ലൈംഗിക, മാനസിക പീഡനമെന്ന് കുറിപ്പ്; മെഡിക്കൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ 3 അധ്യാപകർക്കെതിരെ കേസ്
രണ്ടാം വർഷ പിജി വിദ്യാർത്ഥിയാണ് ഹോസ്റ്റൽ മുറിയിൽ മരുന്ന് കുത്തിവച്ച് മരിച്ചത്
കന്യാകുമാരി: കേരള - തമിഴ്നാട് അതിർത്തിയോട് ചേർന്ന് കന്യാകുമാരി ജില്ലയിലെ കുലശേഖരത്തുള്ള സ്വകാര്യ മെഡിക്കൽ കോളജിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ മൂന്ന് അധ്യാപകർക്കെതിരെ പൊലീസ് കേസെടുത്തു. ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ അധ്യാപകർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് കേസ് എടുത്തത്. അധ്യാപകരില്‍ ഒരാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നും വിദ്യാർത്ഥിനിയുടെ അവസാന കുറിപ്പിൽ പറയുന്നുണ്ട്.
വെള്ളിയാഴ്ച വൈകീട്ടാണ് കന്യാകുമാരിയിലെ കുലശേഖരത്തുള്ള ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഹോസ്റ്റലിൽ തൂത്തുക്കുടി സ്വദേശിയായ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം വർഷ പിജി വിദ്യാർത്ഥിയായ 27 കാരിയാണ് ഹോസ്റ്റൽ മുറിയിൽ മരുന്ന് കുത്തിവച്ച് മരിച്ചത്.
പെൺകുട്ടിയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത കുറിപ്പിൽ മൂന്ന് അധ്യാപകർക്കെതിരെ ഗുരുതര പരാതി ഉന്നയിച്ചിരുന്നു. ഡോ. പരമശിവം, ഡോ. ഹരീഷ്, ഡോ. പ്രീതി എന്നിവർ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ഡോ. പരമശിവം ലൈംഗികമായി ഉപദ്രവിച്ചിരുന്നതായും പരാതിയിലുണ്ട്.
മൂന്ന് ദിവസത്തിനിടെ രണ്ട് പേര്‍ കൂടി... കുട്ടികളുടെ ജീവനെടുത്ത് എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററുകള്‍
കുറിപ്പ് സമൂഹ മാധ്യമങ്ങളിലും തമിഴ് മാധ്യമങ്ങളിലും ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഈ മൂന്ന് അധ്യാപകർക്കെതിരെ കുലശേഖരം പൊലീസ് കേസെടുത്തത്. പെൺകുട്ടിയുടെ അച്ഛൻ നൽകിയ പരാതിയിലാണ് കേസ്. അന്വേഷണത്തിന് ശേഷം തുടർ നടപടികളിലേക്ക് കടക്കുമെന്ന് കന്യാകുമാരി എസ്പി അറിയിച്ചു. നിരവധി മലയാളി വിദ്യാർത്ഥികൾ ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പഠിക്കുന്നുണ്ട്. വിഷയത്തിൽ പ്രതികരിക്കാൻ കോളജ് അധികൃതർ തയ്യാറായില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)