87 ലക്ഷത്തിന്‍റെ ബാധ്യത തീര്‍ക്കാമെന്ന് പറഞ്ഞ് 17 ലക്ഷം തട്ടി; കൊടകര കുഴൽപ്പണക്കേസ് പ്രതികൾക്കെതിരെ വീട്ടമ്മ
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച കൊടുങ്ങല്ലൂര്‍ സ്വദേശിനിക്ക് രണ്ട് സഹകരണ ബാങ്കുകളിലായി 87 ലക്ഷം രൂപ ബാധ്യതയുണ്ടായിരുന്നു.
തൃശൂര്‍: കുറഞ്ഞ പലിശയ്ക്ക് പണമെടുത്ത് നല്‍കാമെന്ന് പറഞ്ഞ് കൊടകര കുഴല്‍പ്പണക്കേസ് പ്രതികള്‍ പതിനേഴര ലക്ഷം തട്ടിയതായി പരാതി. കൊടുങ്ങല്ലൂര്‍ സ്വദേശിനിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു വിരമിച്ച കൊടുങ്ങല്ലൂര്‍ സ്വദേശിനിക്ക് രണ്ട് സഹകരണ ബാങ്കുകളിലായി 87 ലക്ഷം രൂപ ബാധ്യതയുണ്ടായിരുന്നു. കുറഞ്ഞ പലിശയ്ക്ക് പണം ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഒരു പരിചയക്കാരിയാണ് രണ്ട് യുവാക്കളെ ഇവരുടെ അടുത്തെത്തിക്കുന്നത്. നാട്ടുകാരായതിനാല്‍ സംശയമൊന്നും തോന്നിയില്ല. മറ്റൊരു ബാങ്കില്‍ കരാറെഴുതാനെന്നു പറഞ്ഞ് പലപ്പോഴായി വാങ്ങിയത് പതിനേഴര ലക്ഷം രൂപ. ബാങ്കു വഴി ഏഴും പത്തര ലക്ഷം രൂപ പണമായുമാണ് വാങ്ങിക്കൊണ്ടു പോയത്.
സംശയം തോന്നിയതോടെ വീട്ടമ്മ പൊതുപ്രവര്‍ത്തകരോട് വിവരം പറഞ്ഞു. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ കൊടകര കുഴല്‍പ്പക്കേസിലെ പ്രതിയായ രഞ്ജിത്തിന്‍റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നതെന്ന് വ്യക്തമായി. വൈകാതെ വീട്ടമ്മ ഇരിങ്ങാലക്കുട പൊലീസില്‍ പരാതിയും നല്‍കി. ബാങ്കില്‍ നിന്ന് ആധാരമെടുത്ത് മറ്റൊരു ബാങ്കില്‍ മാറ്റിവയ്ക്കാനായിരുന്നു പദ്ധതി. അത് നടന്നിരുന്നെങ്കില്‍ ഏഴ് കോടിയോളം രൂപ വിലയുള്ള സ്വത്ത് നഷ്ടപ്പെടുമായിരുന്നെന്നാണ് വീട്ടമ്മ പറയുന്നത്.