ചായയ്ക്കും ബ്രഡ് ടോസ്റ്റിനും 252 രൂപ! വൈറലായി അയോധ്യയിലെ ചായക്കടയിലെ ബിൽ, നടപടി
തീർത്ഥാടകർക്ക് ഒരു കപ്പ് ചായയും ഒരു പീസ് ബ്രഡ് ടോസ്റ്റും പത്ത് രൂപയ്ക്ക് നൽകാമെന്ന കരാറാണ് സ്ഥാപനം അയോധ്യ ഡെവലപ്പ്മെന്റ് അതോറിറ്റിക്ക് നൽകിയിരിക്കുന്നത്.
അയോധ്യ: ഒരു ചായയ്ക്കും ബ്രഡ് ടോസ്റ്റിനുമായി ചെലവായത് 252 രൂപ. ബില്ല് കണ്ട് ഞെട്ടിയ ഉപഭോക്താക്കൾ ബില്ല് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ ലഘുഭക്ഷണ ശാലയ്ക്കെതിരെ നോട്ടീസുമായി പ്രാദേശിക ഭരണകൂടം. അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപം പുതിയതായി ആരംഭിച്ച ഭക്ഷണശാലയിലാണ് തീർത്ഥാടകരിൽ നിന്ന് കൊള്ള വില ഈടാക്കിയത്. രാമ ക്ഷേത്ര പ്രതിഷ്ഠ കഴിഞ്ഞ് ഒരാഴ്ച പിന്നിട്ട ശേഷവും ഇവിടേക്കുള്ള തീർത്ഥാടകരുടെ ഒഴുക്ക് തുടരുന്നതിനിടയിലാണ് ലഘുഭക്ഷണശാല ഉടമ കൊള്ളലാഭമുണ്ടാക്കാന്‍ ശ്രമിച്ചത്.
ശബരി റെസ്റ്റോറന്റ് എന്ന ഭക്ഷണശാലയുടെ ബില്ലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. സംഭവം ശ്രദ്ധയിൽപ്പെട്ട അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി ഭക്ഷണശാലയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. രണ്ട് കപ്പ് ചായയ്ക്ക് 110 രൂപയും രണ്ട് പീസ് ബ്രഡ് ടോസ്റ്റ് ചെയ്തതിന് 130 രൂപയുമാണ് ബില്ലിലുള്ളത്. പിന്നാലെ ടാക്സ് കൂടി ചേർത്താണ് ആകെ ബിൽ തുക 252 രൂപ ആയത്.
തെഹ്രി ബസാറിലെ അരുന്ധതി ഭവനിലാണ് ഈ ഭക്ഷണ ശാല ഉള്ളത്. അടുത്തിടെയാണ് അയോധ്യ ഡെവലപ്പ്മെന്റ് അതോറിറ്റി ഈ കെട്ടിട സമുച്ചയം നിർമ്മിച്ചത്. എന്നാൽ ഈ ഭക്ഷണ ശാല ബഡ്ജറ്റ് ഫ്രണ്ട്ലി എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നവയാണെന്നാണ് അയോധ്യ ഡെവലപ്പ്മെന്റ് അതോറിറ്റി വ്യക്തമാക്കുന്നത്. തീർത്ഥാടകർക്ക് ഒരു കപ്പ് ചായയും ഒരു പീസ് ബ്രഡ് ടോസ്റ്റും പത്ത് രൂപയ്ക്ക് നൽകാമെന്ന കരാറാണ് സ്ഥാപനം അയോധ്യ ഡെവലപ്പ്മെന്റ് അതോറിറ്റിക്ക് നൽകിയിരിക്കുന്നത്.
100ഓളം ഡോർമിറ്ററി സംവിധാനവും ഇവിടെ ലഭ്യമാണ്. ഒരു രാത്രിക്ക് 50 രൂപ മാത്രമാണ് ഈടാക്കാന്‍ പാടുള്ളുവെന്നാണ് ധാരണ. തീർത്ഥാടകർക്ക് കുറഞ്ഞ ചെലവിഷ മികച്ച സൌകര്യം നൽകാനായി ലക്ഷ്യമിട്ടുള്ള സ്ഥാപനം ഇത്തരം കൊള്ളലാഭമുണ്ടാക്കാന്‍ ശ്രമിച്ചതോടെ പ്രദേശത്തെ എല്ലാ കടകളിൽ നിന്നും വിലവിവര പട്ടിക തേടിയിരിക്കുകയാണ് അയോധ്യ ഡെവലപ്പ്മെന്റ് അതോറിറ്റി. എന്നാൽ ബില്ല് വൈറലാക്കിയതിന് പിന്നിൽ ഗൂഡലക്ഷ്യമാണുള്ളതെന്നും കാരണം കാണിക്കൽ നോട്ടീസ് മറുപടി നൽകിയെന്നുമാണ് ശബരി ഭക്ഷണശാല നേതൃത്വം പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം