ബ്ലെയ്ഡ് മുറിച്ച് വായിലിടും, മദ്യപിക്കാന്‍ കവര്‍ച്ച, ഒരാഴ്ച മുന്‍പ് ജയില്‍ മോചിതന്‍; മഹേഷ് വീണ്ടും അറസ്റ്റില്‍
ജയില്‍ മോചിതരായ കുറ്റവാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വെസ്റ്റ് പൊലീസിന്റെ വലയിലായത്.
തൃശൂര്‍: ദിവാന്‍ജിമൂലയില്‍ കഴിഞ്ഞ ദിവസം യുവാവിന് വെട്ടേറ്റ സംഭവത്തിലെ പ്രതി പിടിയില്‍. തിരുവനന്തപുരം കുര്യാത്തി സ്വദേശി മഹേഷ് ആണ് പിടിയിലായത്. അടുത്തിടെ ജയില്‍ മോചിതരായ കുറ്റവാളികളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വെസ്റ്റ് പൊലീസിന്റെ വലയിലായത്.
സ്ഥിരം കുറ്റവാളിയാണ് 35കാരന്‍ മഹേഷ് എന്ന് പൊലീസ് പറഞ്ഞു. പോക്കറ്റടി, പിടിച്ചു പറി ഉള്‍പ്പടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്. ബ്ലെയ്ഡ് മുറിച്ച് വായിലിട്ട് നടക്കുന്ന കുപ്രസിദ്ധിയുമുണ്ട്. ഒരാഴ്ചയായില്ല ജയില്‍ മോചിതനായിട്ട്. തൃശൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണമാണ് അന്നം. മദ്യപിക്കാനുള്ള കാശിനാണ് ഇയാള്‍ കവര്‍ച്ച നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രി എട്ടു മണിയോടെ പൂത്തോളിലെ ബാറിന് സമീപമായിരുന്നു സംഭവം നടന്നത്. നടന്നു വരികയായിരുന്ന ആന്ധ്രാ സ്വദേശി ബോയ രാമകൃഷ്ണക്ക് ആണ് വെട്ടേറ്റത്. പിടിച്ചു പറിക്കിടെയാവാം വെട്ട് എന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. കഴുത്തിന് വെട്ടേറ്റ ബോയ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവം പുറത്തുവന്നതിന് പിന്നാലെ വെസ്റ്റ് പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞു നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. അടുത്തിടെ ജയില്‍ മോചിതരായവരില്‍ മഹേഷുമുണ്ടായിരുന്നു. സിസി ടിവി ദൃശ്യങ്ങളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ മഹേഷാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിക്കുകയും ഉടന്‍ തന്നെ നഗരത്തില്‍ നിന്ന് പിടികൂടുകയുമായിരുന്നു. വൈകിട്ടോടെ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ അക്രമ സംഭവമാണ് ദിവാന്‍ജിമൂലയിലുണ്ടാവുന്നത്. മൂന്നിലും സംഭവം നടന്നതിന് പിന്നാലെ പ്രതികളെ വലയിലാക്കാന്‍ പൊലീസിന് സാധിച്ചു. ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ നിരീക്ഷണം ശക്തമാക്കാനാണ് പൊലീസ് തീരുമാനം.
പ്രവാസിയുടെ ഭാര്യയും മക്കളും കൊല്ലപ്പെട്ട സംഭവം: 'പ്രതി എത്തിയത് കൊല്ലണമെന്ന ഉദ്ദേശത്തോടെ'