ക്ഷേത്രത്തിൽ നിന്നും 150 വർഷം പഴക്കമുള്ള വിഗ്രവും കിരീടങ്ങളും കവർന്നു; 'മുകളിലൊരാൾ' എല്ലാം കണ്ടു, പിടി വീണു

സെപ്തംബർ 11 ന് രാത്രിയാണ് ക്ഷേത്രത്തിൽ നിന്നും വിഗ്രഹവും കിരീടവും മോഷണം പോകുന്നത്. രാവിലെ പൂജാരി പ്രഭാത പൂജയ്ക്കെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.

150 Year-Old Idol Stolen From Jharkhand Temple Recovered main Accused Arrested from delhi vkv

പലാമു: ജാർഖണ്ഡിൽ ക്ഷേത്രത്തിൽ നിന്നും 150 വർഷം പഴക്കമുള്ള വിഗ്രവും കിരീടങ്ങളും കവർച്ച നടത്തിയ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പലാമു ജില്ലയിലെ മേദിനിനഗറിൽ കോയൽ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ക്ഷേത്രത്തിൽ നിന്നാണ് അമൂല്യമായ വിഗ്രഹവും വെള്ളി കിരീടങ്ങളും മോഷണം പോയത്. സെപ്തംബർ 11 ന് ആണ് മോഷണം നടന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരവേ കഴിഞ്ഞ  ഞായറാഴ്ച ദില്ലിയിൽ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, മുഖ്യപ്രതി ദിൽകാഷ് റോഷനെയാണ്(30)  ദില്ലിയിലെ ഗോവിന്ദ്പുരിയിൽ നിന്ന് ദില്ലി പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ അറസ്റ്റ് ചെയ്തതതെന്ന് ജാർഖണ്ഡ് പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്ത പൊലീസ് തിങ്കളാഴ്ച ഗാർവ ജില്ലയിൽ നിന്നും വിഗ്രഹവും പ്രദേശത്തെ ഒരു ജ്വല്ലറിയിൽ നിന്ന് മോഷണം പോയ കിരീടങ്ങളും കണ്ടെടുത്തു. ഗാർവയിലെ  ഡെന്‍റൽ കോളേജിന്റെ പ്രധാന ഗേറ്റിന് സമീപം കുഴിച്ചിട്ടിരിക്കുകയായിരുന്നു വിഗ്രഹം. ദിൽകാഷ് റോഷനും സുഹൃത്ത് സൊഹൈലും ചേർന്നാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

മോഷണത്തിന്‍റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതാണ് പൊലീസിന് സഹായകരമായത്. സെപ്തംബർ 11 ന് രാത്രിയാണ് ക്ഷേത്രത്തിൽ നിന്നും വിഗ്രഹവും കിരീടവും മോഷണം പോകുന്നത്. രാവിലെ പൂജാരി പ്രഭാത പൂജയ്ക്കെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന്  പൂജാരി സുനിൽകുമാർ ചൗബെ പൊലീസിൽ  വിവരമറിയിക്കുകയായിരുന്നു. പൂജാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് സിസിടിവി പരിശോധിച്ചപ്പോള്‍ മോഷ്ടാക്കളെ തിരിച്ചറിഞ്ഞു.

സുഹൈലിനൊപ്പം ബൈക്കിലെത്തിയ റോഷനാണ് ക്ഷേത്രത്തിൽ മോഷണം നടത്തിയതെന്ന് പൊലീസ് കണ്ടെത്തി. ക്ഷേത്രത്തിനകത്ത് കടന്ന മോഷ്ടാവ് അമ്പലത്തിന്‍റെ പൂട്ട് തകർത്ത് വിഗ്രഹവും വെള്ളി കിരീടങ്ങളും കൈക്കലാക്കുകയായിരുന്നു. തുടർന്ന് പുറത്തെത്തി സൊഹൈലിനൊപ്പം ബൈക്കിൽ രക്ഷപ്പെട്ടു. ഈ ദൃശ്യങ്ങളെല്ലാം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടിച്ച കിരീടങ്ങള്‍ പ്രതികള്‍ ഒരു ജ്വല്ലറിയിൽ വിറ്റിരുന്നു. രണ്ടാഴ്ച മുമ്പ് ഇവിടെ നിന്നും പൊലീസ് കിരീടങ്ങള്‍ പിടിച്ചെടുത്തു. മോഷണമുതൽ വാങ്ങിയ  ജ്വല്ലറി വ്യാപാരി ഉപേന്ദ്രകുമാർ സേത്തിനെയും ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ റോഷന്‍റെ സുഹൃത്തായ സൊഹൈലിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കേസിലെ മുഖ്യപ്രതി  ദിൽകാഷ് റോഷനെ പൊലീസ് പിടികൂടുന്നത്. 

Read More : നുഴഞ്ഞുകയറി, കാറിൽ കുതിച്ചെത്തി ഹമാസ് സംഘം, ബൈക്കിൽ പിന്തുടർന്ന് വെടിവെച്ച് കൊന്ന് ഇസ്രയേൽ പൊലീസ്- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios