ലോകകപ്പ് സെമിയിലേക്ക് ആരൊക്കെ; ടീമുകളുടെ സാധ്യതകളിങ്ങനെ

റൺനിരക്കും ഭാഗ്യവും കൂടി സെമി ബർത്തിന് നിർണായകമാകും. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകൾ തന്നെ നോക്കൗട്ട് സാധ്യതയിലും മുൻപിൽ.

Route to Semi for Teams

ലണ്ടന്‍: അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശ് ജയിച്ചതോടെ സെമി ബർത്ത് ഉറപ്പിക്കാനുള്ള പോരാട്ടം മുറുകി. അഫ്ഗാനിസ്ഥാനും ദക്ഷിണാഫ്രിക്കയും ഒഴികെയുള്ള ടീമുകൾക്കെല്ലാം ഇപ്പോഴും സെമി സാധ്യതയുണ്ട്. ലോകകപ്പ് തുടങ്ങിയപ്പോൾ ക്രിക്കറ്റ് ലോകം സാധ്യതകള്‍ പ്രവചിച്ച ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകൾ തന്നെ നോക്കൗട്ട് സാധ്യതയിലും മുൻപിൽ. പതിമൂന്ന് പോയിന്‍റു നേടുന്ന ടീമുകൾക്ക് റൺനിരക്കിന്‍റെ ആനുകൂല്യത്തിന് കാത്തുനിൽകാതെ സെമിയിലെത്താം. 13 എന്ന മാന്ത്രിക സംഖ്യയിലെത്താന്‍ അവസരം നാല് ടീമുകൾക്ക് മാത്രം.

Route to Semi for Teams

ഒരു ജയം അകലെയാണ് കിവികള്‍ക്ക് സെമി  ബര്‍ത്ത്. ആറ് കളികളിൽ നിന്ന് 11 പോയിന്‍റുള്ള ന്യുസീലൻഡിന്. നേരിടാനുള്ളത് പാകിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളെ. മൂന്ന് ടീമുകളും സെമി സാധ്യതയുള്ളവർ. അതുകൊണ്ട് തന്നെ പോരാട്ടം കനക്കും. 10 പോയിന്‍റുമായി രണ്ടാമതുള്ള ഓസ്‌ട്രേലിയയും നിലവിലെ ഫോമിൽ സെമിയിൽ എത്തേണ്ടതാണ്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ് ടീമുകളെയാണ് നേരിടാനുള്ളത് രണ്ടു ജയം നേടിയാൽ റൺനിരക്കിന്‍റെ ആനുകൂല്യത്തിന് കാത്തിരിക്കാതെ നോക്കൗട്ടിലെത്താം.

Route to Semi for Teams

ഒന്‍പത് പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഇനിയും നാല് അവസരങ്ങൾ ഉണ്ട്. വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവരാണ് എതിരാളികൾ. രണ്ടു ജയം നേടിയാൽ സെമി ഉറപ്പിക്കാം. നാലാം സ്ഥാനത്തിനാകും പോരാട്ടം കടുക്കുക എന്നാണ് വിലയിരുത്തൽ. മുന്നിൽ ആതിഥേയർ ഇംഗ്ലണ്ട് തന്നെ. ആറ് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുള്ള ഇംഗ്ലീഷുകാരുടെ ഭാവിയാത്ര ശുഭകരമല്ല. ഇനി നേരിടാനുള്ള മൂന്ന് ടീമുകളും പോയിന്റ് ടേബിളില്‍ തങ്ങള്‍ക്ക് മുകളിലുള്ളവർ. ഒന്ന് പിഴച്ചാൽ പോലും മറ്റു ടീമുകളുടെ മത്സരഫലത്തിന് കാത്തിരിക്കണം.

Route to Semi for Teams

ആറു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുള്ള ശ്രീലങ്കയും പ്രതീക്ഷയിൽ. ദക്ഷിണാഫ്രിക്ക, ഇന്ത്യ, വിന്‍ഡീസ് എന്നിവരെ നേരിടാനുള്ള ലങ്കക്കാര്‍ക്ക് മൂന്നിലും ജയിച്ചാൽ നാലാം സ്ഥാനം മോഹിക്കാം. ഏഴ് മത്സരങ്ങളിൽ നിന്ന് അത്രയും പോയിന്റുള്ള ബംഗ്ലാ കടുവകളും, ടൂർണമെന്‍റിൽ നിന്ന് പുറത്തുപോയിട്ടില്ല. അയൽക്കാരായ ഇന്ത്യയേയും പാകിസ്ഥാനേയും വീഴ്ത്തിയാല്‍ ബംഗ്ലാദേശിന് 11 പോയിന്‍റാകും. മറ്റു മത്സര ഫലങ്ങളെകൂടി ആശ്രിയിച്ചാകും സെമി പ്രവേശം എന്ന് മാത്രം.

Route to Semi for Teams

1992 ലോകകപ്പിന്‍റെ തനിയാവർത്തനമാണ് പാകിസ്ഥാന്‍റെ കരുത്ത്. ഇപ്പോൾ ആറ് കളികളിൽ നിന്ന് അഞ്ച് പോയിന്‍റ്. ഇനി നേരിടാനുള്ളത് ന്യൂസിലൻഡ്, അഫ്ഗാൻ, ബംഗ്ലാദേശ് ടീമുകളെ. നിലവിലെ ഫോമിൽ ന്യൂസിലന്‍ഡിനെ മറികടക്കുക അത്ര എളുപ്പവുമല്ല. എല്ലാം ജയിച്ചാൽ പതിനൊന്ന് പോയിന്‍റ്. കരീബിയൻ കരുത്തും അസമാന്യം ഭാഗ്യവും ഒത്തുചേർന്നാൽ വിൻഡീസിനും സെമി കടക്കാം. ഇനിയുള്ള മത്സരങ്ങളിൽ, ഇന്ത്യ, ശ്രീലങ്ക, അഫ്ഗാൻ ടീമുകളെ തോൽപ്പിക്കണം. ഇംഗ്ലണ്ട് എല്ലാ മത്സരവും തോൽക്കുകയും വേണം. പാതിദൂരത്തിലധികം പിന്നിട്ട ലോകകപ്പിൽ റൺനിരക്കും ഭാഗ്യവും കൂടി സെമി ബർത്തിന് നിർണായകമാകും എന്ന് ചുരുക്കും.
 

Latest Videos
Follow Us:
Download App:
  • android
  • ios