ചിക്കൻ വാങ്ങാൻ തിരക്കോട് തിരക്ക്! പകലും രാത്രിയും ഒരുപോലെ ആളുകൾ; പരിശോധനയിൽ പിടിച്ചത് 200 കിലോ പുകയില ഉത്പന്നം
കോഴിയിറച്ചി വ്യാപാരിയായ രാജ കച്ചവടത്തിൻ്റെ മറവിൽ പുകയില ഉത്പന്നങ്ങളുടെ വിൽപന നടത്തുകയായിരുന്നു.
കൊല്ലം: കൊല്ലത്ത് കോഴിയിറച്ചി കച്ചവടത്തിന്റെ മറവിൽ പുകയില ഉത്പന്നങ്ങളുടെ വിൽപന. മുണ്ടക്കലിലെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 200 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. മുണ്ടക്കൽ സ്വദേശി രാജക്കെതിരെ എക്സൈസ് കേസെടുത്തു.
മുണ്ടക്കലിലെ രാജയുടെ വീട്ടിൽ രാത്രിയും പകലും നിരവധിയാളുകൾ വന്നു പോയിരുന്നു. കോഴിയിറച്ചി വ്യാപാരിയായ രാജ കച്ചവടത്തിൻ്റെ മറവിൽ പുകയില ഉത്പന്നങ്ങളുടെ വിൽപന നടത്തുകയായിരുന്നു. കൊല്ലം എക്സൈസ് സംഘം വീടും പരിസരവും നിരീക്ഷണ വലയത്തിലാക്കി.
രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും 200 കിലോ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. 9 ചാക്കുകളിലായാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ഇവ തൂക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു. പ്രതി രാജ നിലവിൽ ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്ന് എക്സൈസ് അറിയിച്ചു.