പേമെന്‍റ് ഗേറ്റ്‌വേ അക്കൗണ്ട് ഹാക്ക് ചെയ്തു, 25 കോടി പോയി, അന്വേഷിച്ച പൊലീസ് ഞെട്ടി, തട്ടിയത് 16,180 കോടി !
ഓൺലൈൻ പണമിടപാടിനിടെ പേമെന്റ് ഗേറ്റ്‌വേയിലൂടെ ലഭിക്കുന്ന ബാങ്ക് അക്കൗണ്ട്, പാസ്‌വേഡ് വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പ് സംഘം വിവിധ ബാങ്കുകളിൽ നിന്നും കോടിക്കണക്കിന് പണം തട്ടിയെടുത്തത്.
താനെ: പേമെന്റ് ഗേറ്റ്‌വേ കമ്പനിയുടെ അക്കൗണ്ട് ഹാക്കുചെയ്ത് പണം തട്ടിയെന്ന പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. 25 കോടി തട്ടിയെടുത്തുന്ന കമ്പിനിയുടെ പരാതിയിൽ താനെ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് 16,180 കോടി രൂപയുടെ തട്ടിപ്പ്. 2023 ഏപ്രിലിൽ തങ്ങളുടെ പേമെന്റ് ഗേറ്റ്‌വേ അക്കൗണ്ട് ഹാക്കുചെയ്ത് തട്ടിപ്പുകാർ 25 കോടി കൈക്കലാക്കിയെന്ന് ആരോപിച്ച് ഒരു കമ്പനി താനെ ശ്രീനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ പണം തട്ടൽ പൊലീസ് കണ്ടെത്തിയത്.
പേമെന്റ് ഗേറ്റ്‌വേ കമ്പനിയുടേതടക്കം വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നാണ് ഓൺലൈൻ തട്ടിപ്പ് സംഘം പണം കൈക്കലാക്കിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ശ്രീനഗർ പൊലീസിൽ ലഭിച്ച പരാതിയിലെ തട്ടിപ്പിന് സമാനമായാണ് 16,180 കോടിയോളം രൂപ നഷ്ടമായതെന്ന് പൊലീസ് പറഞ്ഞു. ഓൺലൈൻ പണമിടപാടിനിടെ പേമെന്റ് ഗേറ്റ്‌വേയിലൂടെ ലഭിക്കുന്ന ബാങ്ക് അക്കൗണ്ട്, പാസ്‌വേഡ് വിവരങ്ങൾ ചോർത്തിയാണ് സംഘം വിവിധ ബാങ്കുകളിൽ നിന്നും കോടിക്കണക്കിന് പണം തട്ടിയെടുത്തത്.
തട്ടിപ്പിന് പിറകിൽ രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന വൻസംഘമുള്ളതായി സംശയിക്കുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു. അന്വേഷണത്തിൽ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സഞ്ജയ് സിങ്, അമോൽ അന്ധാലെ, അമൻ, കേദാർ, സമീർ ഡിഗെ, ജിതേന്ദ്ര പാണ്ഡെ എന്നിവരടക്കം ഏഴ് പേർക്കെതിരായാണ് കേസ്. എന്നാൽ ഇതുവരെ ആറെയും അറസ്റ്റ് ചെയ്തിട്ടില്ല.
പ്രതികളിലൊരാൾ ബാങ്കുകളിൽ റിലേഷൻഷിപ്പ് ആൻഡ് സെയിൽസ് മാനേജരായി ജോലിചെയ്തിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പത്ത് വർഷത്തോളം ഈ മേഖലയിലുണ്ടായിരുന്ന ജിതേന്ദ്ര പാണ്ഡെയുടെ നേതൃത്വത്തിൽ നിരവധി വ്യക്തികളുടേതും കമ്പനികളുടേതുമടക്കമുള്ള വിവരങ്ങള്‍ ചോർത്തിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പ്രതികളുടെ വീടുകളിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി വ്യാജരേഖകള്‍ കണ്ടെത്തിയിട്ടുണ്ട്.
Read More : വിനോദ സഞ്ചാരികളുടെ ബസ് 100 അടി താഴ്ചയിലേക്ക് മറിഞ്ഞു, ഉത്തരാഖണ്ഡിൽ കുട്ടിയടക്കം 7 പേർക്ക് ദാരുണാന്ത്യം