'സുഹൃത്ത് സഹായി, ചുറ്റിക വെച്ച് അടിച്ച് ഭർത്താവിനെ കൊന്നു, മകൻ സാക്ഷി'; ബ്രിട്ടീഷ് വംശജയ്ക്ക് യുപിയിൽ വധശിക്ഷ
രാത്രി മക്കളായ അർജുൻ, ആര്യൻ എന്നിവർക്കൊപ്പം ഉറങ്ങുകയായിരുന്ന സുഖ്ജീത് സിംഗിനെ രമൺദീപ് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു, ഇതിനിടെ കൂടെയുണ്ടായിരുന്ന ഗുർപ്രീത് ചുറ്റിക കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കാൺപൂർ: പ്രവാസിയായ ഭർത്താവിനെ സുഹൃത്തിന്‍റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസിൽ ബ്രിട്ടീഷ് വംശജയ്ക്ക് വധശിക്ഷ വിധിച്ച് യുപിയിലെ കോടതി. ബ്രിട്ടീഷ്- സിഖ് വംശജയായ രമൺദീപ് കൗറിനെയാണ് ഷാജഹാൻപൂരിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. നേരത്തെ കേസിലെ രണ്ടാം പ്രതിയും രമൺദീപ് കൗറിന്‍റെ സുഹൃത്തുമായ ഗുർപ്രീതിന് കോടതി ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഏഴ് വർഷം മുമ്പാണ് രമൺദീപ് മക്കളോടൊപ്പം ഉറങ്ങിക്കിടക്കുന്ന ഭർത്താവ് സുഖ്ജീത് സിംഗിനെ (34 കൊലപ്പെടുത്തിയത്.
സുഖ്ജീത്തും ഭാര്യയും മക്കളായ അർജുനും ആര്യനും 2016 ഓഗസ്റ്റിൽ ആണ് ഷാജഹാൻപൂരിലെ വീട്ടിലെത്തിയത്. 2016 സെപ്റ്റംബർ രണ്ടിനാണ് എൻആർഐയും പഞ്ചാവ് സ്വദേശിയുമായ സുഖ്ജീത്തിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഇന്ത്യയിലെ സ്വത്തെല്ലാം വിറ്റ് ഇംഗ്ലണ്ടിലേക്ക് സ്ഥിരതാമസമാക്കാൻ തീരുമാനിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്. രാത്രി മക്കളായ അർജുൻ, ആര്യൻ എന്നിവർക്കൊപ്പം ഉറങ്ങുകയായിരുന്ന സുഖ്ജീത് സിംഗിനെ രമൺദീപ് തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ഇതിനിടെ കൂടെയുണ്ടായിരുന്ന ഗുർപ്രീത് ചുറ്റിക കൊണ്ട് തലയിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പിന്നീട് ഗുർപ്രീത് നൽകിയ കത്തികൊണ്ട് യുവതി ഭർത്താവിന്‍റെ കഴുത്തറുക്കുകയും ചെയ്തു. പൊലീസ് അന്വേഷണത്തിൽ മക്കളുടെ മൊഴി പ്രകാരം പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 'അമ്മ അച്ഛനെ തലയിണ കൊണ്ട് മർദിച്ചെന്നും തുടർന്ന് ഗുർപ്രീത് ചുറ്റിക കൊണ്ട് തലയിൽ അടിച്ചെന്നും' മക്കളിലൊരാളായ അർജുൻ കോടതിയിൽ സാക്ഷി പറഞ്ഞിരുന്നു. അമ്മ കത്തികൊണ്ട് അച്ഛന്‍റെ കഴുത്ത് അറുക്കുന്നതെന്ന് കണ്ടെന്നും മകൻ മൊഴി നൽകി. അതേസമയം ഭർത്താവിന്‍റെ കുടുംബം തന്നെ പ്രതിയാക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു രമൺദീപ് കൌറിന്‍റെ പ്രതികരണം.
Read More : പ്രായപൂർത്തിയാകാത്ത മകളെ 3 വർഷത്തോളം പീഡിപ്പിച്ചു, ഗർഭിണിയാക്കി; പിതാവിനെ തൂക്കാൻ വിധിച്ച് കോടതി