ക്രിക്കറ്റിനൊപ്പം പ്രണയവും; പാക് താരം താഹിര്‍ ദക്ഷിണാഫ്രിക്കയിലെത്തിയ കഥ

പാകിസ്ഥാനിലെ ലാഹോറിലാണ് ഇമ്രാൻ ജനിച്ചത്. ചെറുപ്പകാലം മുതൽ ക്രിക്കറ്റിനോടുള്ള താൽപര്യം പാകിസ്ഥാന്‍റെ അണ്ടർ 19 ടീമിലുമെത്തിച്ചു. 1998ൽ അണ്ടർ 19 ലോകകപ്പ് നടന്നത് ദക്ഷിണാഫ്രിക്കയിൽ. അന്ന് കണ്ണിലുടക്കി സുമയ്യ ദിൽദാർ എന്ന യുവതി

love story of imran tahir

ലണ്ടന്‍: പാകിസ്ഥാനെതിരെ ദക്ഷിണാഫ്രിക്ക ഇറങ്ങുന്പോൾ ശ്രദ്ധാകേന്ദ്രമാവുകയാണ് ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ. പാകിസ്ഥാന്‍റെ മുൻ താരമായിരുന്ന താഹിർ ദക്ഷിണാഫ്രിക്കക്കാരനായതിന് പിന്നിൽ ഒരു പ്രണയകഥയുണ്ട്. ഇന്ന് ദക്ഷിണാഫ്രിക്കൻ നിരയിൽ ഒഴിച്ചുകൂടാനാകാത്ത താരമാണ് നാല്‍പ്പതുകാരനായ ഇമ്രാൻ താഹിർ.

പാകിസ്ഥാനിലെ ലാഹോറിലാണ് ഇമ്രാൻ ജനിച്ചത്. ചെറുപ്പകാലം മുതൽ ക്രിക്കറ്റിനോടുള്ള താൽപര്യം പാകിസ്ഥാന്‍റെ അണ്ടർ 19 ടീമിലുമെത്തിച്ചു. 1998ൽ അണ്ടർ 19 ലോകകപ്പ് നടന്നത് ദക്ഷിണാഫ്രിക്കയിൽ. അന്ന് കണ്ണിലുടക്കി സുമയ്യ ദിൽദാർ എന്ന യുവതി. പക്ഷേ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും എ ടീമിലും ഒതുങ്ങി താഹിറിന്‍റെ പാകിസ്ഥാനിലെ ക്രിക്കറ്റ് ജീവിതം.

ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചെങ്കിലും ഒന്നുമായില്ല. നിരാശനായ താഹിറിനെ 2005ൽ സുമയ്യ ദക്ഷിണാഫ്രിക്കയിലേക്ക് ക്ഷണിച്ചു. പിന്നെ ലോകം കണ്ടത് മറ്റൊരു താഹിറിനെ. ദക്ഷിണാഫ്രിക്കയിൽ നാല് വർഷം പൂർത്തിയാക്കിയപ്പോൾ 2009ൽ പൗരത്വവും ക്രിക്കറ്റ് ജീവിതവും നൽകി പ്രോട്ടീസ് പാകിസ്ഥാന്‍റെ മുത്തിനെ ദത്തെടുത്തു.

ഇതിനിടയിൽ 2007ൽ താഹിർ വഴികാട്ടിയായ സുമയ്യയെ ജീവിതത്തിലേക്കും ക്ഷണിച്ചു. പിന്നീട് ദക്ഷിണാഫ്രിക്കൻ ജേഴ്സിയിൽ താഹിറിന്റെ ഗൂഗ്ലികൾ എതിരാളികളെ വട്ടം കറക്കി. പ്രോട്ടീസിനായി ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് നേടുന്ന താരവും ഒരു ഏകദിന മത്സരത്തിൽ ആദ്യമായി  ഏഴ് വിക്കറ്റ് നേടിയ താരവും താഹിറാണ്.

ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ സ്പിന്നറും താഹിർ തന്നെ. ട്വന്‍റി 20യിലും ഏറ്റുവുമധികം വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിറാണ്. ഈ ലോകകപ്പോടെ വിരമിക്കുമെന്ന് നേരത്തെ താരം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ഐപിഎല്ലിലും ഏറ്റവുമധികം വിക്കറ്റെടുത്ത താഹിർ ദക്ഷിണാഫ്രിക്കയുടെ മോശം പ്രകടനങ്ങള്‍ക്കിടയിലും ലോകകപ്പിൽ എതിരാളികൾക്ക് പേടിസ്വപ്നമാണ്.  

Latest Videos
Follow Us:
Download App:
  • android
  • ios