കുട്ടികളെ നോക്കാൻ പ്രൊഫഷണൽ അമ്മയും അച്ഛനും, 'വാടക'യ്ക്കെടുത്ത് സമ്പന്നർ, ശമ്പളം ഒരുലക്ഷം വരെ
നാനികളെപ്പോലെയോ ട്യൂട്ടറെപ്പോലെയോ അല്ല മറിച്ച് ഇവർ അച്ഛനും അമ്മയും കുഞ്ഞുങ്ങളുടെ കാര്യത്തിൽ എങ്ങനെയാണോ ഇടപെടുന്നത് അതുപോലെ ഇടപെടുന്നവരാണത്രെ.
കുട്ടികളെ വളർത്തിയെടുക്കുക എന്നത് ഒരു ചെറിയ കാര്യമല്ല. അവർക്ക് ശരിയായ വിദ്യാഭ്യാസം നൽകുക, എല്ലാതരത്തിലും അവരെ ഒരു മികച്ച മനുഷ്യനാക്കി മാറ്റുക എന്നതെല്ലാം നമ്മൾ പൂർണമായും നമ്മെത്തന്നെ സമർപ്പിച്ച് ചെയ്യേണ്ടി വരുന്ന കാര്യമാണ്. തിരക്കുള്ള ജീവിതത്തിൽ ചിലപ്പോൾ അതിന് സാധിക്കാതെ വരുന്നവരുണ്ട്. എന്നാൽ, ചൈനയിലെ സമ്പന്നരായ ദമ്പതികൾ ഇങ്ങനെ കുഞ്ഞുങ്ങളെ നോക്കാൻ പ്രത്യേകം ആളുകളെ വയ്ക്കുകയാണത്രെ.
കുട്ടികളെ നോക്കാൻ ആയമാരെ വയ്ക്കുന്നത് പോലെയല്ല. ശരിക്കും അച്ഛനും അമ്മയും എന്തൊക്കെ കാര്യത്തിലാണോ ശ്രദ്ധ ചെലുത്തുന്നത് അതെല്ലാം ഇവരും നോക്കണം. കുട്ടികളുടെ പഠനം, മാനസികവളർച്ച, പഠന-പാഠ്യേതരകാര്യങ്ങളിലെ വളർച്ച എന്നിവയെല്ലാം ഇതിൽ പെടുന്നു. 'ചൈൽഡ് കംപാനിയൻസ്' എന്നാണ് ഈ 'പ്രൊഫഷണൽ മാതാപിതാക്കൾ' അറിയപ്പെടുന്നത്. വലിയ തുകയാണ് ഇവർ ഈടാക്കുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇതുപോലെയുള്ള ചൈൽഡ് കംപാനിയൻസുമായി അഭിമുഖം നടത്തിയ സൈക്കോളജിയിൽ പിഎച്ച്‍ഡി ചെയ്യുന്ന ഒരു വിദ്യാർത്ഥിനി പറയുന്നത്, ഹാർവാർഡ്, കേംബ്രിഡ്ജ്, സിങ്‌ഹുവ, പെക്കിംഗ് യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രശസ്‌തമായ യൂണിവേഴ്‌സിറ്റികളിൽ നിന്നുള്ള ബിരുദധാരികളാണ് ചൈൽഡ് കംപാനിയനാവാൻ അപേക്ഷ നൽകുന്നവരിൽ ഏറെയും എന്നാണ്. ഇവർ ബിരുദാനന്തരബിരുദമോ, അതിൽ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. അതുപോലെ, വിവിധ ഭാഷകളറിയുന്നവരും കായികഇനങ്ങളിൽ പ്രാവീണ്യം ഉള്ളവരും ആണത്രെ.
നാനികളെപ്പോലെയോ ട്യൂട്ടറെപ്പോലെയോ അല്ല മറിച്ച് ഇവർ അച്ഛനും അമ്മയും കുഞ്ഞുങ്ങളുടെ കാര്യത്തിൽ എങ്ങനെയാണോ ഇടപെടുന്നത് അതുപോലെ ഇടപെടുന്നവരാണത്രെ. കുട്ടികളെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുക, ഗൃഹപാഠം പഠിപ്പിക്കുക, അവരോടൊപ്പം യാത്ര ചെയ്യുക, അവരുടെ വൈകാരികമായ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുക എന്നിവയെല്ലാം അവരുടെ ഉത്തരവാദിത്തമാണ്.
ജോലി ചെയ്യേണ്ടുന്ന സമയം കുട്ടികളുടെ മാതാപിതാക്കളാണ് മിക്കവാറും തീരുമാനിക്കുന്നത്. ഒരു ലക്ഷവും അതിന് മുകളിലും ശമ്പളം ഇങ്ങനെ വാങ്ങുന്നവരുണ്ട്. എന്നാൽ, പലപ്പോഴും കുട്ടികൾ തങ്ങളുടെ മാതാപിതാക്കളേക്കാൾ കൂടുതൽ ഈ പണം കൊടുത്ത് നിയമിക്കുന്ന അമ്മമാരുമായും അച്ഛന്മാരുമായും അടുക്കുന്നുണ്ടത്രെ. അതേസമയം കൂടുതലും ആളുകൾ ഈ ജോലിക്ക് തെരഞ്ഞെടുക്കുന്നത് സ്ത്രീകളെയാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
എന്നാൽ, അച്ഛനും അമ്മയുമാണ് കുട്ടികളുടെ വളർച്ചയ്ക്ക് ഒപ്പം വേണ്ടത് അല്ലാതെ പണം കൊടുത്ത് നിയമിക്കുന്ന ആളുകളല്ല, അത് കുട്ടികൾക്ക് യഥാർത്ഥ മാതാപിതാക്കളുമായുള്ള അടുപ്പം കുറയ്ക്കും എന്ന് അഭിപ്രായപ്പെടുന്ന വിദഗ്ധരുണ്ട്.
(ചിത്രം പ്രതീകാത്മകം)