ആദ്യ കാഴ്ച, ബാറിലേക്ക് ക്ഷണിച്ച് ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട പെണ്‍കുട്ടി, ശേഷം... ഒരു 'വെറൈറ്റി' തട്ടിപ്പ്
വൈകാരികമായി ഇത്തരം സംഭവങ്ങള്‍ ആണ്‍കുട്ടികള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ചാണ് താന്‍ പറയുന്നതെന്ന് യുവാവ്
പലതരം തട്ടിപ്പുകള്‍ ഇക്കാലത്ത് നടക്കുന്നുണ്ട്. ഒരു മാധ്യമപ്രവര്‍ത്തകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വ്യത്യസ്തമായൊരു തട്ടിപ്പിന്‍റെ കഥ വൈറലാവുകയാണ്. ഡേറ്റിംഗ് ആപ്പായ ബംബിള്‍ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ പോയപ്പോള്‍ തട്ടിപ്പിനിരയായതിനെ കുറിച്ചാണ് കുറിപ്പ്.
ദില്ലിയിലെ രജൗരി ഗാർഡനിൽ കാണാമെന്ന് പെണ്‍കുട്ടി പറഞ്ഞു. അവൾ തന്നെ ഒരു ബാറിലേക്കാണ് കൊണ്ടുപോയതെന്ന് യുവാവ് പറയുന്നു. ആ സ്ഥലം തനിക്ക് അത്ര സുഖകരമായി തോന്നിയില്ല. പെണ്‍കുട്ടി സ്വയം മദ്യം ഓര്‍ഡര്‍ ചെയ്തു. താന്‍ മദ്യപിക്കാത്ത ആളായതിനാല്‍ റെഡ് ബുള്‍ ആണ് ഓര്‍ഡര്‍ ചെയ്തെന്ന് യുവാവ് പറഞ്ഞു. ഒടുവില്‍ ഒരു ഹുക്ക, 2-3 ഗ്ലാസ് വൈൻ, ഒരു ഷോട്ട് വോഡ്ക, ചിക്കൻ ടിക്ക, ഒരു കുപ്പി വെള്ളം എന്നിവയുടെ ബില്ല് 15,886 രൂപ ആയി. ബില്ല് കണ്ട് ശരിക്കും ഞെട്ടിപ്പോയെന്ന് യുവാവ് പറഞ്ഞു. ഒടുവില്‍ ബില്ലടച്ചു.
പിന്നാലെ സഹോദരൻ വരുന്നുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടി സ്ഥലം വിടാൻ നിർബന്ധിച്ചു. വീട്ടിലെത്തി ആലോചിച്ചപ്പോള്‍ നടന്നത് തട്ടിപ്പാണെന്ന് മനസ്സിലായെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞു. പിന്നീട് ആ പെണ്‍കുട്ടി ഒരിക്കലും കോള്‍ എടുത്തില്ല. ക്ലബ്ബുകളും ബാറുകളും പെൺകുട്ടികളെ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന വാര്‍ത്ത പിന്നീട് താന്‍ വായിച്ചെന്നും യുവാവ് പറഞ്ഞു.
പണം പോയതിനെ കുറിച്ചല്ലെന്നും വൈകാരികമായി ഇത്തരം സംഭവങ്ങള്‍ ആണ്‍കുട്ടികള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ചാണ് താന്‍ പറയുന്നതെന്നും യുവാവ് വ്യക്തമാക്കി. സൈബർ പൊലീസ് ഹെൽപ്പ് ലൈനിൽ പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. രജൗരി ഗാർഡൻ ഏരിയയിലെ നിരവധി കഫേകളില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നും യുവാവ് പറഞ്ഞു.
റെസ്റ്റോറന്റുകളും ബാറുകളും വാടകയ്ക്ക് എടുക്കുന്ന യുവതികൾ വ്യാജ പ്രൊഫൈലുകളിൽ ഡേറ്റിംഗ് ആപ്പുകളിൽ സജീവമാകും. തുടർന്ന് ഈ യുവതികൾ പുരുഷന്മാരെ വലയിലാക്കുകയും ആദ്യ ഡേറ്റിന് ക്ഷണിക്കുകയും ചെയ്യും. ഡേറ്റിംഗിന് പുരുഷന്മാർ തയ്യാറായാൽ പോകേണ്ട റെസ്റ്റോറന്‍റും ബാറും കഴിക്കേണ്ട ഭക്ഷണങ്ങളും തീരുമാനിക്കുന്നത് യുവതികൾ ആയിരിക്കും. റെസ്റ്റോറന്റിൽ എത്തിക്കഴിഞ്ഞാൽ അവിടുത്തെ ഏറ്റവും വില കൂടിയ വിഭവങ്ങൾ യുവതികൾ തന്നെ ഓർഡർ ചെയ്യും.
ഒടുവിൽ ബില്ലടയ്ക്കേണ്ട ചുമതല തന്ത്രപരമായി പുരുഷന്മാരുടെ തലയിൽ ഇടും. ഭക്ഷണത്തിനു ശേഷം യുവതികളുടെ യാതൊരു വിവരവും ഉണ്ടാവില്ല. ബില്ലടക്കാൻ പുരുഷന്മാർ തയ്യാറായില്ലെങ്കില്‍ ചാറ്റ് പുറത്തുവിടുമെന്ന് ഭീഷണി മുഴക്കിയ സംഭവങ്ങളുമുണ്ടെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാട്ടി.