തിരുവനന്തപുരത്ത് ക്ഷേത്രത്തിലെത്തിയ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരിക്ക് 8 വർഷം കഠിന തടവ് ശിക്ഷ
ക്ഷേത്രത്തിൽ പൂജ ചെയ്യാൻ വന്ന പെൺകുട്ടിയെ ജാതകം നോക്കി തരാം എന്ന വ്യാജേനെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു
തിരുവനന്തപുരം: ബാലരാമപുരത്ത് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ചു കേസിൽ പൂജാരിക്ക് എട്ട് വർഷം കഠിനതടവ്. മണിയപ്പൻ പിള്ള എന്ന മണി പോറ്റിയെയാണ് ശിക്ഷിച്ചത്. ക്ഷേത്രത്തിൽ പൂജ ചെയ്യാൻ വന്ന പെൺകുട്ടിയെ ജാതകം നോക്കി തരാം എന്ന വ്യാജേനെ മുറിയിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. തിരുവനന്തപുരം പോക്‌സോ കോടതി തടവിന് ശിക്ഷിച്ചത്. 2020ലാണ് കേസിന് ആസ്പദമായ സംഭവം. കോടതിയിൽ പ്രാണിക് ഹീലിംഗ് ചികിത്സയാണ് നടത്തിയതെന്ന് പ്രതി വിശദീകരിച്ചിരുന്നു. എന്നാൽ കോടതി ഇത് അംഗീകരിച്ചില്ല. ക്ഷേത്ര പൂജാരി തന്നെ ഇത്തരം കുറ്റങ്ങൾ ചെയ്യുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
ആദ്യ ദിവസം അർച്ചന നടത്താൻ അമ്മയോടൊപ്പം കുട്ടി എത്തിയ സമയം ക്ഷേത്ര നട അടച്ചു. ഇത് കാരണം അടുത്ത ദിവസം കുട്ടി മാത്രം ക്ഷേത്രത്തിൽ എത്തി. മറ്റ് ഭക്തജനങ്ങൾ പോകുന്നത് വരെ കുട്ടിയെ പൂജാരി മാറ്റി നിർത്തി. ശേഷം കുട്ടിയുടെ ജാതകം പരിശോധിക്കാനെന്ന വ്യാജേന പൂജാരിയുടെ മുറിയിൽ കൊണ്ടു പോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കുട്ടി നിലവിളിച്ച് കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
വിചാരണ വേളയിൽ പ്രതി പ്രാണിക് ഹീലിംഗ് എന്ന ചികിത്സയാണ് നടത്തിയതെന്നും നാഷണൽ സ്കിൽ ഇന്ത്യാ മിഷൻ നൽകിയ ഹിപ്നോട്ടിസം കോഴ്സിൽ പങ്കെടുക്കുന്നതിന്റെ രേഖ ഇതിനായി കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത്തരം സർട്ടിഫിക്കറ്റ് നൽകുന്നത് ഈ ക്ലാസ്സുകളിൽ പങ്കെടുത്തുവെന്ന സർട്ടിഫിക്കറ്റ് മാത്രമാണെന്നും അല്ലാതെ ഇത് നാഷണൽ സ്കിൽ മിഷൻ നൽകുന്ന അദ്ധ്യാപന സർട്ടിഫിക്കറ്റല്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്ര പൂജാരി തന്നെ ഇത്തരം കുറ്റങ്ങൾ ചെയ്യുന്നത് ന്യായീകരിക്കാൻ കഴിയില്ലെന്നും ഇത് അതീവ ഗുരുതരമാണെന്നും കോടതി നിരീക്ഷിച്ചു. ഫോർട്ട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കാട്ടായിക്കോണം ജെ.കെ. അജിത് പ്രസാദായിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ.