സ്കൂട്ടറിലെത്തി സ്കെച്ചിട്ടു, ആദ്യ ശ്രമം പാളി, പക്ഷേ 69 പവൻ സ്വർണ്ണം കവർന്നു; ലോഡ്ജ് വളഞ്ഞ് യുവാക്കളെ പൊക്കി

കൊടുങ്ങല്ലൂരിലെ ലോഡ്‌ജ്‌ വളഞ്ഞാണ് പൊലീസ് ഇരുവരേയും പിടികൂടിയത്. മോഷണത്തിനായി സംഘം എത്തിയ സ്കൂട്ടറും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും കറുത്ത മാസ്ക് ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളും പൊലീസ് കണ്ടെടുത്തു.

two youth arrested for 69 sovereigns of gold stolen from kodungallur

കൊച്ചി: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസ്സിൽ രണ്ട് യുവാക്കൾ എറണാകുളത്ത് അറസ്റ്റിൽ. കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി ബൈജു നോർത്ത് പറവൂർ കാഞ്ഞിരപറമ്പിൽ വീട്ടില്‍ നിസാർ എന്നിവരെയാണ് എറണാകുളം പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞ 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാൽപ്പറമ്പിൽ രഞ്ജിത്ത് ആർ നായരുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണം കവർച്ച നടത്തിയത്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. 

വീട്ടുടമസ്ഥന്‍റെ പരാതിയിൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊടുങ്ങല്ലൂരിലെ ലോഡ്‌ജിൽ നിന്നും പ്രതികളെ പിടികൂടിയത്. പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും 47 പവനോളം സ്വർണ്ണാഭരണം പൊലീസ് കണ്ടെടുത്തു. സ്കൂട്ടറിൽ കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീടാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് രണ്ടംഗ സംഘം മോഷണത്തിന് കയറിയതെന്ന് പൊലീസ് പറഞ്ഞു. ആദ്യം മുൻവശത്തെ വാതിൽ പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അവിടെയുണ്ടായിരുന്ന ഗോവണി ഉപയോഗിച്ച് രണ്ടാം നിലയിൽ കയറി വാതിൽ തുറന്ന് അലമാരിയിൽ സൂക്ഷിച്ച സ്വർണ്ണം കവർന്ന് കടന്നുകളയുകയായിരുന്നു.

അന്ന് രാത്രി തന്നെ മറ്റൊരു വീട്ടിൽ കയറി മോഷ്ടിക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. കൊടുങ്ങല്ലൂരിലെ ലോഡ്‌ജ്‌ വളഞ്ഞാണ് പൊലീസ് ഇരുവരേയും പിടികൂടിയത്. മോഷണത്തിനായി സംഘം എത്തിയ സ്കൂട്ടറും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും കറുത്ത മാസ്ക് ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളും പൊലീസ് കണ്ടെടുത്തു. ബൈജുവിനെതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 16 കേസ്സുകളുണ്ട്. പ്രതികൾക്കെതിരെ കൂടുതൽ കേസ്സുകൾ ഉണ്ടോ എന്നും പൊലീസ് അന്വേഷിച്ചുവരുന്നുണ്ട്. 

Read More : 'ഗേറ്റിനടുത്തേക്ക് ഒരാൾ'; പൊന്നാനിയില്‍ വീട് കുത്തിത്തുറന്ന് 350 പവന്‍ കവര്‍ന്ന സംഭവം, സിസിടിവി ദൃശ്യങ്ങൾ

Latest Videos
Follow Us:
Download App:
  • android
  • ios