104 വർഷം, 5 തലമുറയിലായി 140 -ൽ അധികം ഡോക്ടർമാർ; പക്ഷേ, കളം വിടാൻ ആറാം തലമുറ; അറിയാം ദില്ലി 'ഡോക്ടർ സാമ്രാജ്യം'
1900 -കളിൽ ലാഹോർ സ്റ്റേഷൻ മാസ്റ്ററായിരുന്ന ലാല ജീവൻമൽ സബർവാളിന്‍റെ സ്വപ്നങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ സബർവാൾ ഡോക്ടർ കുടുംബം.
ഒരു കുടുംബത്തിലെ അഞ്ച് തലമുറ ഡോക്ടർമാരാണ്, ഏതാണ്ട് 140 -ലധികം കുടുംബാംഗങ്ങള്‍. ദില്ലി കരോൾ ബാഗിലെ സബർവാൾ കുടുംബത്തിന്‍റെ 104 വർഷത്തെ ഡോക്ടർ പാരമ്പര്യമാണത്. ഗൈനക്കോളജിസ്റ്റുകൾ, റേഡിയോളജിസ്റ്റുകൾ, സർജന്മാർ, ഓർത്തോപീഡിസ്റ്റുകൾ, യൂറോളജിസ്റ്റുകൾ, ശിശുരോഗ വിദഗ്ധർ, ജനറൽ ഫിസിഷ്യൻമാർ എന്നിങ്ങനെ ഡോക്ടർമാരെ തട്ടി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് കുടുംബത്തില്‍. പക്ഷേ, അഞ്ച് തലമുറ തുടർന്നുവന്ന പാരമ്പര്യത്തിനോട് പുതുതലമുറയ്ക്ക് അത്ര പ്രതിപത്തിയില്ല. അവര്‍ക്ക് മറ്റുവഴികളിക്കും കടന്നു ചെല്ലണം.
1900 -കളിൽ ലാഹോർ സ്റ്റേഷൻ മാസ്റ്ററായിരുന്ന ലാല ജീവൻമൽ സബർവാളിന്‍റെ സ്വപ്നങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ സബർവാൾ ഡോക്ടർ കുടുംബം. സ്വാതന്ത്ര്യ സമര കാലം. അന്ന്, ലാഹോര്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗം.
ആരോഗ്യമുള്ള തലമുറയുടെയും വിദ്യാഭ്യാസത്തിന്‍റെ പ്രധാന്യത്തെ കുറിച്ചും ഗാന്ധിജിയുടെ പ്രസംഗം കേട്ട ലാല ജീവൻമൽ തന്‍റെ നാല് ആൺമക്കളും ഡോക്ടർമാരാകണമെന്നും ജനസേവനം ചെയ്യണമെന്നും ആഗ്രഹിച്ചു. മക്കള്‍ക്ക് വേണ്ടി അദ്ദേഹം ആശുപത്രി പണിയാൻ തീരുമാനിച്ചു. ഒടുവില്‍, കുടുംബത്തിലെ ആദ്യത്തെ ഡോക്ടർ ഡോ ബോധ്രാജ് സബർവാള്‍ പഠിച്ചിറങ്ങി. തന്‍റെ മക്കള്‍ ഡോക്ടർമാരെ തന്നെ വിവാഹം കഴിക്കണമെന്നും അദ്ദേഹം ശഠിച്ചു. ഇതോടെ 'രോഗീ സേവനം ദൈവ സേവനം' എന്നതായി കുടുംബത്തിന്‍റെ ആപ്തവാക്യം.
വരും തലമുറകളും തന്‍റെ സ്വപ്നം പിന്തുടര്‍ന്ന് ഡോക്ടർമാരായി സമൂഹത്തെ സേവിക്കണമെന്ന് ജീവൻമാൾ എപ്പോഴും ആഗ്രഹിച്ചു. കഴിഞ്ഞ അഞ്ച് തലമുറകള്‍ അദ്ദേഹത്തിന്‍റെ സ്വപ്നത്തെ നെഞ്ചേറ്റി. ഇന്ന് രാജ്യതലസ്ഥാനമായ ദില്ലിയില്‍ സബർവാൾ കുടുംബത്തിന് അഞ്ച് ആശുപത്രികളാണ് ഉള്ളത്. ജീവൻമാലിന്‍റെ നിർദ്ദേശങ്ങൾ കുട്ടികൾക്ക് മാത്രമല്ല, അവരുടെ ഭാവി ജീവിതപങ്കാളികൾക്കും വേണ്ടിയായിരുന്നു. ഈ കുടുംബത്തിൽ, ഇണകൾ പൊരുത്തപ്പെടുന്നത് ജാതകപൊരുത്തം നോക്കിയല്ല, മറിച്ച് അവരുടെ തൊഴിൽ നോക്കിയാണെന്ന് കുടുംബാംഗങ്ങളും പറയുന്നു.
“ഞങ്ങളുടെ കുട്ടികൾ മെഡിക്കൽ സ്‌കൂളിൽ പ്രവേശിക്കുമ്പോഴെല്ലാം, അവർക്ക് ഒരു ഡോക്ടറെ ഡേറ്റ് ചെയ്ത് വിവാഹം കഴിക്കാൻ മാത്രമേ കഴിയൂ എന്ന് ഞങ്ങൾ അവരോട് പറയാറുണ്ട്,” കുടുംബാംഗമായ ഡോ. സുദർശൻ പറയുന്നു. വീട്ടിൽ അച്ഛനും അമ്മയും മക്കളും മരുമക്കളും അമ്മായിയും അമ്മാവനും അങ്ങനെ രക്തബന്ധങ്ങള്‍ പലതാണെങ്കിലും ആശുപത്രിയില്‍ അവര്‍ രോഗികളെ നോക്കുന്ന ഡോക്ടർമാരാകും. വീടും ആശുപത്രിയും തമ്മിലുള്ള ദൂരക്കുറവ് തങ്ങളുടെ ജോലിയെ കൂടുതല്‍ എളുപ്പമുള്ളതാക്കുന്നെന്ന് കുടുംബാഗങ്ങളും കൂട്ടിച്ചേർക്കുന്നു. പക്ഷേ, പുതിയ തലമുറയ്ക്ക് ആതുരസേവനത്തോട് അത്ര പ്രതിപത്തിയില്ല. അവര്‍ക്ക് എഴുത്തുകാരും ക്രിക്കറ്റ് കളിക്കാരും എഞ്ചിനീയർമാരുമാകണം. എങ്കിലും അക്കൂട്ടത്തിലും പാരമ്പര്യം നിലനിർത്താനും ചിലര്‍ തയ്യാറെന്നത് കുടുംബത്തിന് ആശ്വാസം നല്‍കുന്നു.
ഞെട്ടിക്കുന്ന ആ രാത്രിയിലെ സിസിടിവി കാഴ്ചകളിലേക്ക് ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയതെങ്ങനെ?