സവാളയുടെ മറവിൽ ഹാൻസ് കടത്താൻ ശ്രമം: പിടിച്ചെടുത്തത് 20 ലക്ഷത്തിന്റെ പുകയില ഉൽപ്പന്നങ്ങൾ, രണ്ടു പേർ അറസ്റ്റിൽ
പിക്ക് അപ്പ് വാനില്‍ സവാള ചാക്കുകള്‍ക്ക് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളെന്ന് പൊലീസ്.
പത്തനംതിട്ട: തിരുവല്ലയില്‍ 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടു പേര്‍ അറസ്റ്റില്‍. പാലക്കാട് തിരുമറ്റക്കോട് സ്വദേശികളായ അമീന്‍, ഉനൈസ് എന്നിവരാണ് പിടിയിലായത്.
പിക്ക് അപ്പ് വാനില്‍ സവാള ചാക്കുകള്‍ക്ക് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങളെന്ന് പൊലീസ് പറഞ്ഞു. 45 സവാള ചാക്കുകളിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്. ബംഗളൂരുവില്‍ നിന്നുമാണ് പ്രതികള്‍ ലഹരി വസ്തുക്കള്‍ കൊണ്ടുവന്നത്. തിരുവല്ലയിലെ മൊത്തക്കച്ചവടക്കാര്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നതെന്നാണ് നിഗമനമെന്നും പൊലീസ് പറഞ്ഞു.
അമീനും ഉനൈസും ഇതര സംസ്ഥാനങ്ങളില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്നും പൊലീസ് അറിയിച്ചു. മുന്‍പും ഇവര്‍ പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയിട്ടുണ്ട്. ജില്ലയുടെ പല ഭാഗങ്ങളിലേക്കും ഇവര്‍ ഹാന്‍സ് കടത്തുന്നുണ്ടെന്നാണ് അറിഞ്ഞത്. ഇത് സംബന്ധിച്ചും സംഘത്തിലെ മറ്റ് അംഗങ്ങളെ കുറിച്ചും വിശദമായ അന്വേഷണം നടത്തി കൊണ്ടിരിക്കുകയാണെന്ന് തിരുവല്ല ഡിവൈഎസ്പി എസ്. അഷാദ് പറഞ്ഞു.
റെയില്‍വേ സ്റ്റേഷനില്‍ കഞ്ചാവ് ഉപേക്ഷിച്ച നിലയില്‍
ആലപ്പുഴ: കായംകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 8.24 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതായി എക്‌സൈസ്. കായംകുളം എക്‌സൈസും, ആര്‍പിഎഫ് സംഘവും സംയുക്തമായിട്ടായിരുന്നു പരിശോധന. പ്രതി ആരെന്നുള്ള അന്വേഷണം ആരംഭിച്ചു. പരിശോധന കണ്ടു ഭയന്ന് പ്രതി കഞ്ചാവ് ഉപേക്ഷിച്ചു പോയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് എക്‌സൈസ് അറിയിച്ചു.
ആര്‍പിഎഫ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എകെ പ്രിന്‍സ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്യാം കുമാര്‍, ആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ ചരിത്ര, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ അംജിത്ത്, ക്ലീറ്റസ്, കോണ്‍സ്റ്റബിള്‍മാരായ രാജേഷ് കുമാര്‍, അഭിലാഷ്, വനിതാ കോണ്‍സ്റ്റബിള്‍ രമ്യ, കായംകുളം എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസര്‍ ബിനു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രവീണ്‍, രാഹുല്‍ കൃഷ്ണന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സവിത രാജന്‍, ഷൈനി നാരായണന്‍, എക്‌സൈസ് ഡ്രൈവര്‍ ഭാഗ്യനാഥ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.