നഴ്‌സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ചനിലയില്‍; സംഭവം പ്രതിശ്രുത വരനുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ
സൈനികന്‍ കൂടിയായ പ്രതിശ്രുത വരനുമായുണ്ടായ വാക്ക് തര്‍ക്കത്തിന് പിന്നാലെയാണ് ദിവ്യ മരിച്ചതെന്നാണ് സഹപാഠികള്‍ പറയുന്നതെന്ന് അന്വേഷണസംഘം പറഞ്ഞു.
ഗാന്ധിനഗര്‍: ചംഗ ആനന്ദ് ജില്ലയിലെ ചരോട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി സര്‍വകലാശാലയിലെ നഴ്‌സിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍. തിങ്കളാഴ്ച രാത്രിയോടെയാണ് ദിവ്യ ഭാഭോര്‍ എന്ന 20കാരിയെ കെകെ ഗേള്‍സ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ഗുജറാത്ത് പൊലീസ് അറിയിച്ചു.
സൈനികന്‍ കൂടിയായ പ്രതിശ്രുത വരനുമായുണ്ടായ വാക്ക് തര്‍ക്കത്തിന് പിന്നാലെയാണ് ദിവ്യ മരിച്ചതെന്നാണ് സഹപാഠികള്‍ പറയുന്നതെന്നും അന്വേഷണസംഘം പറഞ്ഞു. 'തിങ്കളാഴ്ച ഉച്ചയ്ക്ക് ക്ലാസ് കഴിഞ്ഞ് സഹപാഠി മടങ്ങിയെത്തിയപ്പോള്‍ ഹോസ്റ്റല്‍ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മൊബൈല്‍ ഫോണില്‍ നിരവധി തവണ വിളിച്ചിട്ടും ദിവ്യ വാതില്‍ തുറന്നില്ല. അരമണിക്കൂറിന് ശേഷം, ഹോസ്റ്റല്‍ വാര്‍ഡന്‍ എത്തി മുറി ചവിട്ടി തുറന്നപ്പോഴാണ് ദിവ്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലിലെ നിയമം അനുസരിച്ച് എല്ലാ താമസക്കാര്‍ക്കും വാരാന്ത്യത്തില്‍ വീട്ടിലേക്ക് പോകാന്‍ ഔട്ട് പാസ് നല്‍കും. വെള്ളിയാഴ്ച വൈകുന്നേരം ഔട്ട് പാസ് എടുത്ത ദിവ്യ ഹോസ്റ്റല്‍ നിന്ന് ഇറങ്ങിയിരുന്നു. എന്നാല്‍ വീട്ടിലേക്ക് പോയില്ല. ഞായറാഴ്ച വൈകുന്നേരം ഹോസ്റ്റലില്‍ മടങ്ങിയെത്തി.' വീട്ടില്‍ പോയില്ലെന്ന വിവരം അറിഞ്ഞതോടെ, എവിടെയായിരുന്നുവെന്ന് സഹപാഠി ചോദിച്ചപ്പോഴാണ് പ്രതിശ്രുത വരനുമായി വഴക്കുണ്ടായ വിവരം ദിവ്യ പറഞ്ഞതെന്നും പൊലീസ് അറിയിച്ചു.
'നാല് മാസം മുന്‍പും ദിവ്യ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് അന്വേഷണത്തില്‍ മനസിലാക്കാന്‍ സാധിച്ചത്. തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ മാതാപിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം ദിവ്യയെ അയച്ചിരുന്നു. ആഴ്ചകള്‍ക്ക് ശേഷം ദിവ്യ വീണ്ടും ഹോസ്റ്റലിലേക്ക് മടങ്ങിയെത്തുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. മാതാപിതാക്കളെയും ബന്ധുക്കളെയും പ്രതിശ്രുതവരനെയും ഉടന്‍ ചോദ്യം ചെയ്യും.' അന്വേഷണത്തിന്റെ ഭാഗമായി ദിവ്യയുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 04712552056).
കൊറിയര്‍ സര്‍വ്വീസ് വഴി 400 കിലോ ഹാന്‍സ് കടത്ത്; യുവാക്കള്‍ അറസ്റ്റില്‍