'ശാസ്ത്രീയമായ അന്വേഷണം, ആളെ തിരിച്ചറിഞ്ഞതോടെ വീട്ടിലെത്തി പൊക്കി'; ആലുവയിലെ മർദ്ദന കേസിൽ ഒരാൾ പിടിയിൽ
ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് കിരണിനെ അമ്പാട്ടുകാവിലെ വീട്ടില്‍ നിന്നാണ് പിടികൂടിയത്.
കൊച്ചി: യുവാവിനെ മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ ഒരാള്‍ പിടിയില്‍. അമ്പാട്ട് കാവ് അമ്പലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കരിമുകള്‍ മുല്ലശേരി വീട്ടില്‍ കിരണ്‍ (ജിത്തു 23) എന്ന യുവാവിനെയാണ് ആലുവ പൊലീസ് പിടികൂടിയത്. 13ന് രാത്രി എട്ടിന് ആലുവ മണപ്പുറത്തെത്തിയ കാടുകുറ്റി സ്വദേശി ലോയിയെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് കിരണും സംഘവും മര്‍ദ്ദിച്ച് മൊബൈലും പണവും കവര്‍ന്ന കേസിലാണ് അറസ്റ്റ്.
'ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് കിരണിനെ അമ്പാട്ടുകാവിലെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. കവര്‍ന്ന മൊബൈല്‍ ഫോണ്‍ പ്രതിയില്‍ നിന്ന് കണ്ടെടുത്തു. കേസിലെ മറ്റു പ്രതികള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.' ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി ഉള്‍പ്പെടെ ഏഴു കേസുകളാണ് ഇയാളുടെ പേരിലുള്ളതെന്നും പൊലീസ് അറിയിച്ചു. കിരണിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇന്‍സ്‌പെക്ടര്‍ എം.എം മഞ്ജു ദാസ്, എസ്.ഐ കെ. നന്ദകുമാര്‍, സിപിഒമാരായ മാഹിന്‍ഷാ അബൂബക്കര്‍, കെ എം മനോജ്, വി.എ അഫ്‌സല്‍, പി.എ നൗഫല്‍, സിയാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
മാല പൊട്ടിക്കലും മോഷണവും പതിവ്; യുവാക്കള്‍ പിടിയില്‍
തൃശൂര്‍: വിവിധ ജില്ലകളില്‍ ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുകയും മോഷണവും പതിവാക്കിയ യുവാക്കള്‍ അറസ്റ്റില്‍. വടക്കാഞ്ചേരി കല്ലംപറമ്പ് സ്വദേശി വടരാട്ടില്‍ വീട്ടില്‍ അനുരാഗ് (24), കൊല്ലം ചന്ദനത്തോപ്പ് സ്വദേശി ചിറയില്‍ പുത്തന്‍വീട്ടില്‍ സാജു എന്നു വിളിക്കുന്ന സാജുദ്ദീന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത്ത് അശോകന്റെ നേതൃത്വത്തിലുള്ള സിറ്റി സാഗോക് ടീമും മെഡിക്കല്‍ കോളേജ് പൊലീസും ചേര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പതിനൊന്നിന് മെഡിക്കല്‍ കോളേജ് പരിധിയില്‍ നിന്നും സ്ത്രീയുടെ മാല പൊട്ടിച്ച കേസിലെ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. കഴിഞ്ഞ മാസം ചാവക്കാട് വ്യാപാര സ്ഥാപനം നടത്തുന്ന ആളുടെ കൈയില്‍ നിന്ന് പണം അടങ്ങിയ ബാഗ് പിടിച്ചു പറിച്ച കേസിലും ഇവര്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. 'പുനലൂരിലും നിന്നും കൊല്ലത്ത് നിന്നും സ്ത്രീകളുടെ മാല പൊട്ടിച്ച കേസിലും കൊല്ലത്തു നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും ഇവര്‍ പ്രതികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. അനുരാഗിന്റെ പേരില്‍ വിവിധ ജില്ലകളില്‍ മുപ്പതോളം മോഷണ കേസുകളുണ്ട്. സാജുവിന്റെ പേരില്‍ തൃശൂര്‍ ജില്ലയിലും പാലക്കാട് ജില്ലയിലും മോഷണ കേസുകള്‍ നിലവിലുണ്ട്.' മോഷണം നടത്തി കിട്ടുന്ന സ്വര്‍ണാഭരണങ്ങള്‍ വിറ്റ് കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കറങ്ങി നടന്ന് ആര്‍ഭാട ജീവിതം നയിക്കുകയാണ് പ്രതികളുടെ രീതിയെന്നും പൊലീസ് അറിയിച്ചു.
സ്‌കൂൾ തുറക്കൽ: ഉദ്യോഗസ്ഥർക്ക് കർശന നിർദേശവുമായി മന്ത്രി,'ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകൾ ഉടൻ നൽകണം'