കൊലയിലെത്തിയ സംശയം, ഭാര്യയേയും സുഹൃത്തിനേയും തലക്കടിച്ച് കൊന്നയാൾക്ക് ജീവപര്യന്തം
തേപ്പ് പണിക്കാരനായ സുരേഷിൻ്റെ സഹായിയായിരുന്നു മല്ലി. ഇവർ തമ്മിൽ അടുപ്പം ഉണ്ടെന്ന ഭർത്താവ് നഞ്ചൻ്റ സംശയമാണ് കൊലപാതകത്തിന് കാരണം
അട്ടപ്പാടി: അട്ടപ്പാടിയിൽ യുവതിയും സുഹൃത്തും കൊല്ലപ്പെട്ട കേസിൽ യുവതിയുടെ ഭർത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. കള്ളമല താഴെ ഊരിലെ മല്ലി, സുഹൃത്ത് സുരേഷ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് നഞ്ചന് മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് എത്തിയത്.
2017 നവംബർ 27 ന് രാത്രിയാണ് മല്ലിയെയും സുഹൃത്ത് സുരേഷിനെയും പണി തീരാത്ത വീടിന്റെ ടെറസിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. തേപ്പ് പണിക്കാരനായ സുരേഷിൻ്റെ സഹായിയായിരുന്നു മല്ലി. ഇവർ തമ്മിൽ അടുപ്പം ഉണ്ടെന്ന ഭർത്താവ് നഞ്ചൻ്റ സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷൻ കേസ്. കോൺക്രീറ്റ് വാർക്കാൻ ഉപയോഗിക്കുന്ന മുളകൊണ്ടാണ് ഇരുവരെയും തലയ്ക്ക്അടിച്ച് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം സുരേഷിന്റെ പോക്കറ്റിലുണ്ടായിരുന്ന 26000 രൂപയുമായി നഞ്ചൻ ചായക്കടയിൽ എത്തുകയും അവിടെ കൊടുക്കാനുള്ള കുടിശിക തീർക്കുകയും ചെയ്തു.
രക്തം പുരണ്ട നോട്ടുകളും നഞ്ചന്റെ വസ്ത്രത്തിലെ രക്തപ്പാടുകളും കണ്ട് സംശയം തോന്നിയ കടക്കാരൻ പൊലീസിൽ വിവരമറിയിച്ചു. പിന്നാലെ പൊലീസ് എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്ത് അറിയുന്നത്. കസ്റ്റഡിയിൽ എടുത്ത നഞ്ചന്റെ കുറ്റസമ്മത മൊഴിയും സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് കുറ്റം തെളിയിക്കാൻ സഹായമായത്. മനപ്പൂർവമല്ലാത്ത നരഹത്യ വകുപ്പ് അനുസരിച്ച്ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപയുമാണ് മണ്ണാർക്കാട് പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. കൊല്ലപ്പെട്ട സുരേഷിന്റെ പോക്കറ്റിൽ നിന്ന് പണം അപഹരിച്ചതിന് മൂന്ന് വർഷം കഠിന തടവും കോടതി വിധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം