ഭാഷാ പഠനം; മനുഷ്യ ബുദ്ധിക്ക് അളക്കാന്‍ കഴിയാത്ത അത്ഭുതങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ടോ?
എല്ലാ ജീവികളും അവരുടെ അതിജീവനത്തിന് വേണ്ട തരത്തിലുള്ള ഇന്ദ്രിയങ്ങളുമായാണ് ജീവിക്കുന്നത്. മനുഷ്യന്‍റെ കാര്യത്തിലും അതിജീവനത്തിന് ഏറ്റവും യോജിച്ച ഇന്ദ്രിയങ്ങളും ശരീരഘടനയുമാണ് ഉള്ളത്. പക്ഷേ, ഇന്ദ്രിയങ്ങളുടെയും ശരീരത്തിന്‍റെയും പല പരിമിതികളെയും ബുദ്ധി ശക്തികൊണ്ട് മനുഷ്യൻ മറികടക്കുന്നു.
മനസ്സെന്നാൽ എന്താണ് , കോൺഷ്യസ്നസ് എന്നാൽ എന്താണ് എന്നിങ്ങനെ വലിയ പ്രശ്നങ്ങൾ മനുഷ്യവിജ്ഞാനത്തിന് മുന്നിൽ നിൽക്കുന്നതായി നമ്മൾ മനസ്സിലാക്കി. എന്നാൽ ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ കഴിയുമെന്ന് വിശ്വസിക്കാൻ മറ്റൊരു ചോദ്യത്തിന് മനുഷ്യൻ ആദ്യം ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനെക്കുറിച്ചാണ് ഇനി.
മനുഷ്യബുദ്ധിക്ക് പരിമിതി ഉണ്ടോ ?
ഈ ചോദ്യത്തിലേക്ക് നേരിട്ട് വരുന്നതിന് മുമ്പ് മറ്റൊരു ചോദ്യം. നിങ്ങൾ അത്ഭുതത്തിൽ വിശ്വസിക്കുന്നുണ്ടോ? കുറേപ്പേർ വിശ്വസിക്കുന്നില്ലെന്ന പറയും. കുറച്ചുപേർ വിശ്വസിക്കുന്നു എന്ന് പറയും. അത്ഭുതം എന്ന് കേട്ടാൽ ഉടൻ ഓർമ വരുന്ന രോഗശാന്തി, വായുവിൽ നിന്ന് ഭസ്മം എടുക്കൽ തുടങ്ങിയ കാര്യങ്ങളെ മുന്‍നിര്‍ത്തിയല്ല ഇത് പറയുന്നത്. ഞാൻ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നുണ്ട്. ഒരു ഉദാഹരണം പറയാം. ഉറുമ്പുകളുടെ ഒരു വലിയ സാമ്രാജ്യത്തെക്കുറിച്ച് ചിന്തിക്കുക. ആ സാമ്രാജ്യത്തിൽ ഉറുമ്പുകളുടെ ദീർഘകാലം കൊണ്ട് ,അവർ നിർമ്മിച്ച വലിയ കൊട്ടാരങ്ങളും കോട്ടകളും കൊത്തളങ്ങളുമൊക്കെയുണ്ട്. പെട്ടെന്ന് എവിടെ നിന്ന് എന്നറിയില്ല വലിയൊരു വെള്ളപ്പൊക്കം അവരുടെ സാമ്രാജ്യത്തിലേക്ക് വരികയാണ്. കുത്തി ഒലിച്ച് വരുന്ന വെള്ളം. എന്തുചെയ്യണമെന്ന് ആർക്കും ഒരുപിടിയുമില്ല. സർവവും തകരുമെന്ന ബോധത്തോടെ അവർ വിധിക്ക് കീഴടങ്ങി നിന്നു. പെട്ടെന്ന് എന്തോ ഒരു വലിയ സാധനം വന്ന് വെള്ളം മുഴുവൻ എങ്ങോട്ടോ തെറിപ്പിച്ചു കളഞ്ഞു. തുണികഴുകിക്കൊണ്ടിരുന്ന ചേട്ടൻ ഉറുമ്പിൻ കൂട്ടിലേക്ക് പോയ വെള്ളം തട്ടിക്കളഞ്ഞതാണ്. പക്ഷേ ഉറുമ്പിന്‍റെ ബുദ്ധിയിലും കാഴ്ചയിലും അതൊരു അത്ഭുതം തന്നെയായിക്കൂടെ. അതുപോലെ മനുഷ്യ ബുദ്ധിയെ സംബന്ധിച്ചും മനസ്സിലാകാത്ത കാര്യങ്ങൾ ഉണ്ടായിക്കൂട എന്നുണ്ടോ ? ഉറുമ്പിനെയും മനുഷ്യനെയും തമ്മിൽ താരതമ്യം ചെയ്യുകയാണോ എന്ന് ചോദിക്കാവുന്നതാണ്. ഉറുമ്പിന്‍റെ സ്പീഷീസ് റിയാലിറ്റി പോലെ അല്ല മനുഷ്യന്‍റെ സ്പീഷീസ് റിയാലിറ്റി. മനുഷ്യൻ പരിണാമത്തിലെ ഏറ്റവും ഉയർന്ന ജിവിയും ഉറുമ്പ് വളരെ താഴ്ന്ന ജീവിയുമാണ്, അതുകൊണ്ട് തന്നെ രണ്ടും തമ്മിൽ താരതമ്യം ചെയ്യുന്നത് തന്നെ തെറ്റാണ്. മനുഷ്യൻ പരിണാമത്തിലെ ഏറ്റവും ഉയർന്ന തലത്തിൽ നിൽക്കുന്ന ജീവിയാണ്. പക്ഷേ, അതിന് അർത്ഥം പരിണാമത്തിലെ അവസാന ജീവിയാണ് എന്നാണോ. പ്രപഞ്ചത്തിന്‍റെ റിയാലിറ്റി മനസിലാക്കാൻ കഴിയുവുള്ള ബുദ്ധിയുമായാണ് മനുഷ്യൻ ജനിച്ചത് എന്ന് എങ്ങനെ ഉറപ്പിച്ച് പറയാൻ കഴിയും? അല്ലെങ്കിൽ മനുഷ്യൻ മനസ്സിലാക്കുന്ന റിയാലിറ്റിയാണ് പ്രപഞ്ചത്തിന്‍റെ അൾട്ടിമേറ്റ് റിയാലിറ്റി എന്ന് എങ്ങനെ ഉറപ്പിക്കാനാകും?
ഒന്നാം ഭാഗം: ഭാഷാ പഠനം; മലയാളത്തിൽ ഇത്ര പഠിക്കാൻ എന്തിരിക്കുന്നു?
ഇതിനെ മറ്റൊരു രീതിയിൽ ചിന്തിക്കാം. ഇന്ദ്രിയങ്ങളെക്കുറിച്ച് ഒന്ന് ചിന്തിച്ച് നോക്കാം. കാഴ്ച തന്നെ ഒന്നാമതായി എടുക്കുക. പ്രപഞ്ചത്തിലെ ഏറ്റവും ഉയർന്ന കാഴ്ചാ സംവിധാനം മനുഷ്യനാണ് കിട്ടിയതെന്ന് പറയാൻ കഴിയുമോ? ദൂരക്കാഴ്ചയുടെ കാര്യം എടുത്ത് നോക്കാം, മനുഷ്യരെക്കാൾ ഗംഭീര ദൂരക്കാഴ്ചയുള്ളത് പരുന്ത് പോലുള്ള പക്ഷികൾക്കാണ്. അവർക്ക് നൂറ് കണക്കിന് മീറ്റർ അകലെ നിന്ന് വീട്ടുമുറ്റത്ത് നിൽക്കുന്ന കോഴിക്കുഞ്ഞിന്‍റെ ചലനങ്ങൾ കാണാൻ കഴിയും. നമുക്ക് അതിന് കഴിയില്ല. രാത്രി കാഴ്ചയുടെ കാര്യം എടുക്കാം. മൂങ്ങകൾക്കാണ് ഏറ്റവും നല്ല രാതി കാല കാഴ്ചയുളളത്. നമ്മെക്കാൾ ഗംഭീര ഘ്രാണശക്തിയുള്ളത് നായകൾക്കാണ്. ഇങ്ങനെ ഇന്ദ്രിയങ്ങളുടെ എല്ലാ കാര്യത്തിലും മനുഷ്യന്‍റെത് ഏറ്റവും മികച്ചതാണ് എന്ന് ഒരിക്കലും പറയാൻ കഴിയില്ല.
രണ്ടാം ഭാഗം: ഭാഷാ പഠനം; മലയാളത്തിൽ എന്താണ് ഗവേഷിക്കാൻ ഉള്ളത്?
