വെറുമൊരു മൺപാത്രം, ഒരു വർഷം വരെ മുന്തിരി കേടുകൂടാതെയിരിക്കും, വൈറലായി അഫ്ഗാനിൽ നിന്നുള്ള വീഡിയോ
വീഡിയോയിൽ തെരുവിൽ നിന്നുമുള്ള ഒരു പഴക്കച്ചവടക്കാരനെ കാണാം. അയാളുടെ വണ്ടിയിൽ ഒരുപാട് മൺപാത്രങ്ങളും കാണാം. അയാൾ അതിൽ നിന്നും മൺപാത്രമെടുത്ത് പൊട്ടിക്കുമ്പോൾ അതിൽ സൂക്ഷിച്ച് വച്ചിരിക്കുന്ന കേട് കൂടാത്ത മുന്തിരികളാണ് കാണുന്നത്.
സാങ്കേതികവിദ്യ വളരെ വികസിച്ച ഒരു കാലത്താണ് നാം ജീവിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇന്ന് നാം ആ സാങ്കേതികവിദ്യകളും അതിന്റെ ഫലങ്ങളും ഉപയോഗപ്പെടുത്തുന്നുമുണ്ട്. എങ്കിലും, ഇപ്പോഴും പല കാര്യങ്ങളിലും പരമ്പരാഗതമായ വഴികൾ തേടുകയും പിന്തുടരുകയും ചെയ്യുന്ന ആളുകളും ഉണ്ട്. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വീഡിയോ പകർത്തിയിരിക്കുന്നത് അഫ്ഗാനിസ്ഥാനിൽ നിന്നാണ്.
ഈ വീഡിയോയിൽ കാണുന്നത് ഫ്രിഡ്ജൊന്നും ഇല്ലാതെ തന്നെ മുന്തിരി എങ്ങനെ സൂക്ഷിച്ച് വയ്ക്കാം എന്നതാണ്. ദിവസങ്ങളും മാസങ്ങളും എന്തിന് വർഷങ്ങളോളം ഇങ്ങനെ മുന്തിരി കേട് കൂടാതെ സൂക്ഷിച്ച് വയ്‍ക്കാം എന്നാണ് ഇവിടുത്തുകാർ പറയുന്നത്. മൺപാത്രങ്ങൾ ഉപയോഗിച്ചാണ് ഇങ്ങനെ മുന്തിരികൾ കേട് കൂടാതെ സൂക്ഷിച്ച് വയ്‍ക്കുന്നത്. ട്വിറ്റർ യൂസറായ Saud Faisal Malik ആണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.
ഇത് ചരിത്രാതീത കാലത്ത് തന്നെ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മുന്തിരി സംരക്ഷിച്ച് വയ്‍ക്കുന്ന സാങ്കേതികതയാണ്, അവിടെ മുന്തിരി കളിമണ്ണിൽ സംരക്ഷിച്ച് വയ്ക്കുകയും ഒരു വർഷം, ചിലപ്പോൾ വർഷങ്ങൾ തന്നെ കേട് കൂടാതെയിരിക്കുകയും ചെയ്യുന്നു എന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
വീഡിയോയിൽ തെരുവിൽ നിന്നുമുള്ള ഒരു പഴക്കച്ചവടക്കാരനെ കാണാം. അയാളുടെ വണ്ടിയിൽ ഒരുപാട് മൺപാത്രങ്ങളും കാണാം. അയാൾ അതിൽ നിന്നും മൺപാത്രമെടുത്ത് പൊട്ടിക്കുമ്പോൾ അതിൽ സൂക്ഷിച്ച് വച്ചിരിക്കുന്ന കേട് കൂടാത്ത മുന്തിരികളാണ് കാണുന്നത്. ആ പാത്രങ്ങളിൽ നിറയെ അത് പോലെയുള്ള മുന്തിരികളാണ്.
ഇത്രയും കാലം ഈ മുന്തിരി സംരക്ഷിക്കുന്നത് എങ്ങനെയെന്ന് ഡോ. മുഹമ്മദ് ഫിറോസ് ഖാന്റെ @archaeohistories എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് വിശദീകരിക്കുന്നുണ്ട്. കങ്കിന എന്ന് അറിയപ്പെടുന്ന ഈ രീതി നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അഫ്ഗാനിസ്ഥാന്റെ വടക്കൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഇത്തരം മൺപാത്രങ്ങളിൽ മാസങ്ങളോളം മുന്തിരി ഇതുപോലെ സംരക്ഷിക്കാനാവും. അത് എങ്ങനെയാണ് സാധ്യമാകുന്നത് എന്നും കൂടി അദ്ദേഹം വിശദീകരിക്കുന്നുണ്ട്.
ഏതായാലും, ഇത്രയധികം കാലം മുന്തിരി സംരക്ഷിച്ച് വയ്‍ക്കാനാവുന്ന ഈ വഴി നെറ്റിസൺസിനെ ആകർഷിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.