കണ്ണൂരിൽ മുൻവാതിൽ തകർത്ത് കയറി സ്വർണവും പണവും ഫ്രിഡ്ജിലെ ഫുഡ് വരെയും മോഷ്ടിച്ച പ്രതികൾ കാണാമറയത്ത്
പന്ത്രണ്ട് പവന്‍റെ മാലയും മൂന്ന് മോതിരങ്ങളും. ഇരുപതിനായിരം രൂപയും മോഷ്ടിച്ചു. പാസ്പോർട്ടും ചെക്ക് ബുക്കും എടുത്തു. ഫ്രിഡ്ജിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങളും മോഷ്ടാക്കൾ കഴിച്ച നിലയിലായിരുന്നു.
പയ്യന്നൂർ: കണ്ണൂർ പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് പതിനാറ് പവൻ സ്വർണം കവർന്ന സംഭവത്തിൽ പ്രതികൾ കാണാമറയത്ത്. കഴിഞ്ഞ ബുധനാഴ്ചയാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്. ഇരുപതിനായിരം രൂപയും സ്വർണത്തോടൊപ്പം മോഷണം പോയിരുന്നു. പയ്യന്നൂർ സുബ്രമഹ്ണ്യ സ്വാമി ക്ഷേത്രത്തിനടുത്ത് ചേരിക്കൽ മുക്കിൽ പൂർണിമയുടെ വീട്ടിലായിരുന്നു കവർച്ച നടന്നത്. കഴിഞ്ഞ തിങ്കളാഴ്ച പൂർണിമ വീട് പൂട്ടി തലശ്ശേരിയിലെ ബന്ധുവീട്ടിൽ പോയിരുന്നു. ബുധനാഴ്ച വൈകീട്ട് ആറരയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപ്പെട്ടത്.
മുൻ വശത്തെ വാതിൽ തകർത്തിരുന്നു. മുന്‍വശത്തെ വാതിൽ പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ മൂന്ന് കിടപ്പുമുറികളിലെ അലമാരകൾ ഉൾപ്പെടെയാണ് നശിപ്പിച്ചത്. എട്ട് ലക്ഷത്തോളം രൂപ വിലയുളള സ്വർണാഭരണങ്ങൾ കവർന്നു. പന്ത്രണ്ട് പവന്‍റെ മാലയും മൂന്ന് മോതിരങ്ങളും. ഇരുപതിനായിരം രൂപയും മോഷ്ടിച്ചു. പാസ്പോർട്ടും ചെക്ക് ബുക്കും എടുത്തു. ഫ്രിഡ്ജിലുണ്ടായിരുന്ന ഭക്ഷണ സാധനങ്ങളും മോഷ്ടാക്കൾ കഴിച്ച നിലയിലായിരുന്നു.
പയ്യന്നൂർ പൊലീസ് പ്രതികൾക്കായി അന്വേഷണത്തിലാണ്. വീട്ടുടമ സ്ഥലത്തില്ലാത്തത് കൃത്യമായി നിരീക്ഷിച്ചാണ് മോഷണം എന്നാണ് പൊലീസ് വിശദമാക്കുന്നത്. സ്ഥിരം കളളൻമാർ നിരീക്ഷണത്തിലാണ്. വിരലടയാളവും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് ഉടൻ പ്രതിയിലേക്ക് എത്താമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം