ഥാറിൽ വീട്ടുമുറ്റത്തേക്ക് ഇരച്ചത്തി 'ഗബ്ബർ സിംഗ്', പട്ടാപ്പകൽ ബന്ധുക്കളെ വെടിവച്ച് വീഴ്ത്തി മുങ്ങി, തെരച്ചിൽ
താജ് ഖാൻ വെടിയേറ്റ് വീഴുന്നത് കണ്ട് വീടിന് പുറത്തേക്ക് എത്തിയ 17കാരനേയും സംഘം വെടിവച്ച് വീഴ്ത്തുകയായിരുന്നു. മേഖലയിൽ ഗബ്ബർ സിംഗ് എന്ന പേരിലാണ് ഈ മേഖലയിൽ അറിയപ്പെടുന്നത്.
ലക്നൌ: വസ്തു തർക്കത്തേച്ചൊല്ലിയുള്ള വാക്കേറ്റം അവസാനിച്ചത് പട്ടാപ്പകലുള്ള അരും കൊലയിൽ. ഉത്തർപ്രദേശിലെ ലക്നൌവ്വിലാണ് വസ്തു തർക്കം സ്ത്രീ അടക്കം മൂന്ന് പേരുടെ ജീവനെടുത്തത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. മലിഹാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അരുംകൊല നടന്നത്. പട്ടാപ്പകൽ സ്വന്തം വീട്ടുമുറ്റത്ത് വച്ചാണ് യുവതിയും 17 വയസ് പ്രായമുള്ള മകനും അടക്കം മൂന്ന് പേർ കൊല്ലപ്പെട്ടത്. വീട്ടിലെ അഞ്ച് പേർക്കാണ് വെടിവയ്പിൽ പരിക്കേറ്റത്.
55 കാരനായ താജ് ഖാൻ, 40 കാരിയായ ഫർഹീൻ, 17 കാരനായ ഫരീദ് എന്നിവരാണ് കൊല്ലപ്പെട്ടത്. വീട്ടിലെ മറ്റ് രണ്ട് അംഗങ്ങളെ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. വസ്തു തർക്കത്തേച്ചൊല്ലി ബന്ധുക്കളായ ഇരുവിഭാഗങ്ങൾ തമ്മിൽ നില നിന്നിരുന്ന തർക്കമാണ് കൊലപാതകത്തിലെത്തിച്ചത്. ലല്ലൻ എന്നയാളുമായാണ് താജ് ഖാന് വസ്തു തർക്കമുണ്ടായിരുന്നത്. വെള്ളിയാഴ്ച ഥാർ ജീപ്പിൽ തോക്കുമായി എത്തിയ ലല്ലനും സംഘവും താജ് ഖാൻറെ വീട്ടിലെത്തി ബഹളമുണ്ടാക്കി. വാക്കേറ്റത്തിനിടെ താജ് ഖാനെ ലല്ലൻ വെടിവച്ച് വീഴ്ത്തുകയായിരുന്നു.
താജ് ഖാൻ വെടിയേറ്റ് വീഴുന്നത് കണ്ട് വീടിന് പുറത്തേക്ക് എത്തിയ 17കാരനേയും സംഘം വെടിവച്ച് വീഴ്ത്തുകയായിരുന്നു. മേഖലയിൽ ഗബ്ബർ സിംഗ് എന്ന പേരിലാണ് ഈ മേഖലയിൽ അറിയപ്പെടുന്നത്. 1970-80 കാലങ്ങളിൽ കുതിരയോട്ടക്കാരനായിരുന്ന ലല്ലൻ ലക്നൌവ്വിലെ തന്നെ കുപ്രസിദ്ധ ക്രിമിനിലാണ്. കൊലപാതകം അടക്കം നിരവധി കേസുകളാണ് ലല്ലനെതിരെയുള്ളതെന്നാണ് പൊലീസ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. 70കാരനായ ലല്ലനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം