ബ്രേക്ക്ഫാസ്റ്റിന്റെ പേരിൽ രണ്ട് കൊലപാതകങ്ങൾ, ഉപ്പ് കൂടിയതിന് ഭാര്യയെ കൊന്നു, വൈകിയതിന് മരുമകളെ വെടിവച്ചു
രാവിലെ ഉണ്ടാക്കി നൽകിയ കിച്ച്ടിയിൽ ഉപ്പ് കൂടിയതിന് 46 കാരനായ നിലേഷ് ഘഘ് നിര്‍മ്മലയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു...
താനെ: ബ്രേക്ക്ഫാസ്റ്റിന്റെ (Breakfast) പേരിൽ മഹാരാഷ്ട്രയിൽ (Maharashtra) കഴിഞ്ഞ ദിസങ്ങളിലായി നടന്നത് രണ്ട് കൊലപാതകങ്ങളാണ് (Murder). പ്രഭാത ഭക്ഷണത്തിൽ ഉപ്പ് കൂടിയതിന്റെ (Salty) പേരിൽ ഭര്‍ത്താവ് 40 കാരിയായ തന്റെ ഭാര്യയെ ശ്വാസം മുട്ടിച്ചാണ് കൊന്നത് (Strangled to death). മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം.
ഭാര്യ രാവിലെ ഉണ്ടാക്കി നൽകിയ കിച്ച്ടിയിൽ ഉപ്പ് കൂടിയതിന് 46 കാരനായ നിലേഷ് ഘഘ് നിര്‍മ്മലയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴുത്തിൽ തുണി മുറുക്കിയായിരുന്നു കൊലപാതകം നടത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് നിര്‍മലയുടെ മൃതദേഹം പൊലീസ് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
സമാനമായ സംഭവമാണ് താനെ ജില്ലയിൽ തന്നെ വ്യാഴാഴ്ച നടന്നത്. ചായ്ക്കൊപ്പം പ്രഭാത ഭക്ഷണം നൽകാൻ വൈകിയതിന് ഭര്‍തൃപിതാവ് യുവതിയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വയറ്റിൽ വെടിയേറ്റ 42കാരി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 76കാരനായ കാശിനാഥ് പാണ്ഡുരംഗ് പട്ടീലാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.