വാടക കെട്ടിടത്തില്‍ എംഡിഎംഎ, ഹാഷിഷ് ഓയില്‍ വില്‍പ്പന: വല വിരിച്ച് യോദ്ധാവ്, മൂന്ന് യുവാക്കള്‍ പിടിയില്‍
തൃശൂര്‍, കോഴിക്കോട് സ്വദേശികളാണ് പിടിയിലായത്
കൊച്ചി: നിരോധിത ലഹരിയായ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ കൊച്ചിയില്‍ പിടിയിൽ. കോഴിക്കോട് ശിവപുരം വട്ടോളി ബസാർ തിയ്യക്കണ്ടി വീട്ടിൽ അശ്വിൻ എസ് കുമാർ (24), തൃശൂർ ആറ്റൂമണലടി മുണ്ടനാട്ടു പീടികയിൽ ഫഹദ് മോൻ എം എസ് (20), കോഴിക്കോട് മേപ്പയ്യൂർ കൂനംവള്ളികാവ് ചെറുകുന്നുമേൽ വീട്ടിൽ അലൻ ഡി ബാബു (25) എന്നിവരെയാണ് കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡും കളമശ്ശേരി പൊലീസും ചേർന്ന് പിടികൂടിയത്.
ഇന്നലെ വൈകീട്ടോടെയാണ് സംഭവം നടന്നത്. കളമശ്ശേരി കരിപ്പായി റോഡിലുള്ള മാഞ്ഞൂരാൻ എസ്റ്റേറ്റ് എന്ന കെട്ടിടത്തിലെ മൂന്നാം നിലയിൽ വാടകയ്ക്ക് താമസിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തി വരുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. ഇവരിൽ നിന്നും 1.17 ഗ്രാം എംഡിഎംഎയും 4.58 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു.
കളമശ്ശേരി പൊലീസ് സബ് ഇൻസ്പെക്ടർ വിനോജിന്റെ നേതൃത്വത്തിൽ യോദ്ധാവ് സ്ക്വാഡിന്റെ സഹായത്തോടെ സബ് ഇൻസ്പെക്ടറായ അരുൺ കുമാർ, ഗ്രേഡ് എസ്.ഐ ജോസ്, പൊലീസുകാരായ സജീവ്, ആദർശ് എന്നിവർ ഉൾപ്പെടുന്ന പൊലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.