ഉഴിച്ചില്‍ കേന്ദ്രത്തില്‍ വച്ച് പരിചയം, വിസ വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങള്‍; ഒടുവിൽ ബാവാ കാസിം പിടിയില്‍

മലേഷ്യയിലേയ്ക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് നാലു പേരിൽ നിന്ന് രണ്ടു ലക്ഷം രൂപാ വീതം തട്ടിയെടുക്കുകയായിരുന്നു.

kochi visa fraud case one arrested from tamilnadu joy

കൊച്ചി: വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. കന്യാകുമാരി വേദനഗര്‍ ഇരുളപ്പപുരം ബാവാ കാസിം (49) നെയാണ് റൂറല്‍ ജില്ലാ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയതത്. അങ്കമാലി സ്വദേശി ഫെമി, പാലിശേരി സ്വദേശി അഞ്ജു, കൊരട്ടി സ്വദേശി റോഷി ആന്‍ഡ്രോസ്, കോട്ടയം സ്വദേശി രതീഷ് കുമാര്‍ എന്നിവരില്‍ നിന്ന് മലേഷ്യയിലേയ്ക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപാ വീതം തട്ടിയെടുക്കുകയായിരുന്നു.

ചെങ്ങന്നൂരിലെ ഒരു ഉഴിച്ചില്‍ കേന്ദ്രത്തില്‍ ചികിത്സയ്ക്ക് വന്നപ്പോള്‍ ബാവാ കാസിം രതീഷ് കുമാറിനെ പരിചയപ്പെട്ടതെന്ന് യുവാക്കള്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ എസ്.എസ് ട്രാവല്‍സ് എന്ന സ്ഥാപനം നടത്തുകയാണെന്നും, ഉയര്‍ന്ന ശമ്പളമുള്ള പാക്കിംഗ് ജോലി ശരിയാക്കി തരാമെന്നും വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിന്‍ പ്രകാരം രതീഷ് കുമാറും സുഹൃത്തുക്കളും പല ഘട്ടങ്ങളിലായി രണ്ട് ലക്ഷം വീതം, എട്ട് ലക്ഷം രൂപ ഇയാള്‍ക്ക് കൈമാറുകയായിരുന്നു. ഇവരെ തിരുവനന്തപുരത്ത് മെഡിക്കല്‍ പരിശോധനയ്ക്കും കൊണ്ടുപോയിരുന്നു. തുടര്‍ന്ന് സിംഗിള്‍ എന്‍ട്രി വിസ എന്ന പേരില്‍ വിസ പോലെ ഒരു പേപ്പര്‍ വാട്‌സ്ആപ്പ് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാവാ കാസിം അയച്ചു കൊടുത്തു. ഇതോടെ തട്ടിപ്പാണെന്ന് മനസിലായതിനെ തുടര്‍ന്ന് ഫെമി പൊലീസില്‍ പരാതി നല്‍കുകയും സൈബര്‍ പൊലീസ് കേസെടുക്കുകയുമായിരുന്നു. അന്വേഷണത്തില്‍ ഇയാള്‍ പറഞ്ഞ പേരിലൊരു ട്രാവല്‍സ് സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തി. 

ബാവാ കാസിമിന്റെ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ തട്ടിപ്പിനിരയായിട്ടുണ്ടോയെന്നും, തട്ടിപ്പുസംഘത്തില്‍ ഇയാളെക്കൂടാതെ ആളുകളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നാഗര്‍കോവില്‍ നിന്നുമാണ് പ്രതിയെ പിടികൂടിയത്. എസ്.പി വൈഭവ് സക്‌സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ സൈബര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.ബി ലത്തീഫ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി.ജി.അനൂപ്, എം.ജെ.ഷാജി, എ.ബി.റഷീദ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിറാസ് അമീന്‍, ലിജോ ജോസ്, പ്രിന്‍സ് സെബാസ്റ്റ്യന്‍ തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.

'അതിവേഗ അന്വേഷണം നടക്കുന്നു'; കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ മന്ത്രി 

 

Latest Videos
Follow Us:
Download App:
  • android
  • ios