ്ങുന്നത് ഒരു മെഴുകുതിരി കത്തിച്ചുകൊണ്ടാണ്. ഇരുണ്ട നാളുകളിലെ പ്രതീക്ഷയുടെ തിരിനാളം..!! അങ്ങനെ നാലാമത്തെ ഞായർ തിരി തെളിഞ്ഞാൽ പിന്നീട് ഒരു തിരിതെളിക്കൽ ഉണ്ടാവില്ല കാരണം അടുത്തത് ക്രിസ്മസ് ആണ്.
ഡിസംബർ മാസം പതിമൂന്നാം തീയതി ലൂസിയ ഡേ മറ്റൊരു പ്രതീക്ഷയുടെ തിരിനാളമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരം. ഒരുപക്ഷേ സ്വീഡനിലെ ഏറ്റവും ദൈർഖ്യമേറിയ രാവ് ലൂസിയ ഡേയ്ക്ക് സ്വന്തം. ആൺകുട്ടികളും പെൺകുട്ടികളും നീളമേറിയ വെള്ളക്കുപ്പായം ധരിക്കുന്നു. കുടുംബത്തിലെ മുതിർന്ന ഒരു പെൺകുട്ടി അതിരാവിലെ ലൂസിയ വേഷം ധരിക്കുന്നു. തലയിൽ മെഴുകുതിരികൾ കത്തിച്ച കിരീടം വെച്ച് ലൂസിയ ഗാനവും ആലപിച്ചു മുൻപേ നടക്കുന്നു. പിന്നിലായി വെള്ളക്കുപ്പായം ധരിച്ച കുട്ടികൾ നക്ഷത്ര വിളക്കുമായി.
മുൻപ് ലൂസിയയെ തിരഞ്ഞെടുക്കാൻ സ്‌കൂളുകൾ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. മനുഷ്യരെ റാങ്ക് ചെയ്യുന്നതിൽ താല്പര്യം ഇല്ലാത്ത സ്വീഡിഷ് ജനത ലൂസിയയെ തെരഞ്ഞെടുക്കാൻ മത്സരവും വോട്ട് എടുപ്പും വേണ്ട എന്ന് വെച്ചിട്ടു വർഷങ്ങൾ ഏറെ ആയി. സ്വീഡനിലെ സ്‌കൂളുകളിൽ ലൂസിയയെ തെരഞ്ഞെടുക്കാൻ ഇന്ന് നറുക്കെടുപ്പാണ് നടത്തുന്നത്.
ലൂസിയ ദിനം സാഫ്രോൺ ബണ്ണുകളുടെയും ഗ്ലൊഗ് (mulled wine) ഒരാഘോഷ ദിനമാണ്. ഇതുരണ്ടും കഴിക്കാതെ സ്വീഡിഷ് ലൂസിയ ഡേ പൂർണമാകില്ലെന്നു ചുരുക്കം. ക്രിസ്തുമസ് കുട്ടികൾക്കും മുതിർന്നവർക്കും ആഘോഷനാളുകൾ ആണ്. എങ്ങും എവിടെയും വൈദ്യുത ദീപാലങ്കാരങ്ങളും നക്ഷത്ര വിളക്കുകൾ കൊണ്ടും മനോഹരമാണ് സ്വീഡിഷ് പട്ടണങ്ങൾ. ക്രിസ്മസ് മാർക്കറ്റുകൾ ഓരോ പട്ടണത്തിന്റെയും ക്രിസ്മസ് നാളുകൾക്കു മനോഹാരിത കൂട്ടുന്നു.
ക്രിസ്മസ് ട്രീ ഇല്ലാതെ സ്വീഡിഷ് ക്രിസ്മസ് സങ്കല്പിക്കാനാവില്ല. നമ്മുടെ ട്രീകൾ പ്ലാസ്റ്റിക്കിനു വഴി മാറിയപ്പോൾ സുസ്ഥിരതയിൽ വിശ്വസിക്കുന്ന നല്ലൊരു വിഭാഗം സ്വീഡിഷ് ജനത ഇന്നും മരങ്ങൾകൊണ്ടുള്ള ചെറിയ ക്രിസ്മസ് ട്രീകൾ വീടുകളിൽ അലങ്കരിക്കുന്നു. ഡിസംബർ മാസത്തിൽ ഒട്ടുമിക്ക സ്വീഡിഷ് പട്ടണങ്ങളിലും ഇത്തരം ട്രീകളുടെ വില്പന തകൃതിയായി നടക്കുന്നു
ക്രിസ്മസ് ഒത്തുചേരലിന്റെ നാളുകൾ ആണ്. ഡിസംബർ മാസം 24 -ന് കുടുംബാംഗങ്ങൾ എല്ലാം ഒത്തുചേർന്നു ഭക്ഷണം കഴിക്കുന്നു. സ്നേഹത്തിന്റെ സമ്മാനങ്ങൾ കൈമാറുന്നു. പല സ്വീഡിഷ് കുടുംബങ്ങളിലും സാന്താക്ലോസ് നേരിൽ വന്നു സമ്മാനങ്ങൾ നൽകുന്നു. ഒരുപക്ഷേ, ഗൃഹനാഥനോ ഗൃഹനാഥയോ മുൻപേ ചുമതലപ്പെടുത്തിയ ഒരു അയൽക്കാരൻ ആകാം സ്നേഹസമ്മാനങ്ങളുമായി ക്രിസ്മസ് അപ്പൂപ്പന്റെ വേഷത്തിൽ എത്തുന്നത്. അല്ലെങ്കിൽ ടോംന്റെ (സാന്ത പോലത്തെ വേഷം) കെട്ടിയ ഗൃഹനാഥൻ കുടുംബാംഗങ്ങൾക്കെല്ലാം സമ്മാനങ്ങൾ വിതരണം ചെയ്യുന്നു
“Donald Duck and his friends wish you a Merry Christmas." ക്രിസ്മസ് ദിനത്തിൽ മൂന്നുമണിക്ക് കുടുംബാംഗങ്ങൾ എല്ലാവരും ഒന്നിച്ചിരുന്നു ഡൊണാൾഡ് ഡക്ക് കാർട്ടൂൺ കാണുന്നു. 1950 മുതൽ സ്വീഡനിലെ നാഷണൽ ടെലിവിഷൻ ആരംഭിച്ച ക്രിസ്മസ് ദിന സ്പെഷ്യൽ പ്രോഗ്രാം ഇന്നും മുടങ്ങാതെ ഇവിടുത്തുകാർ എല്ലാ വർഷവും കാണുന്നു.
"
മഞ്ഞും തണുപ്പും ഇല്ലാത്ത ഒരു ക്രിസ്തുമസ് ആഘോഷം സ്വീഡനിൽ സങ്കല്പിക്കാവില്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾ ആയി ക്രിസ്മസ് ദിനത്തിൽ മഞ്ഞു പെയ്യാറില്ല. എന്നാൽ, ഇത്തവണ മഞ്ഞിൽ കുളിച്ച ഒരു കുളിരൻ ക്രിസ്തുമസ് ആയിരുന്നു. സങ്കടത്തിന്റെ കൊറോണക്കാലത്ത് ശാന്തിയുടെയും സമാധാനത്തിന്റെയും മഞ്ഞണിഞ്ഞ ക്രിസ്മസ്.