വീടിനോ കടകൾക്കോ പൊലീസ് സ്റ്റേഷനോ ഒന്നും വാതിലില്ലാത്ത ഒരു ​ഗ്രാമം, പിന്നിലെ വിശ്വാസം ഇങ്ങനെ

ദിവസങ്ങളോളം ആളുകൾ അവരുടെ വീടുകൾ തുറന്നുവച്ച് പോകാറുണ്ട്. ആരും മോഷ്ടിക്കില്ല എന്നാണ് നാട്ടുകാരുടെ വിശ്വാസം.

Shani Shingnapur Maharashtra village have no doors and locks

വാതിലുകളോ ലോക്കോ ഇല്ലാത്ത വീട്ടിൽ കിടന്നുറങ്ങുക എന്നത് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമാണ് അല്ലേ? എന്നാൽ, ആരും വാതിലടയ്ക്കാത്ത ഒരു നാടുണ്ട് ഇന്ത്യയിൽ എന്ന് പറഞ്ഞാലോ? വിശ്വസിക്കാൻ പ്രയാസം തോന്നുമെങ്കിലും സത്യമാണ്. മഹാരാഷ്ട്രയിലെ ശനി ശിംഗ്നാപൂരാണ് ആ ​ഗ്രാമം. 

ശനി ദേവനിലുള്ള അടിയുറച്ച വിശ്വാസം കാരണം ആ ​ഗ്രാമത്തിലെ ആരും മോഷ്ടിക്കാൻ ധൈര്യപ്പെടില്ല എന്നാണ് വിശ്വാസം. അതിനാലാണ് ഈ ​ഗ്രാമത്തിലെ വീടുകൾക്ക് വാതിലുകൾ വയ്ക്കാത്തത്. ഷിർദിയിൽ നിന്ന് 2 മണിക്കൂർ യാത്ര ചെയ്താൽ ഈ ​ഗ്രാമത്തിൽ എത്തിച്ചേരാൻ സാധിക്കും. 

ഐതിഹ്യമനുസരിച്ച്, ഏകദേശം 400 വർഷങ്ങൾക്ക് മുമ്പ്, പനസ്നാല നദിയുടെ തീരത്ത് ഒരു കറുത്ത കല്ല് വന്നുചേർന്നു. ഒരു നാട്ടുകാരൻ മൂർച്ചയുള്ളൊരു വടികൊണ്ട് അതിൽ കുത്തിയപ്പോൾ അതിൽ നിന്ന് രക്തം വരാൻ തുടങ്ങി. അന്നു രാത്രി, ആ നാട്ടുകാരൻ്റെ സ്വപ്നത്തിൽ ശനി ഭഗവാൻ പ്രത്യക്ഷപ്പെട്ടു, ആ കല്ല് തൻ്റെ വിഗ്രഹമാണെന്ന് അയാളോട് ദേവൻ പറഞ്ഞത്രെ. എന്നാൽ, ഒരു ക്ഷേത്രം പണിത് അദ്ദേഹത്തിന് സമർപ്പിക്കട്ടെ എന്ന് ഈ നാട്ടുകാരൻ ചോദിച്ചപ്പോൾ ദേവൻ അത് നിരസിച്ചു. 

ക്ഷേത്രത്തിൽ കഴിയുന്നതിന് പകരം ശനി ഭഗവാൻ ഗ്രാമത്തിൻ്റെ ഹൃദയത്തിൽ തന്നെ കഴിയാനാണ് ആ​ഗ്രഹിച്ചത്. അതിനാൽ ഈ സ്ഥലത്ത് എന്തെങ്കിലും തെറ്റോ കുറ്റമോ ആരെങ്കിലും ചെയ്താൽ അത് പരിശോധിക്കാൻ അദ്ദേഹത്തിന് കഴിയും എന്നാണ് വിശ്വാസം. കൂടാതെ, ഏത് അപകടങ്ങളിൽ നിന്നും ഗ്രാമത്തെ സംരക്ഷിക്കുമെന്ന് അദ്ദേഹം നാട്ടുകാർക്ക് വാഗ്ദാനം ചെയ്തുവെന്നും നാട്ടുകാർ വിശ്വസിക്കുന്നു.

അങ്ങനെയാണ് നാട്ടുകാർ വീടുകൾക്ക് വാതിലുകളോ ലോക്കോ ഒന്നും വയ്ക്കാതായത്. ദിവസങ്ങളോളം ആളുകൾ അവരുടെ വീടുകൾ തുറന്നുവച്ച് പോകാറുണ്ട്. ആരും മോഷ്ടിക്കില്ല എന്നാണ് നാട്ടുകാരുടെ വിശ്വാസം. ആരെങ്കിലും മോഷ്ടിച്ചാൽ അയാൾക്ക് മാനസികമായി വയ്യാതാവുമെന്നും ഏഴുവർഷത്തേക്ക് നല്ലതായിരിക്കില്ല എന്നുമാണ് വിശ്വാസം. 

വീടിന് മാത്രമല്ല, പൊലീസ് സ്റ്റേഷനോ, വ്യാപാരസ്ഥാപനങ്ങൾക്കോ എന്തിനേറെ പറയുന്നു ബാങ്കിന് പോലും ഇവിടെ വാതിലുകൾ ഇല്ലത്രെ. 

'വധുവിനെ കണ്ടെത്തിത്തരണം, വോട്ട് ചെയ്ത് വിജയിപ്പിച്ചതല്ലേ?', എംഎൽഎയോട് 43 -കാരന്റെ അഭ്യർത്ഥന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios