കവര്‍ന്നത് പത്തുപവന്‍ സ്വര്‍ണവും 12 ലക്ഷവും; വീട്ടിൽ മോഷണ ലക്ഷണങ്ങളില്ല, ആളെ കിട്ടിയപ്പോള്‍ ട്വിസ്റ്റ്

രാത്രി തിരിച്ചെത്തിയപ്പോഴും അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് പണവും സ്വര്‍ണ്ണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്.

malapuram youth arrested for stealing gold and 12lakh from relatives house joy

മലപ്പുറം: മലപ്പുറം മൂന്നിയൂര്‍ മോഷണക്കേസില്‍ വീട്ടുടമയുടെ സഹോദരന്റെ മകന്‍ അറസ്റ്റില്‍. കളിയാട്ടമുക്ക് സ്വദേശി പത്തൂര്‍ മുഹമ്മദ് സലീമിന്റെ വീട്ടില്‍ കയറി സ്വര്‍ണവും പണവും കവര്‍ന്നെന്ന കേസിലാണ്, സലീമിന്റെ സഹോദരന്റെ മകനും അയല്‍വാസിയുമായ പത്തൂര്‍ ആദിലിനെ (25) പൊലീസ് പിടികൂടിയത്. പത്തുപവന്‍ സ്വര്‍ണാഭരണങ്ങളും 12 ലക്ഷം രൂപയുമാണ് ആദില്‍ സലീമിന്റെ വീട്ടില്‍ നിന്ന് കവര്‍ന്നത്. 

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം നാലിനും രാത്രി പത്തിനു ഇടയിലാണ് മോഷണം നടന്നത്. സലീമിന്റെ ഭാര്യയും മകളും സമീപത്തെ ബന്ധുവിന്റെ വീട്ടില്‍ താക്കോല്‍ ഏല്‍പിച്ച ശേഷം മമ്പുറത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. രാത്രി തിരിച്ചെത്തിയപ്പോഴും അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് പണവും സ്വര്‍ണ്ണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതോടെ സലീമിന്റെ ഭാര്യ മുംതാസ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പത്തേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങളും റാക്കിലും സ്റ്റയര്‍ കെയ്‌സിന് അടിയിലും സൂക്ഷിച്ചിരുന്ന 11,70,000 രൂപയാണ് മോഷണം പോയതെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. വീട്ടില്‍ കളവ് നടന്നതായുള്ള ലക്ഷണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ വീട്ടിലുള്ളവരോ വീട്ടില്‍ സ്ഥിരമായി വരാന്‍ സാധതയുള്ളവരോ ആയിരിക്കാം കളവ് നടത്തിയതെന്ന പൊലീസിന്റെ നിഗമനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ആദിലിനെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. വീട്ടിലെ പറമ്പില്‍ നിന്നും കുഴിച്ചിട്ടിരുന്ന സ്വര്‍ണ്ണമാലയും വീടിനകത്ത് ബാഗില്‍ വച്ച പാദസരവും ഇയാള്‍ എടുത്ത് നല്‍കി.

സ്റ്റയര്‍ കെയ്‌സിന് അടിയില്‍ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് കവര്‍ന്നത്. സലീമിന്റെ കുടുംബം വീട് പൂട്ടി പോയപ്പോഴാണ് അന്നും പണം കവര്‍ന്നത്. വെള്ളിയാഴ്ച സ്വര്‍ണവും അടുക്കളയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ലക്ഷത്തോളം രൂപയുമാണ് കവര്‍ന്നത്. എന്നാല്‍ ശനിയാഴ്ചയാണ് മോഷണ വിവരം അറിഞ്ഞത്. ചെന്നൈയിലുള്ള സലീം പുതിയ വ്യാപാരത്തിന് പണം സൂക്ഷിച്ചു വച്ചിരുന്നതായി ആദില്‍ മനസിലാക്കിയിരുന്നെന്നും ബന്ധുവിന്റെ വീട്ടിലെത്തി അവര്‍ അറിയാതെ താക്കോല്‍ കൈവശപ്പെടുത്തിയാണ് മോഷണം നടത്തിയതെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച 11,70,000 രൂപ ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ആദില്‍ മൊഴി നല്‍കിയത്. ഇതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും.

'ആകാശത്ത് ഒരു സെല്‍ ഫോണ്‍ ടവര്‍' 2024ല്‍ തന്നെ, കാത്തിരുന്ന പ്രഖ്യാപനവുമായി സ്റ്റാര്‍ലിങ്ക് 
 

Latest Videos
Follow Us:
Download App:
  • android
  • ios