റോങ് സൈഡ് കയറി കാറില്‍ ഇടിച്ചു; 'ജോണീസി'നെ പൊലീസ് പൊക്കിയത് ഇതിനാണ് !
സമാന്തരപാതയിലൂടെ ഓടിയ ജോണീസ് ബസ് പൊലീസ് സ്റ്റേഷനില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ കേരള പൊലീസ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടതോടെ ബസ് ജീവനക്കാരെ അനുകൂലിച്ചും റോഡിന്‍റെ മോശം സാഹചര്യത്തെ കുറ്റപ്പെടുത്തിയും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സമാന്തര പാതയിലൂടെ ഓടിയതിനല്ല ജോണീസിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പീച്ചി പൊലീസ്
പീച്ചി: തൃശ്ശൂര്‍ പാലക്കാട് പാതയിലെ കുതിരാന്‍ വളവ് റോഡിന്‍റെ മോശം അവസ്ഥകൊണ്ടും ഗതാഗതക്കുരുക്ക് കൊണ്ടും കുപ്രസിദ്ധമാണ്. ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസുകള്‍ കൃത്യസമയം പാലിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ നടക്കുന്ന അപകടങ്ങളും ഏറെയാണ്. അത്തരത്തില്‍ പ്രധാനപാതയില്‍ നിന്ന് മാറി സമാന്തരമായ ഷോര്‍ട്ട് കട്ടിലൂടെ ഓടുന്ന 'ജോണിസ്' എന്ന ബസിന്‍റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സമാന്തരപാതയിലൂടെ ഓടിയ ജോണീസ് ബസ് പൊലീസ് സ്റ്റേഷനില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ കേരള പൊലീസ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടതോടെ ബസ് ജീവനക്കാരെ അനുകൂലിച്ചും റോഡിന്‍റെ മോശം സാഹചര്യത്തെ കുറ്റപ്പെടുത്തിയും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സമാന്തര പാതയിലൂടെ ഓടിയതിനല്ല ജോണീസിനെ കസ്റ്റഡിയില്‍ എടുത്തതെന്ന് പീച്ചി പൊലീസ് വ്യക്തമാക്കി.
റോങ്ങ് സൈഡിലൂടെ കയറി കാറില്‍ ഇടിച്ച് അപകടമുണ്ടാക്കിയതിനാണ് ബസ് കസ്റ്റഡിയില്‍ എടുത്തതെന്ന് പീച്ചി പൊലീസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വ്യക്തമാക്കി. സെപ്തംബര്‍ 15നാണ് ബസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ ബസ് ഉടമസ്ഥര്‍ക്ക് വിട്ടുകൊടുത്തെന്നും പൊലീസുകാര്‍ വ്യക്തമാക്കി.
കേരളത്തില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് തൃശ്ശൂര്‍ പാലക്കാട് പാതയിലെ കുതിരാന്‍ ഇറക്കവും വളവും. ഓണക്കാലത്ത് റോഡിലെ പതിവ് തിരക്ക് ഇരട്ടിയിലധികമായപ്പോഴാണ് ബസ് സമാന്തര പാതയില്‍ ഓടിയതെന്നും റോഡിന്‍റെ മോശം അവസ്ഥയാണ് എല്ലാത്തിനും കാരണമെന്ന രീതിയിലായിരുന്നു നേരത്തെ ജോണീസ് ബസിന്‍റെ 'കുതിരാനോട്ടം' സമൂഹമാധ്യമങ്ങള്‍ നേരത്തെ ഏറ്റെടുത്തിരുന്നത്.
വീഡിയോ കുറഞ്ഞ സമയത്തിനുള്ളില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേരള പൊലീസ് ജോണീസ് ബസിനെ കസ്റ്റഡിയിലെടുത്തതിന്‍റെ വീഡിയോ ട്രോള്‍ രൂപത്തില്‍ ഫേസ്ബുക്ക് പേജിലിട്ടത്.