പ്രണയം തകർന്നതിന് പിന്നാലെ സ്കൂളിൽ തോക്കുമായെത്തി അതിക്രമം, 15 കാരൻ തടവ് ശിക്ഷയുമായി ഓസ്ട്രേലിയ
15കാരൻ വിഷാദരോഗിയാണെന്നത് ഓട്ടിസം രോഗിയാണെന്നതും അടക്കമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് ശിക്ഷ 3 വർഷമായി ചുരുക്കിയത്
പെർത്ത്: സ്കൂളിൽ റൈഫിളുകളുമായെത്തി വെടിയുതിർത്ത 15കാരന് തടവ് ശിക്ഷയുമായി ഓസ്ട്രേലിയ. രാജ്യത്തെ വിദ്യാലയങ്ങളിൽ നടക്കുന്ന ആദ്യത്തെ വെടിവയ്പ് സംഭവമായിരുന്നു മെയ് മാസത്തിലെ വെടിവയ്പ്. ഇരു കൈകളിലും റൈഫിളുമായെത്തിയ 15കാരൻ മൂന്ന് ഷോട്ടുകളാണ് സ്കൂളിനുള്ളിൽ ഉതിർത്തത്. അറ്റ്ലാന്റിസ് ബീച്ച് ബാപ്റ്റിസ്റ്റ് കോളേജിലായിരുന്നു വെടിവയ്പ് നടന്നത്. സ്കൂളിൽ 15 കാരൻ റൈഫിളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പിന്നാലെ അലമാരകൾക്കുള്ളിലും ഡെസ്കിനും അടിയുലുമടക്കം ഒളിച്ചിരുന്നാണ് അധ്യാപകരും കുട്ടികളും വെടിവയ്പിൽ നിന്ന് രക്ഷപ്പെട്ടത്.
വെടിവയ്പ് രൂക്ഷമാവുന്നതിന് മുൻപ് 15കാരൻ അറസ്റ്റിലായിരുന്നു. മൂന്ന് വർഷത്തെ തടവ് ശിക്ഷയാണ് 15കാരൻ കോടതി വിധിച്ചത്. ജുവനൈൽ തടവ് കേന്ദ്രത്തിലേക്കാണ് 15കാരനെ അയയ്ക്കുക. അമേരിക്കയിലെ സ്കൂളുകളിൽ വെടിവയ്പുണ്ടാവുന്നത് പതിവ് കാഴ്ചയാവുന്ന സാഹചര്യമുണ്ടെങ്കിലും ഓസ്ട്രേലിയയിൽ മെയ് മാസത്തിലാണ് ഇത്തരമൊരു സംഭവം ആദ്യമായി ഉണ്ടാവുന്നത്. 15കാരൻ വിഷാദരോഗിയാണെന്നത് ഓട്ടിസം രോഗിയാണെന്നതും അടക്കമുള്ള പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്താണ് ശിക്ഷ 3 വർഷമായി ചുരുക്കിയത്.
ഏറെക്കാലമായുള്ള പ്രണയം തകർന്നതാണ് വെടിവയ്പിലേക്കുള്ള പ്രകോപനമെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെടിയുതിർത്തതിന് പിന്നാലെ 15കാരൻ തന്നെയാണ് പൊലീസിനെ വിളിച്ചത്. പിതാവിന്റെ തോക്കുകളായിരുന്നു വെടിവയ്പിനായി 15കാരൻ ഉപയോഗിച്ചത്. 15കാരൻറെ ഇന്റർ നെറ്റ് സെർച്ച് ഹിസ്റ്ററി അടക്കമുള്ളവ കോടതി വിദ്യാർത്ഥിക്കെതിരായ സമീപനം സ്വീകരിക്കാൻ കാരണമായിരുന്നു. ശിക്ഷ ലഭിക്കുന്ന പ്രായയും, സ്കൂളിലെ വെടിവയ്പ് സംഭവങ്ങളും അടക്കമുള്ള കാര്യങ്ങളേക്കുറിച്ച് സംഭവത്തിന് 18 ദിവസത്തിന് മുൻപ് ഇന്റർനെറ്റിൽ തിരഞ്ഞ ശേഷമാണ് 15കാരൻ റൈഫിളുമായി സ്കൂളിലെത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം