Ajinkya Rahane: ആ തീരുമാനം ശാസ്ത്രിയുടേതെന്ന് അശ്വിന്‍; രഹാനെയുടെ വാദം കള്ളമോ? അശ്വിന്റെ വീഡിയോ വൈറല്‍
ഓസ്‌ട്രേലിയന്‍ പര്യടനത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അഡ്ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 36 റണ്‍സിന് ഓള്‍ ഔട്ടായി നാണക്കേടിന്റെ പടുകുഴിയില്‍ വീണിട്ടും രഹാനെയുടെ കീഴിലുള്ള ടീം 2-1ന് പരമ്പര നേടി.
മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് താരം അജിന്‍ക്യ രഹാനെ (Ajinkya Rahane) നടത്തിയ വിവാദ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഓസ്‌ട്രേലിയന്‍ പര്യടനത്തെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്. അഡ്ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 36 റണ്‍സിന് ഓള്‍ ഔട്ടായി നാണക്കേടിന്റെ പടുകുഴിയില്‍ വീണിട്ടും രഹാനെയുടെ കീഴിലുള്ള ടീം 2-1ന് പരമ്പര നേടി. സ്ഥിരം നായകന്‍ വിരാട് കോലി (Virat Kohli) ആദ്യ ടെസ്റ്റിനുശേഷം ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു.
അവസാന ടെസ്റ്റാവുമ്പോഴേക്കും പരിക്കുമൂലം 11 പേരെ തികക്കാന്‍ പോലും പാടുപെട്ടു. ഇന്ത്യയുടെ പരമ്പര വിജയം മഹത്തായ ഒന്ന് വാഴ്ത്തപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രഹാനെ നടത്തിയ പരമാര്‍ശം ചര്‍ച്ചയായി. ക്യാപ്റ്റനെന്ന നിലയില്‍ അന്നെടുത്ത പല തീരുമാനങ്ങളുടേയും ക്രഡിറ്റ് മറ്റു ചിലര്‍ തട്ടിയെടുത്തുവെന്നായിരുന്നു രഹാനെയുടെ പരാമര്‍ശം. ബാക്ക് സ്റ്റേജ് വിത്ത് ബോറിയ എന്ന ടോക് ഷോയിലാണ് ഓസീസിലെ ചരിത്ര വിജയത്തെക്കുറിച്ച് രഹാനെ മനസുതുറന്നത്.
ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും പരമ്പര നേട്ടത്തിനുശേഷം മാധ്യമങ്ങളില്‍ പരമ്പര വിജയത്തിന്റെ മുഖ്യസൂത്രധാരനായി നിറഞ്ഞു നിന്നത് പരിശീലകനായിരുന്ന രവി ശാസ്ത്രി ആയിരുന്നു. അതുകൊണ്ടുതന്നെ രഹാനെയുടെ പ്രസ്താവന ശാസ്ത്രിയെ ലക്ഷ്യമാക്കിയിട്ടാണെന്നാണ് മാധ്യമങ്ങള്‍ അനുമാനിക്കുന്നത്. ഇതിനിടെ മറ്റെു വീഡിയോ വൈറലായി. അശ്വിന്‍ ശാസ്ത്രിയെ പ്രകീര്‍ത്തിക്കുന്നതാണത്. മെല്‍ബണ്‍ ടെസ്റ്റില്‍ ഒമ്പതാം ഓവറില്‍ അശ്വിനെ കൊണ്ട് പന്തെറിയിക്കാനുള്ള തീരുമാനം തന്റേതായിരുന്നുവെന്നാണ് രഹാനെ അവകാശപ്പെടുന്നത്.
എന്നാല്‍ അശ്വിന്‍ അന്ന് പറഞ്ഞത്, ശാസ്ത്രി ഡ്രസിംഗ് റൂമില്‍ വച്ച് 10-ാം ഓവറിന് മുമ്പ് പന്തെറിയുന്ന കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നാണ്. എന്തായാലും അശ്വിന്‍ പത്ത് ഓവറിന് മുമ്പ് തന്നെ പന്തെറിയാനെത്തി. 13-ാം ഓവറില്‍ അശ്വിന്‍ മാത്യൂ വെയ്ഡിനെ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ സ്റ്റീവന്‍ സ്മിത്തിനെ പൂജ്യത്തിന് പുറത്താക്കുകയും ചെയ്തു. അശ്വിനോട് മാത്രമല്ല, ഇക്കാര്യം ശാസ്ത്രി ക്യാപ്റ്റന്‍ രഹാനെയോടും സംസാരിച്ചിരുന്നെന്നും അശ്വിന്‍ വെളിപ്പെടുത്തിയിരുന്നു. എന്തായാലും ഇതിലാര് പറയുന്നതാണ് നേര് ആശയക്കുഴപ്പം ക്രിക്കറ്റ് ആരാധകരിലുണ്ട്.
രഹാനെ ക്രഡിറ്റ് തട്ടിയെടുത്തത് ആരാണെന്ന് വ്യക്തമാക്കിയിരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ടീമില്‍ നിന്ന് പുറത്താവലിന്റെ വക്കില്‍ നില്‍ക്കുന്ന രഹാനെ രഞ്ജി ട്രോഫിയില്‍ കളിച്ച് ഫോം തെളിയിക്കാനുള്ള തയാറെടുപ്പിലാണ്. രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമില്‍ രഹാനെ ഇടം നേടിയിട്ടുണ്ട്.