'ബുള്ളറ്റിൽ പോകുന്ന ആളല്ലേ എന്ന് ചോദ്യം, മറുപടിക്ക് പിന്നാലെ വെട്ട്'; വീട് കയറി ആക്രമണക്കേസിൽ പ്രതികൾ പിടിയിൽ

റിഷാദിനെ പന്തീരാങ്കാവില്‍ നിന്നും മറ്റ് രണ്ട് പേരെ മാങ്കാവിലെ സ്വകാര്യ ലോഡ്ജില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ്.

kozhikode house attack case three youth arrested

കോഴിക്കോട്: വീട്ടില്‍ കയറി യുവാവിനെയും പിതാവിനെയും വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പേര്‍ പൊലീസ് പിടിയില്‍. പെരുമണ്ണ മുണ്ടുപാലം വളയംപറമ്പില്‍ ഷനൂപ് (42), പന്തീരാങ്കാവ് വള്ളിക്കുന്ന് സ്വദേശി വെണ്‍മയത്ത് രാഹുല്‍ (35), പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം തെക്കേ താനിക്കാട്ട് റിഷാദ് (33) എന്നിവരാണ് പിടിയിലായത്. ഡി.സി.പി അനൂജ് പുലിവാളിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും പന്തീരാങ്കാവ് ഇന്‍സ്പെക്ടര്‍ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവമെന്ന് പൊലീസ് പറഞ്ഞു. 'വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ വളയംപറമ്പില്‍ ഷാഫിര്‍ (26), പിതാവ് അബൂബക്കര്‍ കോയ (55) എന്നിവരെയാണ് സംഘം ആക്രമിച്ചത്. പുലര്‍ച്ചെയോടെ ഷാഫിറിന്റെ വീട്ടിലെത്തിയ സംഘം കോളിംഗ് ബെല്‍ അടിച്ചു. വാതില്‍ തുറന്ന ഷാഫിറിനോട് ബുള്ളറ്റില്‍ പോകുന്ന ആളല്ലേ എന്ന് ചോദിച്ചു. 'അതെ', എന്ന മറുപടിക്ക് പിന്നാലെ സംഘം ഷാഫറിനെ കൈയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് വെട്ടി. ശബ്ദം കേട്ടെത്തിയ അബൂബക്കറിനെയും ആക്രമിച്ചു. ഇരുവരുടെയും കൈകള്‍ക്കും ദേഹത്തും പരുക്കേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.' റിഷാദിനെ പന്തീരാങ്കാവില്‍ നിന്നും മറ്റ് രണ്ട് പേരെ മാങ്കാവിലെ സ്വകാര്യ ലോഡ്ജില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. 

സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയത്ത്, ഷഹീര്‍ പെരുമണ്ണ, സുമേഷ് ആറോളി, സി.പി.ഒമാരായ രാകേഷ് തുടങ്ങിയവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

'സുരഭി മുൻപും നിരവധി തവണ സ്വർണം കടത്തി, നിര്‍ണായക വിവരങ്ങള്‍'; കൂടുതല്‍ അറസ്റ്റ് ഉടനെന്ന് ഡിആർഐ
 

Latest Videos
Follow Us:
Download App:
  • android
  • ios