പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാർ കൊല്ലപ്പെട്ട സംഭവം; 17കാരന് 25 വയസ് വരെ വാഹനം ഓടിക്കുന്നതിന് വിലക്ക്
താൽക്കാലിക രജിസ്ട്രേഷൻ മാത്രമുള്ള സമയത്ത് ആർടിഒ ഓഫീസിലേക്ക് മാത്രം വാഹനം ഓടിക്കാൻ അനുമതിയുള്ളപ്പോഴാണ് 17കാരൻ അമിത വേഗതയിൽ പോർഷെ കാർ പൂനെയിലെ നിരത്തുകളിലൂടെ പറത്തിയത്
പൂനെ: പൂനെയിൽ പോർഷെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാർ കൊല്ലപ്പെട്ട സംഭവത്തിൽ ആഡംബര കാർ ഓടിച്ച 17കാരന് 25 വയസ് വരെ വാഹനം ഓടിക്കുന്നതിന് വിലക്ക്. 25 വയസ് ആവുന്നത് വരെ ലൈസൻസ് നേടുന്നതിനാണ് മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കമ്മീഷണർ വിലക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 17കാരൻ അമിത വേഗതയിലോടിച്ച ആഡംബര കാറായ പോർഷെ ടൈകാനിന് രജിസ്ട്രേഷനില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് വിശദമാക്കുന്നത്. വാഹന രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ആവശ്യമായ ഫീസ് അടക്കാൻ കാർ ഉടമ മാർച്ച് മാസത്തിൽ തയ്യാറായില്ല. അതിനാൽ തന്നെ പോർഷെ കാറിന് രജിസ്ട്രേഷനില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് കഴിഞ്ഞ ദിവസം വിശദമാക്കിയത്.
അതേസമയം 17കാരൻ അപകടമുണ്ടാക്കുന്നതിന് മുൻപ് സന്ദർശിച്ച ബാറിൽ 48000 രൂപ ചെലവാക്കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ബില്ല് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മധ്യപ്രദേശ് സ്വദേശികളായ രണ്ട് പേരാണ് ഞായറാഴ്ചയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. മനപൂർവ്വമുള്ള നരഹത്യ അടക്കമുള്ള കുറ്റമാണ് 17കാരനെതിരെ ചുമത്തിയിട്ടുള്ളത്. എന്നാൽ കോടതിയിൽ ഹാജരാക്കിയ 17കാരന് പ്രായപൂർത്തിയായില്ലെന്ന കാരണത്താൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. അപകടമുണ്ടാക്കിയ പോർഷെ കാറിന് 12 മാസത്തേക്ക് രജിസ്ട്രേഷൻ പുതുക്കാനും അനുമതിയില്ല. മാത്രമല്ല നിലവിലുള്ള താൽക്കാലിക രജിസ്ട്രേഷൻ റദ്ദാക്കിയതായും എംവിഡി വിശദമാക്കി.
താൽക്കാലിക രജിസ്ട്രേഷൻ മാത്രമുള്ള സമയത്ത് ആർടിഒ ഓഫീസിലേക്ക് മാത്രം വാഹനം ഓടിക്കാൻ അനുമതിയുള്ളപ്പോഴാണ് 17കാരൻ അമിത വേഗതയിൽ പോർഷെ കാർ പൂനെയിലെ നിരത്തുകളിലൂടെ പറത്തിയത്. 160 കിലോമീറ്റർ വേഗതയിലാണ് കാർ സഞ്ചരിച്ചിരുന്നതെന്നാണ് അധികൃതർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കിയിട്ടുള്ളത്. 17കാരന്റെ പിതാവും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ വിശാൽ അഗർവാളിനെ ചൊവ്വാഴ്ച കേസിൽ അറസ്റ്റഅ ചെയ്തിരുന്നു. 17കാരൻ മദ്യപിച്ചോയിരുന്നെന്ന വൈദ്യ പരിശോധനാ ഫലം ബുധനാഴ്ച പുറത്ത് വരുമെന്നാണ് സൂചന.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം