ലോകത്തിനുതന്നെ മാതൃകയായി തലശ്ശേരി സാംസ്ക്കാരിക വിനിമയം, ഒപ്പമുണ്ടാവും പൈതൃക ബിനാലെയും
വിദേശ വിനോദ സഞ്ചാരികളെയടക്കം കേരളത്തിലേക്ക് ആകർഷിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേരളത്തിലെ ഗോത്ര കലകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും, വയനാട്ടിലും പാലക്കാട്ടും ഗ്ലോബൽ ട്രൈബൽ ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കും.
നാഷണൽ സെൻറർ ഫോർ ടാഞ്ചിബിൾ ആൻഡ് ഇന്റൻജിബിൾ കൾച്ചറൽ ഹെറിറ്റേജ് (തെയ്യം -കല -അക്കാദമി) എന്ന കേരള സർക്കാർ സംസ്കാരിക വകുപ്പ് സ്ഥാപനം തലശേരിയിൽ പ്രവർത്തനമാരംഭിക്കുമ്പോൾ ലോകത്തിനു മുൻപിൽ ചരിത്രം രചിക്കുകയാണ് തലശേരിയും കേരളവും. ചൊക്ലിയിൽ പ്രവർത്തിക്കുന്ന തെയ്യം കലാ അക്കാദമിയുടെ ഭാഗമായാണ് കേന്ദ്രം പ്രവർത്തനം തുടങ്ങുക. ഇതിനു സാംസ്ക്കാരിക വകുപ്പിന്റെ ഭരണാനുമതി ലഭിക്കുകയും എൻ.സി.ടി.ഐ.സി.എച്ച് രജിസ്ട്രേഷൻ പൂർത്തിയാക്കുകയും ചെയ്തു.
തെയ്യം, തിറ എന്നീ അനുഷ്ഠാന കലകളുടെയും അവയ്‌ക്കൊപ്പം സാംസ്‌കാരിക അടയാളങ്ങളുടെ മ്യൂസിയം, ആർട്ട് ഗാലറി, തെയ്യം വില്ലേജ് ഉൾപ്പെടെ ഹെറിറ്റേജ് അഥവാ പൈതൃക സംബന്ധിയായ വിഷയങ്ങൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും അത്തരം കലാപ്രവർത്തനങ്ങൾ ഉറപ്പു വരുത്തുകയുമാണ് ഈ സ്ഥാപനത്തിന്റെ പരമോന്നത ലക്ഷ്യം.
തെയ്യം, തിറ, എന്നീ കലാരൂപങ്ങൾക്കു പുറമെ തെയ്യത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ട ഇതര കലകൾ, തെയ്യത്തോട് സാദൃശ്യമുള്ള സമാന കലകൾ എന്നിവയുടെ സംരക്ഷണം, പ്രസാരണം, ഗവേഷണം തുടങ്ങി ഈ രംഗത്തുള്ള കലാകാരന്മാരുടെ ക്ഷേമം ഉറപ്പുവരുത്താനും ലോകമെമ്പാടുമുള്ള തെയ്യം സാദൃശ്യമുള്ള കലാരൂപങ്ങളുടെ ചരിത്രവും നാൾവഴിയും അടയാളപ്പെടുത്താനും ഈ കേന്ദ്രം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സാംസ്കാരിക വകുപ്പ് ഓഫീസർമാർ ഉൾപ്പെട്ട 26 അംഗ ജനറൽ കൗൺസിൽ രൂപവത്ക്കരിച്ചു. യോഗ, കളരിപ്പയറ്റ്, വംശീയ വൈദ്യം എന്നീ കോഴ്സുകൾ ഉടനെ തുടങ്ങും. അതോടൊപ്പം തന്നെ ജ്യോതി ശാസ്ത്രം, ഗണിത ശാസ്ത്രം, തച്ചു ശാസ്ത്രം തുടങ്ങിയ വിഷയങ്ങളെ അക്കാദമിക് വിഭാഗങ്ങളിലും ഉൾപ്പെടുത്തും.
തെയ്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു രൂപം കൊണ്ട കലാരൂപങ്ങൾക്ക് ദേശീയതലത്തിലും അന്തർദേശീയ തലത്തിലും പ്രചരണം നൽകുവാനും ലോകമെമ്പാടുമുള്ള ഇത്തരം സമാനകലകളുടെ 10 ദിവസം നീണ്ടുനിൽക്കുന്ന ഇൻറർനാഷനൽ ഹെറിറ്റേജ് ഫെസ്റ്റിവൽ സംഘടിപ്പിക്കുക, പൈതൃക കലകൾക്ക് അവയുടെ സമാന സ്വഭാവമുള്ള കലാരൂപങ്ങൾക്കും യുനെസ്കോ പോലുള്ള സ്ഥാപനങ്ങളുടെ അംഗീകാരം ലഭ്യമാക്കുവാൻ ഈ കേന്ദ്രം മുന്നിട്ടിറങ്ങും.
ഹെറിറ്റേജ് കലകൾക്കും കലാരൂപങ്ങൾകും അന്തർദേശീയ തലത്തിലുള്ള വിനിമയ കേന്ദ്രമുണ്ടാക്കുകയും ടൂറിസം വകുപ്പ്, പരിസ്ഥിതി വകുപ്പ്, കായിക വകുപ്പ് എന്നീ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഇതര സംസ്ഥാന കലാ രൂപങ്ങളുടെ പ്രദർശനവും അവതരണവും തലശേരിയിൽ എല്ലാവർഷവും സംഘടിപ്പിക്കുവാനും ഈ സ്ഥാപനം ലക്ഷ്യമിടുന്നുണ്ട്.
തെയ്യം എന്ന ഒരു കലാരൂപത്തിന്റെ ചരിത്രപരമായും സാമൂഹികപരമായുമുള്ള വികാസത്തിന് രാജ്യാന്തന്തര വേരുകൾ ഉണ്ട് എന്ന തിരിച്ചറിവാണ് ഇത്തരത്തിൽ തീരുമാനത്തിന് ഷംസീർ MLA ക്ക് പ്രചോദനമായത്. സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയന്റെ പിന്തുണ സർക്കാരിൻറെ പുരോഗനാത്മക നിലപാട് ഇവയെല്ലാം ഒത്തു ചേർന്നപ്പോൾ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു തലശേരി.
തെയ്യമെന്ന അനുഷ്ഠാന കലാരൂപത്തെ അതിന്റെ പ്രഭവകേന്ദ്രമായ കാവുകളിൽത്തന്നെ കെട്ടിയാടിക്കാനും ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള ആളുകൾക്ക് ഓൺലൈനായി തെയ്യം കാണാനും അവസരമൊരുക്കും. കൂടാതെ തെയ്യം ലൈവ് മ്യൂസിയം, തെയ്യം ഡിജിറ്റൽ ഗാലറി, തെയ്യം വില്ലേജ് എന്നിവ നിർമ്മിക്കും. തെയ്യം കലണ്ടറും തയ്യാറാക്കും. കാവുകൾക്ക് സഹായ ധനം, കലാകാരന്മാർക്ക് ആവശ്യമായ ചികിത്സാ സഹായം, ഗ്രാൻഡ് പെൻഷൻ തുടങ്ങിയവ നൽകും. കലാകാരന്മാർക്ക് അണിയലങ്ങൾ വാങ്ങുന്നതിനു സാമ്പത്തിക സഹായം നൽകുക, ഗൂഗിൾ എർത് സാങ്കേതിക വിദ്യയിലൂടെ മുഴുവൻ കാവുകളും ജിയോടാഗ് ചെയ്ത് അടയാളപ്പെടുത്തുക, തെയ്യം രംഗത്തെ പാരമ്പര്യ കലാകാരന്മാരെ ആദരിക്കുക, ഡോക്യുമെന്ററി നിർമ്മിക്കുക എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതാണ്.
അന്തർ ദേശീയ കേന്ദ്രത്തിന്റെ പ്രാധാന്യം
കേരളീയരുടെ മനസ്സിൽ തെയ്യം എന്നത് വടക്കേ മലബാറിലെ കോരപ്പുഴക്കും ചന്ദ്രഗിരി പുഴക്കും ഇടയിലുള്ള സ്വരൂപങ്ങളിൽ കെട്ടിയാടുന്ന മനുഷ്യൻ ദൈവമായി മാറുന്ന അപൂർവ പ്രതിഭാസമുള്ള ഒരു അനുഷ്ഠാന കലയാണ്. തെയ്യത്തിന്റെ ആവിർഭാവത്തെ പറ്റിയും സ്വത്വത്തെപ്പറ്റിയും നിരവധിയായ ഗവേഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും കാലാന്തരങ്ങൾക്കും അപ്പുറത്തുള്ള തെയ്യത്തിൻറെ യാത്രകൾ എവിടെയും അടയാളപ്പെടുത്തിയിട്ടില്ല.
തെയ്യത്തിൽ തന്നെ ഉപവിഭാഗമായ മരക്കല ദേവതമാർ വെളിനാടുകളിൽ നിന്നും ആര്യർ നാടുകളിൽ നിന്നും യാനപാത്രങ്ങളിൽ സഞ്ചരിച്ചു കോലത്തു നാട്ടിലെത്തിയ മരക്കലദേവതമാരെ പറ്റി പ്രതിപാദിക്കുന്ന അനേകം തോറ്റങ്ങൾ നമുക്കുണ്ട്. തെയ്യത്തിൻറെ ആരാധന ക്രമങ്ങളിൽ മരക്കല ദേവതമാരുടെ പ്രാധാന്യം നന്നേ വലുതാണ്. ഈ മരക്കലദേവതമാർ വെളിനാട്ടിൽ നിന്നും വന്നവരാണ് എന്നത് കൊണ്ടുതന്നെ കേരളത്തിന് വെളിയിലും തെയ്യം ഉണ്ട് എന്ന് നമുക്ക് അനുമാനിക്കാം.
പ്രശസ്ത ചരിത്രകാരൻ കെ.കെ.എൻ കുറുപ്പ് തെയ്യത്തിൻറെ സമാനമായ അടയാഭരണങ്ങൾ മോഹൻജെദാരോ ഹാരപ്പൻ നാഗരികതയുടെ അവശിഷ്ടങ്ങളിൽ നിന്നും കണ്ടടുത്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത തെയ്യം ഗവേഷകനായ കണ്ണൻ ഉൾപ്പെടെ നിരവധിയയായ തെയ്യം ഗവേഷകർ കെ.കെ.എൻ കുറുപ്പിൻറെ രേഖപ്പെടുത്തലുകളെ സാധൂകരിക്കുന്നുണ്ട്.
വടക്കേ മലബാറിലെ ഇതിഹാസ തുല്യത ഉള്ള കാവുകളിൽ ഒന്നായ അണ്ടല്ലൂർ കാവിനെയും അണ്ടല്ലൂർ കാവിൽ കെട്ടിയാടുന്ന രാമായണ കേന്ദ്രീകൃത തെയ്യങ്ങൾ ലോകചരിത്രത്തോളം പഴക്കമുള്ളതാണ്. അണ്ടല്ലൂർ കാവിലെ രാമായണ കേന്ദ്രീകൃതമായ തെയ്യങ്ങളുടെ കിരീടം, തേപ്പ്, കുറി എന്നിവയുടെയും വേഷങ്ങളുടെയും മുഖക്കുറിയുടെയും സമാനമായ വേഷവിതാനത്തോടുകൂടി ആണ് ലോകത്തിൻറെ പല ഭാഗത്തും വംശീയ കലാരൂപങ്ങൾ അരങ്ങേറുന്നത് എന്നത് നിസ്സാരമായ കാര്യമല്ല. ഇൻഡോനേഷ്യയിലെ ബാലിയിൽ ഇന്നും രാമായണം അവതരിപ്പിക്കുന്നത് അണ്ടല്ലൂർ കാവിലെ ദൈവത്താർനു സാദൃശ്യമായ വേഷ വിധാനത്തോടെ ആണ്.
ആഴത്തിലുള്ള പഠനം ആവശ്യപ്പെടുന്ന ശാസ്ത്രീയ തെളിവുകൾ
ലോകത്തിൻറെ വിവിധഭാഗങ്ങളിൽ വിവിധ പേരുകളിൽ ഇന്നും തെയ്യവും തെയ്യം കേന്ദ്രീകൃത സംസ്കാരവും നിലനിൽക്കുന്നുണ്ടുവെങ്കിലും അവയൊക്കെ ആവിർഭവിച്ചത് വൈദേശികരായ നാവികന്മാരും ഇഗ്ളീഷുകാരും ഇന്ത്യയിൽ വന്നതിന് ശേഷം കേരളത്തിൽ നിന്നും വ്യാപിച്ചതാകാനേ തരമുള്ളു എന്ന നിഗമനത്തിൽ എത്തി നിൽക്കുകയായിരുന്നു ആന്ത്രോപോളജിസ്റ്റുകളും ചരിത്രകാരന്മാരും. അക്ഷരാർത്ഥത്തിൽ ഇത്തരത്തിലുള്ള എല്ലാ ചർച്ചകളും തെയ്യത്തിന്റെ പ്രായക്കുറവിനെ ഭംഗ്യന്തരേണ അംഗീകരിക്കുന്നതായിരുന്നു. തെയ്യം കാലദേശങ്ങൾക്കപ്പുറത്തുള്ളതാണെന്നും, തെയ്യമാണ് എല്ലാ കലകളുടെയും മാതാവ് എന്നും പണ്ടുതൊട്ടേ ഇതിൻറെ പ്രചാരകർ പറയുന്നുണ്ടെങ്കിലും അവയൊന്നും സാധൂകരിക്കാൻ ഉതകുന്ന ശാസ്ത്രീയ തെളിവുകൾ ഇല്ലാത്തതിനാൽ അത്തരം വാദങ്ങൾക്കൊന്നും മേൽകൈ ലഭിച്ചിരുന്നില്ല.
ലോകത്തെ അത്ഭുതപ്പെടുത്തിയ ശാസ്ത്രീയ വെളിപ്പെടുത്തൽ
ചരിത്രാതീതകാലം മുതൽക്കു തന്നെ മനുഷ്യനിൽ വിശ്വാസം, ആചാരം ഇവയൊക്കെ ഉണ്ടെന്നു പറയപ്പെടുന്നെങ്കിലും ഇതിനു തക്കതായ തെളിവുകൾ ഒന്നും തന്നെ ലോകത്തിനു മുന്നിൽ ഉണ്ടായിരുന്നില്ല. ലോകത്തിലെ എല്ലാ കലകളുടെയും മാതൃത്വം തെയ്യത്തിനു കൽപ്പിച്ചു നൽകാവുന്നതാണ്. ഇതിനോടൊപ്പം തന്നെ ഇന്ന് കാണുന്ന ഏതൊക്കെ കലകൾക്ക് തെയ്യം പ്രചോദനം നൽകി എന്നതും പഠന ഗവേഷണത്തിന് വിധേയമാക്കേണ്ടതാണ്. ലോകത്തിൻറെ വിവിധഭാഗങ്ങളിൽ രാമായണം ഉണ്ട് അവയൊക്കെ അതാത് രാജ്യങ്ങളുടെ സംസ്കാരവുമായി താദാത്മ്യം പ്രാപിക്കപ്പെട്ട രീതിയിൽ ആണ് നിലനിന്നിരുന്നതെങ്കിലും അന്ന് തൊട്ടു ഇന്നുവരെയുള്ള മിത്തുകൾ അടിസ്ഥാനമാക്കി വ്യത്യസ്ത രാജ്യങ്ങളിൽ അവതരിപ്പിച്ചുവരുന്ന രാമായണ സംബന്ധിയായ കലാരൂപങ്ങൾക്കെല്ലാം ഒന്നിലധികം പൊതുസമാനതകൾ ഉണ്ട് എന്നത് വസ്തുതാപരമായി നിഷേധിക്കാൻ ആർക്കും സാധിക്കില്ല.
കേരളത്തിന്റെ പരിധികളിൽ നിന്നും ഈ കേന്ദ്രം ലോകത്തെമ്പാടുമുള്ള സമാനമായ കലാരൂപങ്ങളെ അന്വേഷിക്കേണ്ടിയിരിക്കുന്നു, തെയ്യം പ്രതിനിധാനം ചെയ്യുന്ന അനുഷ്ഠാനത്തിൽ പ്രചോദനം ഉൾക്കൊണ്ട് ലോകത്തിൽ എവിടെയൊക്കെ സമാന കലകൾ ഉണ്ടായി എന്നും ഗവേഷണ നിരീക്ഷണം നടത്തി അവയെ അവയുടെ സ്വഭാവം പ്രകടനപരത എന്നിവയെ അടിസ്ഥാനമാക്കി അത്തരം കലാരൂപങ്ങൾക്കു സംരക്ഷണം നൽകൽ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ എന്നിവ ചെയ്യേണ്ടത് അനിവാര്യമാണ്.
ഹെറിറ്റേജ് കലകൾ, നാടോടി കലകൾ, ഗോത്ര കലകൾ, ചിത്രകലകൾ, നൃത്തം, വാസ്തു ശാസ്ത്രം, കരകൗശല ഉൽപ്പനങ്ങൾ, മെറ്റൽ ക്രാഫ്റ്റ്, ബാംബൂ ക്രാഫ്റ്റ്, മാപ്പിള കലകൾ, ക്രിസ്തീയ കലകൾ എന്നിവ ഉൾപ്പെടുന്നതാണ് കലാ വിഭാഗം. വിദേശ വിനോദ സഞ്ചാരികളെയടക്കം കേരളത്തിലേക്ക് ആകർഷിക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേരളത്തിലെ ഗോത്ര കലകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും, വയനാട്ടിലും പാലക്കാട്ടും ഗ്ലോബൽ ട്രൈബൽ ക്രാഫ്റ്റ് വില്ലേജ് സ്ഥാപിക്കും. കേന്ദ്ര ട്രൈബൽ വകുപ്പ് ട്രൈബ്സ് ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തിയതാണിത്. വിവിധ സംസ്ഥാനങ്ങളിലെ ആദിമ നിവാസികൾ, ഗോത്ര വർഗ്ഗക്കാർ, നാടോടികൾ എന്നിവരുടെ കര കൗശല ഉൽപ്പനങ്ങൾ പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനുമുള്ള സ്ഥിരം കേന്ദ്രമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കരകൗശല ഉൽപ്പന്നങ്ങൾ ഓൺലൈൻ വഴി നടത്താൻ ഉള്ള അനുമതിയും സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. എല്ലാ വർഷവും തലശ്ശേരിയിൽ ഗ്ലോബൽ ഹെറിറ്റേജ് ഫെസ്റ്റിവൽ സംഘടിപ്പിക്കുക എന്നതും പദ്ധതിയിൽ ഉണ്ട്.
ഹെറിറ്റേജ് കലകൾ പഠിക്കുവാനും അവയുടെ സർട്ടിഫിക്കറ്റ് കോഴ്സുകൾ നൽകാനും അക്കാദമി പദ്ധതി ആരംഭിക്കും. മൊയാരത്തു ശങ്കരന്റെ പേരിൽ ഒരു ദേശിയ ചരിത്ര പൈതൃക ഗാലറി ചൊക്ലിയിൽ സ്ഥാപിക്കുന്നതിനായി സാംസ്ക്കാരിക വകുപ്പ് രണ്ടുകോടി രൂപ അനുവദിച്ചിരിക്കുന്നു.
(തയ്യാറാക്കിയത്: ശബ്ന ശശിധരൻ)