കുടിക്കാനല്ല, കുളിക്കാനും ഇനി ബിയർ, ട്രെൻഡായി യുകെയിൽ 'ബിയർ ബാത്തിംഗ്'
ഈ ബിയർ ബാത്തിംഗ് ഒരു പുതിയ ട്രെൻഡായി മാത്രം കണ്ട് തള്ളിക്കളയേണ്ടുന്ന ഒന്നല്ല എന്നാണ് വിദഗ്ധർ പറയുന്നത്. പകരം, കാലങ്ങളായി ബിയർ ബാത്തിംഗ് ഇവിടെയുണ്ടത്രെ.
'ബിയർ ബാത്തിംഗ്' എന്ന വാക്ക് കേട്ടിട്ടുണ്ടോ? അത് തന്നെ കുടിക്കുന്ന ബിയർ. ആ ബിയറിൽ കുളിക്കുന്നതിനെയാണ് ബിയർ ബാത്തിംഗ് എന്ന് പറയുന്നത്. ഇപ്പോൾ, യുകെയിലെ സ്പാകളിലും മറ്റും വെൽനെസ്സ് ട്രെൻഡായി മാറിക്കൊണ്ടിരിക്കുകയാണത്രെ ഈ ബിയർ ബാത്തിംഗ് അഥവാ ബിയറിലുള്ള കുളി.
അടുത്തിടെ, ദി നോർഫോക്ക് മീഡ് ബോട്ടിക് ഹോട്ടൽ യുകെയിലെ ആദ്യത്തെ ബിയർ സ്പാ തുറന്നതായി റിപ്പോർട്ടുകൾ പറയുന്നു. ശരീരത്തെയും മനസിനെയും ശാന്തമാക്കാൻ ഈ ബിയറിലുള്ള കുളിക്ക് സാധിക്കും എന്നാണ് ഹോട്ടൽ പറയുന്നത്. ബിയർ ബാത്തിംഗ് എന്നാൽ കുറച്ച് പാത്രം ബിയറെടുത്ത് അതിൽ കുളിക്കുന്നത് മാത്രമല്ല കേട്ടോ. പകരം ഒരുപാട് നേരം നമ്മുടെ ശരീരം ബിയറിൽ മുക്കിവയ്ക്കുന്നത് കൂടിയാണ്. എന്നാൽ, ഈ ബിയർ ബാത്തിംഗ് ഒരു പുതിയ ട്രെൻഡായി മാത്രം കണ്ട് തള്ളിക്കളയേണ്ടുന്ന ഒന്നല്ല എന്നാണ് വിദഗ്ധർ പറയുന്നത്. പകരം, കാലങ്ങളായി ബിയർ ബാത്തിംഗ് ഇവിടെയുണ്ടത്രെ.
കിഴക്കൻ യൂറോപ്പിൽ, 921 എഡി മുതൽ ബിയർ ബാത്തിംഗിനോട് സമാനമായ രീതികൾ നിലവിലുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഡ്യൂക്ക് ഓഫ് ബൊഹേമിയ ഒരു കാലത്ത് ഇത് ആസ്വദിച്ചിരുന്നതായും പറയുന്നു. പ്രാഗിൽ ഇത് ജനപ്രിയമായി തുടരുകയും യുകെയിലെയും യുഎസിലെയും വിവിധ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുകയായിരുന്നത്രെ.
ഇനി ഈ ബിയർ ബാത്തിംഗ് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്നല്ലേ? ബിയറിൽ കുളിക്കുന്നത് ശരീരത്തിന് നല്ലതാണ് എന്നാണ് പറയപ്പെടുന്നത്. ബിയറിലെ യീസ്റ്റ്, ബാർലി തുടങ്ങിയ ഘടകങ്ങൾ ആരോഗ്യപരമായ ഗുണങ്ങൾ നൽകുമത്രെ. ചർമ്മത്തെ ജലാംശമുള്ളതാക്കി മാറ്റുമെന്നും മാനസികമായും ശാരീരികമായും ഉന്മേഷം നൽകാൻ ഇത് സഹായിക്കുമെന്നുമാണ് വിദഗ്ധർ പറയുന്നത്.