പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ്; വൈദികൻ അറസ്റ്റിൽ
പറവൂർ ചേന്ദമംഗലം പാലതുരുത്തിൽ ജോസഫ് കൊടിയന്‍ (63) ആണ് അറസ്റ്റിലായത്. എടമ്പാടം പള്ളിയിലെ വൈദികനാണ് ജോസഫ് കൊടിയന്‍.
കൊച്ചി: പോക്സോ കേസിൽ വൈദികൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലാണ് വൈദികൻ അറസ്റ്റിലായത്. പറവൂർ ചേന്ദമംഗലം പാലതുരുത്തിൽ ജോസഫ് കൊടിയനെ (63) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. എടമ്പാടം പള്ളിയിലെ വൈദികനാണ് ജോസഫ് കൊടിയന്‍.
കൊവിഡ് കാലത്ത് പോക്സോ കേസുകളിൽ ഞെട്ടിക്കുന്ന വർധന
സംസ്ഥാനത്ത് കൊവിഡ് കാലത്ത് പോക്സോ കേസുകളുടെ എണ്ണം കുത്തനെ കൂടി എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ലോക്ഡൗണിൽ കുട്ടികൾ വീട്ടുകാര്‍ക്കൊപ്പം കഴിഞ്ഞ കാലയളവിൽ തന്നെയായിരുന്നു കൂടുതൽ പീഡനങ്ങളും നടന്നത്. ഗർഭച്ഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്സോ കേസുകളിലെ വലിയൊരു ശതമാനം ഇരകൾ ആക്രമിക്കപ്പെട്ടതും സ്വന്തം വീടുകാരിൽ നിന്ന് തന്നെയാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കിയ വിവരാവകാശ രേഖ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
2013 മുതൽ സംസ്ഥാനത്ത് പോക്സോ കേസുകൾ കുത്തനെ കൂടുകയാണ്. 2019ൽ മുൻവർഷത്തേക്കാൾ 362 പോക്സോ കേസുകളാണ് കൂടിയത്. എന്നാൽ, ലോക്ഡൗൺ കാലമായ 2020ൽ പോക്സോ കേസുകളുടെ എണ്ണം 767ലെത്തി. 40 മുതൽ 60 ശതമാനം വരെ പോക്സോ കേസുകളിലും അതിക്രമം നടത്തുന്നത് അയൽവാസികളടക്കം കുട്ടിയുമായി നേരിട്ട് ബന്ധം ഉള്ളവർ എന്നതാണ് നിലവിലെ കണക്കുകൾ. വീടുകളിൽ നിന്നും കുട്ടികൾ സ്കൂളിലേക്ക് എത്തി തുടങ്ങിയപ്പോഴും വർധനവ് തുടരുന്നുണ്ട്. സ്കൂളിലെ കൗൺസിലർമാരോടും കൂട്ടുകാരോടും പല ദുരനുഭവങ്ങളും കുട്ടികൾ തുറന്ന് പറഞ്ഞതോടെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ വഴിയൊരുങ്ങി എന്നാണ് വിലയിരുത്തൽ. അതേസമയം 2020ൽ കൂടുതൽ പോക്സോ കോടതികൾ നിലവിൽ വന്നതോടെ തീർപ്പാക്കിയ കേസുകളുടെ എണ്ണം മുൻവർഷത്തേക്കാൾ കാര്യമായി കൂടി.