അമിതഭാരം കയറ്റിയെത്തിയ പിക്കപ്പ് വാൻ മറിഞ്ഞു, വീടിന് അടുത്ത് നിന്ന 68കാരന് ദാരുണാന്ത്യം

വീടിന് സമീപത്ത് റോഡരികില്‍ നില്‍ക്കുകയായിരുന്ന 68കാരനാണ് പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടത്

68 year old man killed as over loaded vehicle lost control and met accident etj

കോഴിക്കോട്: അമിത ഭാരം കയറ്റിവന്ന പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ടുണ്ടായ അപകടത്തില്‍ വയോധികന് ദാരുണാന്ത്യം. കാരശ്ശേരി മരഞ്ചാട്ടി മര്‍ക്കസ് ഓര്‍ഫനേജിന് സമീപം ഇന്നലെയുണ്ടായ അപകടത്തിൽ റോഡരികില്‍ നില്‍ക്കുകയായിരുന്ന കാക്കീരി മോയ്ദീന്‍(68) ആണ് ദാരുണമായി മരിച്ചത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്തുവച്ചു തന്നെയാണ് അപകടം നടന്നത്. മേഖലയിൽ സമാനമായ രീതിയിൽ മാസങ്ങൾക്കിടെ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ഇന്നലെ അപകടം നടന്ന പ്രദേശത്തിന് അടുത്തുതന്നെയുള്ള മാങ്കയം എന്ന സ്ഥലത്തും മാസങ്ങള്‍ക്ക് മുന്‍പ് സമാനമായ രീതിയല്‍ അമിതമായി മരത്തടി കയറ്റി വന്ന പിക്കപ്പ് വാന്‍ റോഡരികില്‍ നില്‍ക്കുകയായിരുന്നവര്‍ക്ക് നേരേ ഇടിച്ചുകയറി മാത്യു എന്നയാള്‍ മരിച്ചിരുന്നു. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ചെറിയ വാഹനത്തില്‍ ലാഭക്കൊതി മൂത്ത് ശേഷിയിലും ഇരട്ടി ഭാരമാണ് കയറ്റുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്. ടിപ്പര്‍ ഉള്‍പ്പെടെയുള്ള ചരക്ക് വാഹനങ്ങള്‍ കൃത്യമായി പരിശോധിച്ച് നിയമലംഘനം കണ്ടെത്തുന്ന അധികൃതര്‍ എന്നാല്‍ ഇത്തരം ചെറുവാഹനങ്ങളിലെ ചട്ടലംഘനത്തിനെതിരെ നടപടി സ്വീകരിക്കാത്തതാണ് അപകട മരണങ്ങള്‍ തുടര്‍ക്കഥയാക്കുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. 

ഇന്നലെ അപകടമുണ്ടാക്കിയ വാഹനം നാല് ടയറുകളുള്ള പിക്കപ്പ് വാനാണ്. മാങ്കയത്ത് അപകടമുണ്ടായതും ഇതുപോലുള്ള വാഹനം തന്നെയായിരുന്നു. ബോഡിയുടെ വലിപ്പത്തേക്കാള്‍ ഏറെ ലോഡാണ് ഇതില്‍ കയറ്റുന്നത്. വളവുകളും ഇറക്കങ്ങളും ഏറെയുള്ള ഈ റൂട്ടില്‍ ഡ്രൈവര്‍ക്ക് ചെറിയ അശ്രദ്ധയുണ്ടായാല്‍ പോലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടും. അമിത ലാഭം മാത്രം ലക്ഷ്യംവച്ചാണ് വലിയ വാഹനങ്ങളില്‍ കയറ്റുന്നയത്ര ലോഡ് ഇത്തരം ചെറിയ വാഹനങ്ങളില്‍ കയറ്റുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഈ വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്നും നാട്ടുകാര്‍ പറയുന്നു. 

ഇന്നലെ വൈകീട്ട് 4.30ഓടെയാണ് മരഞ്ചാട്ടിയില്‍ അപകടമുണ്ടായത്. കക്കാടംപൊയിലില്‍ നിന്ന് റബ്ബര്‍ കയറ്റി വന്ന വാഹമാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ മാത്രമാണ് പിക്കപ്പ് വാനിലുണ്ടായിരുന്നത്.  ഇയാള്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിക്കുന്ന മൊയ്ദീന്റെ മൃതദേഹം ഉച്ചകഴിഞ്ഞ് മരഞ്ചാട്ടി ജുമാമസ്ജിദില്‍ ഖബറടക്കും. ഭാര്യ: ആമിന. മക്കള്‍: മുഹമ്മദാലി, ജമീല, നസിയ, ഫൗസിയ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios