സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനെ കൊന്ന ശേഷം കള്ളക്കഥ മെനഞ്ഞ് ഭർത്താവ്, നിർണായക തുമ്പ് വാഷിംഗ് മെഷീനിൽ, പിടിവീണു

നിഷയുടെ സർവീസ് ബുക്കിലും ഇൻഷുറൻസിലും ബാങ്ക് അക്കൗണ്ടിലും നോമിനിയായി തന്‍റെ പേര് നൽകാത്തത് ഭര്‍ത്താവ് മനീഷ് ശർമ്മയെ അസ്വസ്ഥനാക്കിയെന്ന് പൊലീസ് പറഞ്ഞു.

sub divisional magistrate killed by husband washing machine helped to arrest the accused SSM

ഭോപ്പാൽ: സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്‍റെ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവാണെന്ന തുമ്പ് പൊലീസിന് ലഭിച്ചത് വാഷിങ് മെഷീനില്‍ നിന്ന്. തെളിവുകള്‍ ഇല്ലാതാക്കാനും പൊലീസ് അന്വേഷണം വഴിതെറ്റിക്കാനും ഭർത്താവ് ശ്രമിച്ചിരുന്നു. പക്ഷേ പൊലീസിന്‍റെ പഴുതടച്ച അന്വേഷണത്തിലൂടെ പിടിവീണു. മധ്യപ്രദേശിലാണ് സംഭവം.  

ഡിൻഡോരി ജില്ലയിലെ ഷാഹ്പുരയിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായ നിഷ നാപിത് ആണ് കൊല്ലപ്പെട്ടത്. നിഷയെ കൊലപ്പെടുത്തിയത് ഭര്‍ത്താവ് മനീഷാണെന്ന് സഹോദരി നീലിമ നാപിത് ആരോപിച്ചിരുന്നു. പണത്തിനായി ഇയാള്‍ നിഷയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും നീലിമ പറഞ്ഞു. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട നിഷയും മനീഷും 2020ലാണ് വിവാഹിതരായത്. മനീഷ് തൊഴില്‍രഹിതനായിരുന്നു. 

ഞായറാഴ്ച വൈകുന്നേരം 4 മണിയോടെയാണ് മനീഷ് നിഷയെ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ എത്തുമ്പോഴേക്കും നിഷയുടെ മരണം സംഭവിച്ചിരുന്നു. ഉടന്‍ പൊലീസ് സ്ഥലത്തെത്തി. ഇതൊരു സ്വാഭാവിക മരണമാണെന്ന് സ്ഥാപിക്കാനാണ് മനീഷ് ശ്രമിച്ചത്. നിഷയ്ക്ക് വൃക്കസംബന്ധമായ അസുഖമുണ്ടെന്ന് മനീഷ് പറഞ്ഞു. എന്നാല്‍ നിഷയ്ക്ക് ഒരു അസുഖമുണ്ടായിരുന്നില്ലെന്ന് സഹോദരി നീലിമ പൊലീസിനോട് വ്യക്തമാക്കി. 

മനീഷ് പൊലീസിനോട് പറഞ്ഞതിങ്ങനെ- "നിഷയ്ക്ക് വൃക്ക സംബന്ധമായ രോഗമുണ്ടായിരുന്നു. നിഷ ശനിയാഴ്ച ഉപവാസത്തിലായിരുന്നു. അന്ന് രാത്രി അവള്‍ ഛർദ്ദിച്ചു. മരുന്ന് നല്‍കി. ഞായറാഴ്ച രാവിലെ ഞാന്‍ വൈകിയാണ് എഴുന്നേറ്റത്. ഞായറാഴ്ചയായതിനാൽ നിഷയ്ക്കും ജോലിയില്ലായിരുന്നു. 10 മണിക്ക് വേലക്കാരി വന്നതിന് ശേഷം ഞാൻ പുറത്തു പോയി. ഉച്ചയ്ക്ക് 2 മണിക്ക് തിരിച്ചെത്തിയപ്പോഴും നിഷ ഉണർന്നിട്ടില്ല. ഞാൻ അവളെ ഉണർത്താൻ ശ്രമിച്ചു, സിപിആര്‍ നല്‍കി. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു."

ഡോക്ടർമാർ പരിശോധിച്ചപ്പോൾ നിഷയുടെ മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്നതായി കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, സാക്ഷി മൊഴികൾ, കുറ്റകൃത്യം നടന്ന വീട്ടില്‍ നിന്ന് ലഭിച്ച തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് മനീഷിനെ അറസ്റ്റ് ചെയ്തത്. നിഷയുടെ സർവീസ് ബുക്കിലും ഇൻഷുറൻസിലും ബാങ്ക് അക്കൗണ്ടിലും നോമിനിയായി തന്‍റെ പേര് നൽകാത്തത് ഭര്‍ത്താവ് മനീഷ് ശർമ്മയെ അസ്വസ്ഥനാക്കിയെന്ന് പൊലീസ് പറഞ്ഞു.

തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് നിഷയെ മനീഷ് കൊലപ്പെടുത്തിയത്. അതിനു ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. രക്തം പുരണ്ട നിഷയുടെ വസ്ത്രങ്ങൾ കഴുകി. വാഷിംഗ് മെഷീനിൽ നിന്ന് തലയണ കവറും ബെഡ്ഷീറ്റും കണ്ടെടുത്തതോടെയാണ് കേസില്‍ നിർണായക വഴിത്തിരിവുണ്ടായത്. മനീഷിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 304 ബി, 201 എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് ചെയ്തത്. 24 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) മുകേഷ് ശ്രീവാസ്തവ അഭിനന്ദിച്ചു. 20,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios