യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും സ്വര്‍ണവും കവര്‍ന്ന സംഭവം; പ്രതികളുടെ തെളിവെടുപ്പ് നടത്തി
സംഭവത്തിനു ശേഷം ഒളിവില്‍ ആയിരുന്ന പ്രതികളില്‍ കുമാരപുരം പൊത്തപ്പള്ളി പൂവള്ളില്‍ വടക്കതില്‍ അശ്വിനെ (23) നേരത്തെ പൊലീസ് പിടികൂടിയിരുന്നു.
ഹരിപ്പാട്: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയും പണവും സ്വര്‍ണവും അപഹരിക്കുകയും ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. കുമാരപുരം താമാല്ലക്കല്‍ സ്വദേശികളായ നിധിന്‍ നിവാസില്‍ നിധിന്‍ രാമചന്ദ്രന്‍, കൊച്ചു ചിങ്ങംതറയില്‍ ശിവപ്രസാദ് (28), ചിറയില്‍ വീട്ടില്‍ രാഹുല്‍ ഷാജി (25), കൃഷ്ണകൃപയില്‍ രാഹുല്‍ രാധാകൃഷ്ണന്‍ (30 ) എന്നിവരെയാണ് ഹരിപ്പാട് പൊലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്.
സംഭവത്തിനു ശേഷം ഒളിവില്‍ ആയിരുന്ന പ്രതികളില്‍ കുമാരപുരം പൊത്തപ്പള്ളി പൂവള്ളില്‍ വടക്കതില്‍ അശ്വിനെ (23) നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ജനുവരി 27ന് ഡാണാപ്പടിയിലെ ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കുമാരപുരം ശ്രീ ഭവനത്തില്‍ ശ്രീജിത്തി(30)നെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും പണവും മൊബൈല്‍ ഫോണും രണ്ടു പവന്റെ സ്വര്‍ണ്ണമാലയും തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് കേസ്.
പ്രതികള്‍ ബൈക്കില്‍ തട്ടിക്കൊണ്ട് പോകുന്ന വഴി ശ്രീജിത്ത് ബൈക്കില്‍ നിന്ന് ചാടി രക്ഷപ്പെടുകയും സമീപത്തെ വീട്ടില്‍ അഭയം തേടുകയും ചെയ്തിരുന്നു. പിന്നാലെ പ്രതികള്‍ ഈ വീട്ടില്‍ എത്തുകയും ശ്രീജിത്തിനെ വിട്ടുകൊടുക്കാത്തതിനെ തുടര്‍ന്ന് വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുടമസ്ഥനും നാട്ടുകാരും ചേര്‍ന്ന് ശ്രീജിത്തിനെ ഹരിപ്പാട് ആശുപത്രിയില്‍ എത്തിച്ചു. ദിവസങ്ങളോളം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ശ്രീജിത്ത്. പ്രതികള്‍ക്കെതിരെ കാപ്പാ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.