എല്ലാ ജീവികളും അവരുടെ അതിജീവനത്തിന് വേണ്ട തരത്തിലുള്ള ഇന്ദ്രിയങ്ങളുമായാണ് ജീവിക്കുന്നത്. മനുഷ്യന്‍റെ കാര്യത്തിലും അതിജീവനത്തിന് ഏറ്റവും യോജിച്ച ഇന്ദ്രിയങ്ങളും ശരീരഘടനയുമാണ് ഉള്ളത്. പക്ഷേ, ഇന്ദ്രിയങ്ങളുടെയും ശരീരത്തിന്‍റെയും പല പരിമിതികളെയും ബുദ്ധി ശക്തികൊണ്ട് മനുഷ്യൻ മറികടക്കുകയാണ്. പരുന്തിന്‍റെ ടെലസ്കോപ്പിക് വിഷന് പോലും കടന്ന് ചെല്ലാൻ കഴിയാത്ത ബഹിരാകാശം വരെ നീളുന്ന ടെലസ്കോപ്പുകൾ മനുഷ്യന്‍ ഉണ്ടാക്കുന്നു. മുങ്ങയെ തോൽപ്പിക്കുന്ന നെറ്റ് വിഷൻ ഡിവൈസുകൾ.... അങ്ങനെ അങ്ങനെ... പക്ഷേ, അതിജീവനത്തിന് വേണ്ടുന്ന ഇന്ദ്രിയങ്ങളും ശാരീരിക ഘടനയുമാണ് മനുഷ്യർക്ക് ഉള്ളതെന്ന് അംഗീകരിക്കുന്ന നമ്മൾ, ബുദ്ധിയുടെ കാര്യത്തിൽ മറിച്ച് ചിന്തിക്കുന്നുണ്ടോ. ബുദ്ധിയുടെ കാര്യത്തിലും പ്രകൃതി അതിജീവനത്തിന്‍റെ മാനദണ്ഡം വച്ചിട്ടില്ല എന്ന് പറയാൻ കഴിയുമോ. നമ്മുടെ അതിജീവനത്തിന് വേണ്ടുന്ന തരത്തിലുള്ള കാര്യങ്ങൾ അത്രയും മനസ്സിക്കാനുള്ള ബുദ്ധിയായിക്കൂടെ പ്രകൃതി നമുക്കും തന്നിരിക്കുന്നത്. ഉറുമ്പുകളുടെ ബുദ്ധിക്ക് മനസ്സിലാക്കാൻ കഴിയാത്ത അത്ഭുതങ്ങൾ പ്രകൃതിയിൽ ഉള്ളത് പോലെ നമ്മുടെ ബുദ്ധിക്ക് മനസ്സിലാക്കാൻ കഴിയാത്ത അത്ഭുതങ്ങളും പ്രകൃതിയിൽ, പ്രപഞ്ചത്തിൽ ഉണ്ടായിക്കൂടെ?
മൂന്നാം ഭാഗം: ഭാഷാ പഠനം; എങ്ങനെയാണ് മനുഷ്യൻ അറിവ് സ്വന്തമാക്കുന്നത്?
കംപ്യൂട്ടേഷനിൽ ഈ പ്രശ്നം ഹാൾട്ടിംഗ് പ്രോബ്ലം (Halting problem) എന്നാണ് അറിയപ്പെടുന്നത്. പ്രപഞ്ചത്തിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താൻ കംപ്യൂട്ടിംഗ് ഡിവൈസുകൾക്ക് കഴിയില്ലെന്ന തിരിച്ചറിയൽ. മനുഷ്യന്‍റെ തലച്ചോറും കംപ്യുട്ടേഷണൽ ഡിവൈസായി കാണുന്ന കംപ്യുട്ടേഷണൽ തിയറി ഓഫ് മൈൻഡിലും ഈ പ്രശ്നമുണ്ട്. തലച്ചോർ ചെയ്യുന്നതും കംപ്യുട്ടേഷനാണെങ്കിൽ, തലച്ചോറിനും കംപ്യൂട്ട് ചെയ്യാൻ കഴിയാത്ത പ്രോബ്ലം പ്രപഞ്ചത്തിൽ ഉറപ്പായും ഉണ്ടാകുമെന്ന തിരിച്ചറിവ്. അതായത് മനുഷ്യ ബുദ്ധിക്കും പരിമിതികളുണ്ടാകാം എന്ന തിരിച്ചറിവ്. അതായത് നമ്മുടെ ബുദ്ധിയെ സംബന്ധിച്ചും ഈ പ്രപഞ്ചത്തില്‍ അത്ഭുതങ്ങൾ ഉണ്ടാകാമെന്ന് തന്നെ.
എന്നാല്‍, പ്രപഞ്ചത്തിന്‍റെയും അതിനെ അറിയുന്ന മനുഷ്യബോധത്തിന്‍റെയും രഹസ്യങ്ങൾ അറിയാനുള്ള ശ്രമം മനുഷ്യന് ഉപേക്ഷിക്കാൻ കഴിയില്ല. ഈ അന്വേഷണത്തിൽ ചുരുളഴിച്ച് എടുക്കേണ്ട ഏറ്റവും വലിയ രസസ്യങ്ങളിൽ ഒന്ന് ഭാഷയുടെ രഹസ്യമാണ്. അത് അടുത്ത ആഴ്ച.
നാലാം ഭാഗം: ഭാഷാ പഠനം: മനസും തലച്ചോറും ഒരു ശാസ്ത്രീയ പഠനം
(കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് മലയാള വിഭാഗത്തിൽ " ചോംസ്കിയൻ മിനിമലിസ്റ്റ് പ്രോഗ്രാം മലയാളത്തിൽ - സിദ്ധാന്തവും പ്രയോഗവും " എന്ന വിഷയത്തിൽ ഗവേഷകനാണ് ലേഖകന്‍. )