വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ, സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ വിന്‍ഡീസ്; പോരാട്ടം ഇന്ന്

നാലാം നമ്പറിൽ ഇന്ത്യയുടെ ആശങ്ക തുടരുകയാണ്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിന് നാലാം നമ്പറില്‍ അവസരം ഒരുങ്ങിയേക്കും

world cup cricket 2019:  india vs west indies match preview

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ അഞ്ചാം ജയത്തിനായി ഇന്ത്യ ഇന്നിറങ്ങുകയാണ്. വെസ്റ്റ് ഇൻഡീസാണ് എതിരാളികള്‍. മാഞ്ചസ്റ്ററില്‍ മൂന്ന് മണി മുതലാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ വെസ്റ്റ് ഇന്‍ഡീസിന്  നേരിയ സെമി പ്രതീക്ഷ നിലനിര്‍ത്താനാകും. 1983ല്‍ കപിലും ടീമും വെസ്റ്റ് ഇന്‍ഡീസിനെ തോൽപ്പിച്ച് ലോകചാമ്പ്യന്മാരായതിന്‍റെ 36-മത്തെ വാര്‍ഷികത്തിന് പിന്നാലെയാണ് ഇംഗ്ലണ്ടിൽ വീണ്ടും ഇന്ത്യ-വിന്‍ഡീസ് പോരാട്ടം. ഒരു കളി മാത്രം ജയിച്ച വിന്‍ഡീസ് എട്ടാമതും ഒരു കളിയും തോൽക്കാത്ത ഇന്ത്യ സെമിക്കടുത്തുമാണ്.

വിന്‍ഡീസിനെതിരെ ഇറങ്ങുമ്പോള്‍, അഫ്ഗാനിസ്ഥാനെതിരെയിറങ്ങിയ ടീമില്‍ ക്യാപ്റ്റന്‍ വിരാട് കോലി മാറ്റം വരുത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നാലാം നമ്പറിൽ ഇന്ത്യയുടെ ആശങ്ക തുടരുകയാണ്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിന് നാലാം നമ്പറില്‍ അവസരം ഒരുങ്ങിയേക്കും. പാക്കിസ്ഥാനെതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞ വിജയ് ശങ്കര്‍ അഫ്ഗാനെതിരെ ബൗള്‍ ചെയ്തിരുന്നില്ല. 

29  റണ്‍സുമായി ബാറ്റിംഗില്‍ നാലാം നമ്പറില്‍ ശരാശരി പ്രകടനം മാത്രമാണ് ശങ്കര്‍ പുറത്തെടുത്തത്. അഫ്ഗാന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ മധ്യനിരയുടെ മെല്ലെപ്പോക്ക് വിമര്‍ശനത്തിന് കാരണമായ സാഹചര്യത്തില്‍ വമ്പനടിക്കാരനായ പന്തിനെ നാലാം നമ്പറില്‍ പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഭുവനേശ്വറിന്‍റെ പരിക്ക് ഭേദമായെങ്കിലും തിടുക്കപ്പെട്ട് ടീമിൽ ഉള്‍പ്പെടുത്തുമോയെന്ന് കണ്ടറിയണം. വാലറ്റം ദുര്‍ബലമായതിനാൽ രവീന്ദ്ര ജഡേജയെ പരിഗണിച്ചേക്കും. 

ലൈഫ് ലൈന്‍ തേടിയിറങ്ങുന്ന വിന്‍ഡീസിന്‍റെ ആന്ദ്രേ റസല്‍ പിന്മാറിയ ശേഷം ടീമിന് ആദ്യമത്സരം. ഇനിയുള്ള 3 കളിയിൽ ഒരു സെഞ്ചുറിയെങ്കിലും നേടുമെന്ന് പറഞ്ഞ ഗെയ്ൽ തന്നെയാണ് ശ്രദ്ധാകേന്ദ്രം. കോട്രലിന്‍റെ ബൗളിംഗും , ഐപിഎൽ പരിചയമുള്ള ബാറ്റ്സ്മാന്മാരും ഇന്ത്യക്ക് വെല്ലുവിളിയായേക്കും. എങ്കിലും  മാഞ്ചസ്റ്ററില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ പ്രതീക്ഷിക്കുന്നില്ല.

Latest Videos
Follow Us:
Download App:
  • android
  • ios