രാത്രിയിൽ ഏറ്റുമുട്ടി, വീട്ടിലേക്ക് പോകുന്നതിനിടെ കുത്തിവീഴ്ത്തി; തലസ്ഥാനത്തെ നടുക്കി വീണ്ടും ഗുണ്ടാകൊലപാതകം
പ്രതികളായ സഹോദരങ്ങള്‍ ഒളിവിലാണ്. ഇവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ട പട്ടികയിലുള്ള ഷിബിലി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ബീമാപ്പള്ളി സ്വദേശി ഷിബിലിയെയാണ് കുത്തിക്കൊലപ്പെടുത്തിയത്. പ്രതികളെന്ന് കരുതുന്ന സഹോദരങ്ങള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. 20 മോഷണ കേസും അടിപിടിക്കേസും ഉള്‍പ്പെടെ 30 ലധികം കേസിലെ പ്രതിയാണ് ഷിബിലി. പൂന്തുറ സ്റ്റേഷനിലെ റൗഡി പട്ടികയിൽ ഉൾപ്പെട്ട ഷിബിലിയുമായി പ്രദേശവാസികളും മുൻ സുഹൃത്തുക്കളുമായി ഇനാദ്, ഹിജാസും രാത്രി 9 മണിക്ക് ബീമാപ്പള്ളി ടൗണിൽ വച്ച് ഏറ്റമുട്ടലുണ്ടായി.
അതിന് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. രാത്രി പതിനൊന്നരയോടെ വീട്ടിലേക്കുള്ള വഴിയരികിലാണ് മൃതദേഹം കടന്നിരുന്നത്. ഹിജാസ് സഹോജരൻ ഇനാദ് എന്നിവര്‍ സംഭവത്തിന് ശേഷം ഒളിവിലാണ്. പ്രതികള്‍ ലഹരിക്കടിമകളാണെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതികള്‍ വിഴിഞ്ഞത്തെത്തി ഒരാളോട് കൊലപതാകം നടത്തിയ കാര്യം പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചു.
കഴിഞ്ഞ മാസവും ഒരു അടിപിടിക്കേസിൽ റിമാൻഡ് ചെയ്യപ്പെട്ട ഷിബിലി അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കൊലപതാകത്തിലേക്ക് നീങ്ങിയ പ്രകോപനം എന്താണെന്ന് കാര്യം അന്വേഷിച്ച് വരികയാണന്ന് പൊലീസ് പറഞ്ഞു. കാപ്പാ കേസിലെ പ്രതിയായ കുറ്റിയാണി ജോയിനെ വെട്ടികൊലപ്പെടുത്തി ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പാണ് റൗഡി പ്പട്ടികയിൽ ഉള്‍പ്പെട്ടെ മറ്റൊരാളയും കൊലപ്പെടുത്തുന്നത്.
തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; കൊല്ലപ്പെട്ടത് പൊലീസിന്‍റെ ഗുണ്ടാ പട്ടികയിലുള്ളയാള്‍